മുത്വലാഖ് ബില്ലെന്ന ട്രോജന്‍ കുതിര
ഗ്രീക്ക് ഇതിഹാസമായ ഒഡിസ്സിയിലാണ് ട്രോജന്‍ കുതിരയുടെ കഥ പറയുന്നത്. പത്തു ദിവസത്തെ ഫലശൂന്യമായ ഉപരോധത്തിനു ശേഷം ട്രോയ് നഗരത്തിലേക്ക് കടന്നുകയറാന്‍ വേണ്ടി ഗ്രീക്കുകാര്‍ കണ്ടെത്തിയ തന്ത്രമായിരുന്നു അത്. ഒരു മരക്കുതിരയെ നിര്‍മിച്ച് അതിനകത്ത് സൈനികരെ ഒളിപ്പിച്ചുവച്ച ശേഷം സൈനിക പിന്മാറ്റം നടത്തി. ട്രോയ് സൈന്യം മരക്കുതിരയെ അവരുടെ കോട്ടയിലേക്കു കൊണ്ടുപോയി. ഇങ്ങനെ ഒളിച്ചുകടന്ന ഗ്രീക്ക് സൈനികര്‍ ട്രോയ് നഗരം തകര്‍ത്തു. ഇതേ രീതിയില്‍ മുസ്‌ലിം വ്യക്തിനിയമമെന്ന ട്രോയ് ദുര്‍ഗത്തിലേക്കു കടന്നുകയറാന്‍ അതിന്റെ ശത്രുക്കള്‍ക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഷെയറാബാനു ഃ യൂണിയന്‍ ഓഫ് ഇന്ത്യ കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ലോക്‌സഭയില്‍ കേന്ദ്ര ഗവണ്മെന്റ് അവതരിപ്പിച്ചു പാസാക്കിയ മുസ്‌ലിം വുമണ്‍ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ മാര്യേജ് ) ബില്‍ 2017 ഇത്തരത്തില്‍ മുസ്‌ലിം വ്യക്തിനിയമത്തിലേക്കു ഗൂഢമായി കടന്നുകയറാനുള്ള ഒരു ട്രോജന്‍ കുതിരയായേ കാണാനാവൂ.
ഷെയറാ ബാനു X യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറും ജസ്റ്റിസ് അബ്ദുല്‍ നസീറും എഴുതിയ വിധിന്യായത്തില്‍ വ്യക്തിനിയമം അനുസരിച്ചു ജീവിക്കാനുമുള്ള അവകാശം ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരം മതവിശ്വാസത്തിനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കിയിരുന്നു. തലാഖുല്‍ ബിദ അഥവാ മുത്വലാഖ് മാത്രമല്ല എല്ലാ രീതിയിലുള്ള ത്വലാഖും ഭരണഘടനാ വിരുദ്ധമാണെന്നു പ്രഖ്യാപിക്കണമെന്ന അറ്റോര്‍ണി ജനറലിന്റെ (കേന്ദ്ര ഗവണ്മെന്റിന്റെ) വാദം തള്ളുകയും ചെയ്തിരുന്നു. യുക്തിവാദത്തിന്റെ അടിസ്ഥാനത്തില്‍ മതത്തിന്റെയും വ്യക്തിനിയമത്തിന്റെയും തത്ത്വങ്ങളെ പരിശോധനാവിധേയമാക്കാന്‍ കോടതിക്കാവില്ല എന്നും ജസ്റ്റിസ് ഖെഹാറും അബ്ദുല്‍ നസീറും വിധിന്യായത്തില്‍ പ്രസ്താവിച്ചു.''വിശ്വാസികള്‍ വ്യക്തിനിയമത്തെ എങ്ങനെ ദര്‍ശിക്കുന്നു എന്നതാണ് പ്രസക്തമായ കാര്യം; അല്ലാതെ യുക്തിവാദികള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതല്ല. അനുച്ഛേദം 25 പ്രകാരം ഭരണഘടനാകോടതികളുടെ ധര്‍മം വ്യക്തിനിയമത്തെ സംരക്ഷിക്കുക എന്നതാണ്; അതില്‍ തെറ്റു കണ്ടുപിടിക്കുക എന്നതല്ല.'' കോടതി ഇക്കാര്യം സുതരാം വ്യക്തമാക്കിയിട്ടുണ്ട് (വിധിന്യായത്തിലെ 196 മത് ഖണ്ഡിക നോക്കുക). മുത്വലാഖ് സംബന്ധിച്ച് ഒരു നിയമനിര്‍മാണം നടത്താനാണ് സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നത് . എന്നാല്‍, പുതിയ ബില്ലിലെ വകുപ്പ് 3 ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയിലാണ് ഡ്രാഫ്റ്റ് ചെയ്തിരിക്കുന്നത്. ഇതു ഭാവിയില്‍ തെറ്റായ രീതിയില്‍ വ്യഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ട്.
ഷെയറാ ബാനുX യൂണിയന്‍ ഓഫ് ഇന്ത്യ കേസിലെ തന്റെ വിധിന്യായത്തില്‍ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ മുസ്‌ലിം വ്യക്തിനിയമമനുസരിച്ചു വിവാഹം ഒരു സിവില്‍ കരാറാണ് എന്ന തത്ത്വം അടിവരയിട്ടു പറഞ്ഞിരുന്നു. കരാര്‍ സിദ്ധാന്തത്തെ അസാധുവാക്കുന്നതാണ് പുതിയ ബില്‍. കരാറിലെ രണ്ടു പാര്‍ട്ടികള്‍ക്കും അവരുടെ വ്യവസ്ഥകള്‍ കരാറില്‍ നിക്കാഹ് നാമയില്‍ ഉള്‍പെടുത്താവുന്നതാണ്. ഒരു സിവില്‍ കരാറിന്റെ ലംഘനത്തിനു ക്രിമിനല്‍ ബാധ്യത സൃഷ്ടിക്കുക എന്നത് നിയമത്തിന്റെ പൊതുതത്ത്വത്തിന്നു നിരക്കുന്നതല്ല. പുതിയ ബില്ലില്‍ മുത്വലാഖ് ചൊല്ലുന്ന ഭര്‍ത്താവിനു മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ഇതു ജാമ്യം ലഭിക്കാത്ത കുറ്റമായിരിക്കും. തലാഖുല്‍ ബിദാ അസാധുവായി പ്രഖ്യാപിച്ച മുസ്‌ലിം രാഷ്ട്രങ്ങളില്‍ ഒന്നും തന്നെ ഇത്തരം ക്രിമിനല്‍ ദണ്ഡനം വിഭാവനം ചെയ്യുന്നില്ല.
പ്രത്യക്ഷത്തില്‍ നിയമനിര്‍മാണം നടത്താന്‍ അധികാരമില്ലാത്ത വിഷയത്തില്‍ പരോക്ഷമായി നിയമനിര്‍മാണം നടത്തുന്നതിനെ വഞ്ചനാത്മകമായ നിയമനിര്‍മാണം അഥവാ കളറബ്ള്‍ ലെജിസ്ലേഷന്‍ എന്നാണ് പറയുന്നത്. അത്തരം നിയമനിര്‍മാണം നിയമവിരുദ്ധമാണ്. പ്രത്യക്ഷത്തില്‍ ചെയ്യാനാവാത്തത് പരോക്ഷമായും ചെയ്യാനാവില്ല എന്നതാണ് തത്ത്വം. മേല്‍സൂചിപ്പിച്ചതു പോലെ വ്യക്തിനിയമം ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരം മൗലികാവകാശത്തിന്റെ ഭാഗമാണ്. അനുച്ഛേദം 13 പ്രകാരം മൗലികാവകാശം ലംഘിക്കുന്ന തരത്തില്‍ നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്റിന് അധികാരമില്ല. എന്നാല്‍, പുതിയ ബില്ലില്‍ വിവാഹമോചിതയായ സ്ത്രീക്കു ജീവനാംശം നല്‍കാന്‍ ഭര്‍ത്താവിനുമേല്‍ ബാധ്യത സൃഷ്ടിക്കുന്നു. ഇതു വ്യക്തിനിയമത്തിനു വിരുദ്ധമാണ്. ഇതും ക്രിമിനല്‍ ശിക്ഷബാധ്യത അനുശാസിക്കുന്ന വകുപ്പും വ്യക്തമായും കളറബ്ള്‍ നിയമനിര്‍മാണമാണ്. കേന്ദ്ര സര്‍ക്കാര്‍ ഈ ബില്ലിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കുകയുണ്ടായില്ല. ഇക്കാര്യവുമായി ബന്ധപ്പെട്ട മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അടക്കമുള്ള കക്ഷികളുമായും കൂടിയാലോചന നടത്തിയില്ല.
അനുപാതികത്വ തത്ത്വം നിയമനിര്‍മാണ വേളയില്‍ പരിഗണിക്കപ്പെടേണ്ടതാണ്. മുത്വലാഖ് അസാധുവാണെന്ന് സുപ്രിം കോടതിയും ഇപ്പോള്‍ ബില്ലും പ്രഖ്യാപിക്കുന്നു. ഈ പശ്ചാത്തലത്തില്‍ മുത്വലാഖ് എന്നത് നിയമപരമായി ഒരു ഫലവും സൃഷ്ടിക്കാത്ത ഒരു പാഴ്‌വാക്ക് മാത്രമാണ്. അത് ഉച്ചരിക്കുന്നതിനു മൂന്നു വര്‍ഷം തടവുശിക്ഷ നല്‍കുന്നത് ഒരു ഭ്രാന്തന്‍ നിര്‍ദയ നിയമം തന്നെയാണ്. കുറെ മുസ്‌ലിം പുരുഷന്മാരെ കുറ്റവാളികളാക്കുക എന്ന പൈശാചിക ലക്ഷ്യമാണോ കേന്ദ്ര സര്‍ക്കാരിനുള്ളതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. മുത്വലാഖ് അസാധുവാണെങ്കില്‍ വിവാഹബന്ധം തുടര്‍ന്നും നിലനില്‍ക്കും. എങ്കില്‍ പിന്നെ ഭാര്യക്കു സധാരണ ബത്തയും കുട്ടികളുടെ കസ്റ്റഡിയും നല്‍കുന്നതിനെ പറ്റി പ്രതേകിച്ചു പറയേണ്ടതുണ്ടോ?
ത്വലാഖും മറ്റു രീതിയിലുള്ള വിവാഹമോചനങ്ങളും കോടതി വഴി മാത്രമാക്കിയാല്‍ അതു കാലവിളംബത്തിനും അനാവശ്യ പണച്ചെലവിനും കാരണമാകും. നമ്മുടെ കുടുംബ കോടതികള്‍ ഇപ്പോള്‍ തന്നെ താങ്ങാനാവാത്ത ജോലിഭാരം കൊണ്ട് ബുദ്ധിമുട്ടുകയാണെന്ന വസ്തുതയും ഓര്‍ക്കുക.
തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കോടതിയല്ലാത്ത ബദല്‍ മാര്‍ഗങ്ങള്‍ ഇപ്പോള്‍ ഏറെ ജനപ്രിയവും ഫലപ്രദവുമായി മാറിയിട്ടുണ്ട്. സര്‍ക്കാര്‍ അടക്കമുള്ള ഏജന്‍സികള്‍ അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഖദാ എന്ന വൈവാഹിക തര്‍ക്കപരിഹാര സമിതികള്‍ ഇത്തരമൊരു ബദല്‍ തര്‍ക്കപരിഹാര സംവിധാനമാണ്. ഇവയ്ക്കു നിയമത്തിന്റെ പിന്‍ബലമില്ലെങ്കിലും വൈവാഹിക തര്‍ക്കങ്ങള്‍ ചെലവു കുറഞ്ഞ രീതിയില്‍ കാലതാമസമില്ലാതെ പരിഹരിക്കാന്‍ സഹായകമാണ്. ഹൈദരാബാദിലെ നല്‍സാര്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. ഫൈസാന്‍ മുസ്തഫയും മഹേന്ദ്ര കുമാര്‍ ശുക്ലയും ദാറുല്‍ ഖദാകളെ പറ്റി നടത്തിയ 'വിമന്‍സ് അക്‌സസ്സ് ടു ജസ്റ്റിസ് അറ്റ് ദാറുല്‍ ഖദാ 'എന്ന പഠനം ശ്രദ്ധേയമാണ്. ഇതില്‍ പഠനവിധേയമാക്കിയ 75 ദാറുല്‍ ഖദാകളില്‍ പരാതിക്കാരില്‍ 70 ശതമാനം സ്ത്രീകളായിരുന്നു. അതില്‍ തന്നെ 12 ദാറുല്‍ ഖദാകളില്‍ 90 ശതമാനം പരാതിക്കാരും സ്ത്രീകളായിരുന്നു.
പുരുഷന്മാരായ പരാതിക്കാരില്‍ ഭൂരിപക്ഷവും വൈവാഹികാവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടാനാണ് ദാറുല്‍ ഖദാകളെ സമീപിച്ചതെങ്കില്‍ സ്ത്രീകള്‍ ഖുലാ എന്ന വിവാഹമോചനം നേടാനാണ് സമീപിച്ചത്. ഇതില്‍ 73 ദാറുല്‍ ഖദാകള്‍ മുത്വലാഖ് വഴി വിവാഹമോചനം നടത്താന്‍ പുരുഷന്‍ന്മാരെ അനുവദിക്കുന്നില്ല. വിശ്വലോചന്‍ മദന്‍ ഃ യൂണിയന്‍ ഓഫ് ഇന്ത്യ (2014) കേസില്‍ വൈവാഹിക തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ബദല്‍ സംവിധാനമായി ദാറുല്‍ ഖദാകളെ അംഗീകരിച്ചിട്ടുണ്ട്.
ഭാര്യയോ ഭര്‍ത്താവോ ഏകപക്ഷീയമായി വിവാഹമോചനം നടത്തുന്നത് ആശാസ്യമല്ല. ആകയാല്‍ ത്വലാഖ്, ഖുലാ, ഫസ്ഖ്, മുബാറത്ത് തുടങ്ങിയ വിവാഹമോചനങ്ങള്‍ ദാറുല്‍ ഖദാ മുഖേനയാക്കുക എന്നത് സ്വാഗതാര്‍ഹമായ നിര്‍ദേശമാണ്. 1961ല്‍ പാകിസ്താനില്‍ പാസാക്കിയ മുസ്‌ലിം ഫാമിലി ലോ ഓര്‍ഡിനന്‍സ് പ്രകാരം ഓരോ ത്വലാഖിന്റെയും നിയമസാധുത പരിശോധിക്കാനും ക്രമീകരിക്കാനും ഒരു യൂണിയന്‍ കൗണ്‍സിലിനെ ചുമതലപ്പെടുത്തുന്നുണ്ട്. ത്വലാഖ് ഉദ്ദേശിക്കുന്ന ഭര്‍ത്താവ് അക്കാര്യം രേഖാമൂലം കൗണ്‍സിലിനെ അറിയിക്കണം. ഈ കൗണ്‍സില്‍ വിവാഹ ബന്ധം നിലനിര്‍ത്താനുള്ള അനുരഞ്ജന സാധ്യതകള്‍ ആരായും. അത് അസാധ്യമെന്ന് ഉറപ്പായാല്‍ മാത്രമേ വിവാഹമോചനം അനുവദിക്കൂ. എന്നാല്‍ മുത്വലാഖ് ബില്‍ ഇത്തരത്തിലുള്ള സാധ്യതകളൊന്നും തന്നെ ആരായുന്നില്ല. അതിനാല്‍ തന്നെ വഞ്ചനാത്മകമായ ഉദ്ദേശ്യത്തോടുകൂടി തിടുക്കത്തില്‍ സൃഷ്ടിച്ച ബില്‍ എന്നാവും ഇതു വിലയിരുത്തപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."