ആയിരത്തോളം ഉ. കൊറിയക്കാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു
പ്യോങ്‌യാങ്: ദ. കൊറിയയില്‍ വന്‍കംപ്യൂട്ടര്‍ ഹാക്കിങ്ങില്‍ ആയിരക്കണക്കിന് പേരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു. ഉ. കൊറിയന്‍ അഭയാര്‍ഥികളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി ദ. കൊറിയയില്‍ സ്ഥാപിച്ച കേന്ദ്രമായ ഹനാവോനിനെ ലക്ഷ്യമിട്ടാണ് ഹാക്കര്‍മാരുടെ ആക്രമണമുണ്ടായത്. വിവരം ചോര്‍ന്നവരെല്ലാം ഉ. കൊറിയന്‍ പൗരന്മാരാണ്. ഉ. കൊറിയന്‍ യൂനിഫിക്കേഷന്‍ മന്ത്രാലയമാണു വാര്‍ത്ത പുറത്തുവിട്ടത്.
ഉത്തര ഗ്യോങ്‌സാങ് പുനരധിവാസ കേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണം നടന്നത്. ഇവിടത്തെ ഒരു സ്വകാര്യ കംപ്യൂട്ടറില്‍ വൈറസ് ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ആയിരത്തോളം പേരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തി. കഴിഞ്ഞ 19ന് തന്നെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം മന്ത്രാലയത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ഹാക്കര്‍മാരെ കുറിച്ചും ആക്രമണം നടത്താനായി സംഘം കേന്ദ്രമാക്കിയ സ്ഥലത്തെ കുറിച്ചും ഒരു സൂചനയും ഇതുവരെ ലഭ്യമായിട്ടില്ല.
ഉത്തര ഗ്യോങ്‌സാങ് പുനരധിവാസ കേന്ദ്രം പോലെ 25 സ്ഥാപനങ്ങള്‍ ദ. കൊറിയന്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര തര്‍ക്കം ഉടലെടുത്ത ശേഷം ദ. കൊറിയയില്‍ അകപ്പെടുകയോ എത്തിപ്പെടുകയോ ചെയ്ത 32,000ത്തോളം ഉ. കൊറിയന്‍ പൗരന്മാരാണ് ഇവിടങ്ങളില്‍ കഴിയുന്നത്. ഇവരുടെ സ്വകാര്യ വിവരങ്ങള്‍ സൂക്ഷിച്ച കംപ്യൂട്ടര്‍ ലക്ഷ്യമിട്ടാണ് ഹാക്കര്‍മാരുടെ സൈബര്‍ ആക്രമണമുണ്ടായത്. ഉ. കൊറിയയുമായി ബന്ധപ്പെട്ട് ഇത്രയും വിപുലമായ തോതില്‍ വിവരച്ചോര്‍ച്ചയുണ്ടാകുന്നത് ആദ്യമാണെന്ന് യൂനിഫിക്കേഷന്‍ മന്ത്രാലയം വ്യക്തമാക്കി.
997 പേരെയാണ് സൈബര്‍ ആക്രമണം ബാധിച്ചിരിക്കുന്നത്. ഇവരുടെ പേര്, ജനന തിയതി, വിലാസം എന്നിവയാണ് ചോര്‍ത്തിയിരിക്കുന്നത്. വിവരം ചോര്‍ന്ന ആളുകളെ പൂര്‍ണമായും തിരിച്ചറിയാനായിട്ടില്ല. കാണാതായവരും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. ഹാക്കിങ് ഇവരെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. എന്നാല്‍, ഉ. കൊറിയയിലുള്ള ഇവരുടെ കുടുംബങ്ങളെ വിവരച്ചോര്‍ച്ച ബാധിച്ചേക്കുമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.
സംഭവത്തില്‍ യൂനിഫിക്കേഷന്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."