വടക്കാഞ്ചേരി നഗരസഭയുടെ രണ്ട് ശ്രദ്ധേയ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
വടക്കാഞ്ചേരി: നഗരസഭയുടെ രണ്ട് ശ്രദ്ധേയ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്. കൃഷി പകര്‍ച്ചയിലൂടെ മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം, അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി എന്നിവയുടെ ഉദ്ഘാടനം ഹരിത കേരള മിഷന്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍ സീമ നിര്‍വഹിക്കും.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയാ സന്തോഷ് അധ്യക്ഷയാവും. മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം എന്ന പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ കുമ്പളങ്ങാട് പാഴ്‌വസ്തു സംസ്‌കരണ കേന്ദ്രത്തിലെ ഭൂമിയില്‍ നിന്ന് രണ്ട് ഏക്കര്‍ സ്ഥലം മാലിന്യ മുക്തമാക്കി വടക്കാഞ്ചേരി ഗ്രീന്‍ ആര്‍മി ലേബര്‍ ബാങ്കിന്റെ സഹായത്തോടെ കൃഷി ഇറക്കും. തുടര്‍ന്നുള്ള കൃഷി പരിപാലനം കുടുംബശ്രീ സി.ഡി.എസ് ഏറ്റെടുത്തു നടപ്പിലാക്കും.
കൃഷി പകര്‍ച്ചയിലൂടെ മാലിന്യത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിന് ഹരിത പശ്ചാത്തലം ഒരുക്കുകയാണ് നഗരസഭ.
നഗരസഭ രൂപീകരണത്തോടെ നഷ്ടമായ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു പകരം സംസ്ഥാന സര്‍ക്കാരിന്റെ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കാന്‍ ഒരു കോടി രൂപ നഗരസഭക്ക് അനുവദിച്ചിട്ടുണ്ട്.
തൊഴിലുറപ്പു സംവിധാനത്തെ വിവിധ മിഷനുകളുമായി ബന്ധിപ്പിക്കും. മാലിന്യ നിര്‍മാര്‍ജന രംഗത്തും മഴവെള്ള സംഭരണ പ്രവര്‍ത്തനങ്ങളിലും തൊഴിലുറപ്പു സംവിധാനത്തെ പ്രയോജനപ്പെടുത്തും. പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരു മീറ്റര്‍ വീതിയിലും ആഴത്തിലും 16000 മഴക്കുഴികള്‍ നിര്‍മിക്കും. കൃഷി പകര്‍ച്ചയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ ഒന്‍പതിന് കുമ്പളങ്ങാട് പാഴ്‌വസ്തു സംസ്‌ക്കരണ കേന്ദ്രത്തിനു സമീപത്തും അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 10ന് വടക്കാഞ്ചേരി ജയശ്രീഹാളിലുമാണ് സംഘടിപ്പിച്ചിട്ടുള്ളത്.
നഗരസഭാ പ്രദേശത്തെ 65 കഴിഞ്ഞ വയോധികര്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്ന വയോമിത്രം പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."