ബന്ധുക്കളെ കബളിപ്പിച്ച് മുങ്ങിയ സന്ദീപിനെയും കാമുകിയേയും കോടതി വെറുതെ വിട്ടു
കോഴിക്കോട്: പൊലിസിനെയും ബന്ധുക്കളേയും കബളിപ്പിച്ച് മുങ്ങിയ മൊകേരി സ്വദേശി എസ്. സന്ദീപിനെയും കാമുകിയേയും മുംബൈയില്‍ നിന്ന് നാട്ടിലെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കി. ഇന്നലെ വൈകിട്ടോടെ സന്ദീപിനെ കോഴിക്കോട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 5 കോടതിയിലാണ് ഹാജരാക്കിയത്. കാണാതായ പരാതിയായതിനാല്‍ സന്ദീപിനെ വെറുതെ വിട്ടു. കുന്ദമംഗലം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവതിയെ മാതാപിതാക്കള്‍ക്കൊപ്പവും വിട്ടയച്ചു.
സന്ദീപിനൊപ്പം നാടുവിട്ട യുവതി മുന്‍ കാമുകനെതിരേ കത്തെഴുതിവച്ച ശേഷമാണ് നാടുവിട്ടത്. സന്ദീപിനെ കാണാതായി രണ്ടാഴ്ച കഴിഞ്ഞ് ഡിസംബര്‍ ഒന്‍പതിനാണ് തൊണ്ടയാട് സ്വദേശിനിയായ യുവതിയെ കാണാതായത്. പൊറ്റമ്മലില്‍ നിന്ന് കണ്ടെത്തിയ യുവതിയുടെ സ്‌കൂട്ടി പരിശോധിച്ചപ്പോഴാണ് മൊബൈല്‍ ഷോറൂം ജീവനക്കാരനായ മുന്‍ കാമുകനെതിരെയുള്ള കത്ത് ലഭിച്ചത്.
മുന്‍ കാമുകന്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നതായും ഇതിനുള്ള പ്രതികാരം ചെയ്യുമെന്നുമാണ് കത്തിലെ ഉള്ളടക്കം. സന്ദീപുമായി യുവതി അടുക്കുന്നത് ഇയാള്‍ ചോദ്യം ചെയ്തിരുന്നു. ഒരിക്കല്‍ സന്ദീപിന്റെ മുന്നില്‍ വച്ച് യുവതിയെ ഇയാള്‍ കരണത്തടിക്കുകയും ചെയ്തു. ഇതിന്റെ പ്രതികാരം തീര്‍ക്കാനാണ് കത്തെഴുതിയതെന്നാണ് സൂചന. മുംബൈയില്‍ നിന്ന് സന്ദീപും യുവതിയും പൊലിസ് വലയിലാകുന്നതിനു തൊട്ടുമുമ്പും യുവതി ഈ കാമുകനെ വിളിച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പാലാഴി ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ ഐബേര്‍ഡ് മീഡിയ കമ്പനിയിലെ മാര്‍ക്കറ്റിങ് മാനേജരായിരുന്നു സന്ദീപ്. ഇതേ സ്ഥാപനത്തില്‍ പുതുതായി ജോലിക്കെത്തിയ യുവതിയുമായാണ് ഇയാള്‍ കടന്നു
കളഞ്ഞത്. സോളോ റൈഡറായ സന്ദീപ് രണ്ടു ദിവസത്തിനുശേഷം തിരികെ വരാമെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. പറഞ്ഞ ദിവസം കഴിഞ്ഞിട്ടും കാണാതായതോടെ ഭാര്യ നല്ലളം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."