മുരടിച്ച തെങ്ങുകള്‍, വിളയും മുന്‍പേ വീഴുന്ന തേങ്ങകള്‍; കര്‍ഷകര്‍ക്ക് ദുരിതം
മലയിന്‍കീഴ്: മുരടിച്ച തെങ്ങുകളും പാകമാകും മുന്‍പേ വീഴുന്ന തേങ്ങകളും കര്‍ഷകരുടെ കണ്ണീര്‍ ഊറ്റിക്കുടിക്കുന്നു. ഏക്കറുകണക്കിന് തെങ്ങിന്‍ പാടങ്ങള്‍ മാറാരോഗം കൊണ്ട് വലയുകയാണ് ഇവിടെ. കാട്ടാക്കട നിന്നും ആരംഭിച്ച് കിള്ളി കൊല്ലോട്, അന്തിയൂര്‍ക്കോണം, വിളവൂര്‍ക്കല്‍, പൊറ്റയില്‍ ഈഴക്കോട് തുടങ്ങി ഭാഗങ്ങളിലാണ് തെങ്ങിന് രോഗബാധ. നല്ല വില കിട്ടുന്ന സമയമായിട്ടും ഇവിടുത്തെ കര്‍ഷകര്‍ക്ക് കണ്ണീര്‍ മാത്രം ബാക്കി.
മിക്ക തെങ്ങുകളും കരിഞ്ഞുണങ്ങി വരികയാണ്. ആദ്യം ഓല പഴുക്കും. പിന്നെ ഒന്നൊന്നായി താഴെ വീഴും. അതു കഴിഞ്ഞാല്‍ തെങ്ങ് തടി ഉണങ്ങും. കായ്ഫലമുള്ള തെങ്ങുകളില്‍ തേങ്ങ പാകമാകുന്നതിന് മുന്‍പ് തന്നെ ഉണങ്ങി വീഴും.
ഏക്കറുകണക്കിന് തെങ്ങിന്‍പാടങ്ങളാണ് ഈ രീതിയില്‍ കിടക്കുന്നത്. കര്‍ഷകര്‍ വിവരം കൃഷിഭവനുകളെ അറിയിച്ചു. അവരെത്തി പരിശോധന നടത്തി. മണ്ണ് പരിശോധനയും നടത്തി. മണ്ഡരിയെന്നും ഫംഗല്‍ ബാധയെന്നും ഒരു കൂട്ടര്‍. ഒരു തരം വണ്ടിന്റെ ആക്രമണമെന്ന് മറു കൂട്ടര്‍. ഇപ്പോള്‍ വ്യാപകമായി തെങ്ങുകളെ ബാധിക്കുന്ന ഒരു തരം രോഗമാണെന്ന് പറഞ്ഞ് കുറെ കൃഷി വിദഗ്ധരും വന്നു. ഇവര്‍ പറഞ്ഞ മരുന്നുകളും കീടനിയന്ത്രണങ്ങളും നടത്തി. എന്നാല്‍ അതൊക്കെ പാഴ് വേലയായി മാറി. കര്‍ഷകരുടെ പണം പോയത് മിച്ചം.
എന്താണ് രോഗമെന്ന് നിശ്ചയിക്കാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോള്‍ ചിലര്‍ നാടന്‍ പ്രയോഗങ്ങളും നടത്തി. എന്നാല്‍ ഒന്നിനും രക്ഷ കിട്ടിയില്ല. ഇപ്പോള്‍ വേനല്‍ തുടങ്ങിയപ്പോള്‍ തന്നെ തെങ്ങുകള്‍ നിലം പതിക്കാനും തുടങ്ങിയിട്ടുണ്ട്.
രോഗം ബാധിച്ച തെങ്ങുകള്‍ ചിലര്‍ മുറിച്ചു മാറ്റിയപ്പോള്‍ ചിലര്‍ അതിന് മെനക്കാടാതെ മരുന്ന് പ്രയോഗത്തിന് മുതിരുകയായിരുന്നു. ഉണങ്ങിയ തെങ്ങുകളെ വില്‍ക്കാന്‍ ആലോചിച്ചിരുന്നുവെങ്കിലും അതിനും ആവശ്യക്കാരില്ല.
ഇഷ്ടിക കളങ്ങള്‍ മറഞ്ഞതോടെ തെങ്ങിന്‍ തടികള്‍ അവര്‍ക്കും ആവശ്യമില്ലാത്ത നിലയിലായി. ഇപ്പോള്‍ രണ്ടും കെട്ട പരുവത്തിലാണ് കര്‍ഷകര്‍. വമ്പന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്ന കൃഷി വകുപ്പാകാട്ടെ ഇതൊന്നും അറിഞ്ഞ മട്ടുപോലുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."