ട്രേഡ് ലിങ്ക് കുറിക്കമ്പനി നടത്തി കോടികള്‍ വെട്ടിച്ച് മുങ്ങിയ ഡെപ്യൂട്ടി ചെയര്‍മാന്‍ അറസ്റ്റില്‍
തൃശൂര്‍: ട്രേഡ് ലിങ്ക് എന്ന പേരില്‍ കുറിക്കമ്പനി നടത്തി ഇടപാടുകാര്‍ക്ക് പണം നല്‍കാതെ കോടികള്‍ വെട്ടിച്ച് മുങ്ങിയ കേസിലെ പ്രതികളില്‍ ഒരാളായ കമ്പനി ഡെപ്യൂട്ടി ചെയര്‍മാന്‍ അറസ്റ്റില്‍. നാട്ടിക മുല്ലവീട്ടില്‍ സജീവന്‍(50) ആണ് അറസ്റ്റിലായത്. തകരുമെന്ന് ഉറപ്പായതോടെ രണ്ടുവര്‍ഷം മുന്‍പ് സജീവ് സ്ഥാപനം വിട്ടുപോയിരുന്നു. 25 വര്‍ഷം മുന്‍പ് സാധാരണനിലയില്‍ ജീവിച്ചിരുന്ന ഇയാള്‍ ഇപ്പോള്‍ തൃപ്രയാറിന്റെ ഹൃദയഭാഗത്ത് ആഡംബരവീടും കാറും സ്വന്തമാക്കി താമസിച്ചുവരികയായിരുന്നെന്ന് അന്വേഷണ സംഘം അറിയിച്ചു.
വാടാനപ്പിള്ളി, തൃപ്രയാര്‍, മുറ്റിച്ചൂര്‍, അന്തിക്കാട്, ചിറക്കല്‍, കാട്ടൂര്‍ എന്നിവിടങ്ങളില്‍ 25 വര്‍ഷങ്ങള്‍ക്കുമുന്‍പ് കുറിസ്ഥാപനമായി പ്രവര്‍ത്തനം ആരംഭിച്ച ട്രേഡ് ലിങ്ക്, ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍നിന്നും കോടിക്കണക്കിനു തുക നിക്ഷേപം സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് സ്ഥാപന ഉടമകള്‍ കോടികളുമായി മുങ്ങിയത്. കേസിലെ മറ്റൊരു പ്രതിയും ട്രേഡ് ലിങ്ക് ഉടമയുമായ പൂങ്കുന്നം കുറുവത്ത് വീട്ടില്‍ മനോജ് ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി അന്വേഷണസംഘം അറിയിച്ചു.
നിക്ഷേപതുക ഉപയോഗിച്ച് പ്രതികള്‍ ജില്ലയില്‍ പലയിടത്തും റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തി സ്ഥലങ്ങള്‍ വാങ്ങുകയും ആഡംബര വീടുകള്‍ പണിയുകയും ആഡംബര കാറുകള്‍ വാങ്ങുകയുമാണ് ചെയ്തത്. പങ്കാളികള്‍ തമ്മിലുള്ള അകല്‍ച്ചയും സ്ഥാപനത്തിലെ തന്നെ ഏതാനും ചില ജീവനക്കാര്‍ നടത്തിയ സാമ്പത്തിക ക്രമക്കേടും പ്രതികളുടെ ആര്‍ഭാടവും ധൂര്‍ത്തുമാണ് സ്ഥാപനം തകരാന്‍ കാരണമെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
നിക്ഷേപം സ്വീകരിക്കാന്‍ ലൈസന്‍സ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇടപാടുകാരില്‍നിന്നും നിക്ഷേപം സ്വീകരിച്ചത്. 2013ല്‍ ഭേദഗതി ചെയ്ത ചിട്ടിനിയമ പ്രകാരം അഞ്ചു കുറികള്‍ നടത്തുന്നതിനെ അനുമതി ഉണ്ടായിരുന്നുള്ളൂവെങ്കിലും 39 കുറികളാണ് അനധികൃതമായി നടത്തിയിരുന്നത്. തൃശൂര്‍ റൂറല്‍ എസ്.പി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തില്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എ. സുരേഷ്ബാബു, എസ്‌ഐമാരായ പി.കെ. പത്മരാജന്‍, എം.പി. മുഹമ്മദ് റാഫി, വി.എന്‍. സുരേഷ്ബാബു, കെ. മാധവന്‍, പി.വി. പ്രദീപ്, എ.എസ്.ഐ പി.സി. സുനില്‍, സീനിയര്‍ പൊലിസ് ഉദ്യോഗസ്ഥരായ സി.ആര്‍. പ്രദീപ്, പി. ജയകൃഷ്ണന്‍, സി.എ. ജോബ്, സൂരജ് വി. ദേവ്, ലിജു ഇയ്യാനി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."