കിരാലൂരിലെ വെളിച്ചെണ്ണ കമ്പനിയുടെ പ്രവര്‍ത്തനം; വേലൂര്‍ പഞ്ചായത്ത് യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു
എരുമപ്പെട്ടി: കിരാലൂരിലെ വ്യാജ വെളിച്ചെണ്ണ കമ്പനിക്കെതിരേ നടപടിയെടുക്കാത്തതില്‍ വേലൂര്‍ പഞ്ചായത്ത് യോഗത്തില്‍ ബി.ജെ.പി-കോണ്‍ഗ്രസ് അംഗങ്ങളുടെ ബഹളം. വെളിച്ചെണ്ണ കമ്പനി അടച്ചു പൂട്ടാന്‍ പഞ്ചായത്ത് തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ മെംബര്‍മാര്‍ ഭരണസമിതി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. കിരാലൂരില്‍ പ്രവര്‍ത്തിക്കുന്ന എ.ജെ സണ്‍സ് എന്ന കമ്പനിയില്‍ നിന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് മായംചേര്‍ത്ത നിരോധിത വെളിച്ചെണ്ണ പിടികൂടിയിരുന്നു. കേരനാട്, ബ്രില്യന്റ് എന്നീ പേരുകളിലുള്ള വെളിച്ചെണ്ണയാണ് വന്‍ അളവില്‍ പിടികൂടിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ലൈസന്‍സ് പഞ്ചായത്ത് റദ്ദ് ചെയ്തിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ കമ്പനി പ്രവര്‍ത്തിച്ചിരുന്നു. നോട്ടിസ് പതിച്ച് കമ്പനിയുടെ പ്രവര്‍ത്തനം തടയാന്‍ പഞ്ചായത്ത് ഭരണ സമിതി തയ്യാറായിരുന്നില്ലായെന്ന് ആരോപിച്ചാണ് ബി.ജെ.പി മെംബര്‍മാരായ വി.എ സതീഷ്, പ്രശാന്ത് കുമാര്‍ കോണ്‍ഗ്രസ് അംഗങ്ങളായ പി.കെ ശ്യാംകുമാര്‍, സ്വപ്ന രാമചന്ദ്രന്‍, ഡെയ്‌സി ഡേവീസ്, ശ്രീജാ നന്ദന്‍ എന്നിവര്‍ ഭരണ സമിതി യോഗത്തില്‍ നിന്നും ഇറങ്ങി പോക്ക് നടത്തിയത്. കമ്പനി പ്രവര്‍ത്തിക്കുന്ന വാര്‍ഡിന്റെ മെംബര്‍ കൂടിയായ എന്‍. പ്രശാന്ത് കുമാറിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പ്രവര്‍ത്തനാനുമതി റദ്ദാക്കികൊണ്ടുള്ള നോട്ടിസ് പഞ്ചായത്ത് സെക്രട്ടറി കമ്പനിയുടെ ഗെയ്റ്റില്‍ പതിച്ചു. വ്യാജ വെളിച്ചെണ്ണ പിടികൂടിയ ദിവസം തന്നെ കമ്പനി അടച്ചു പൂട്ടാന്‍ നോട്ടിസ് നല്‍കണമെന്നാവശ്യപ്പെട്ട് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായ താന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നെന്നും എന്നാല്‍ സ്റ്റോപ്പ് മെമ്മോ നല്‍കാതെ കമ്പനിയെ സഹായിക്കുന്ന നിലപാടാണ് സെക്രട്ടറിയും ഭരണ സമിതിയും കൈകൊള്ളുന്നതെന്ന് കോണ്‍ഗ്രസ് അംഗം സ്വപ്ന രാമചന്ദ്രന്‍ അറിയിച്ചു.
അതേസമയം പ്രതിപക്ഷ അംഗങ്ങളുടെ ആരോപണം അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ്കുമാര്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷീദ് എന്നിവര്‍ അറിയിച്ചു. കമ്പനിയില്‍ സ്റ്റോപ്പ് മൊമ്മോ പതിക്കുകയും ഉടമയ്ക്ക് തപാല്‍ വഴി രജിസ്‌ട്രേഡ് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ കമ്പനിയുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് പൊലിസ് അസിസ്റ്റന്റ് കമ്മിഷണര്‍ക്കും എരുമപ്പെട്ടി പൊലിസിനും പരാതി നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് ഷേര്‍ളി ദിലീപ്കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."