കൗണ്‍സിലില്‍ പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി
കോട്ടക്കല്‍: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി. പരുക്കേറ്റ പ്രതിപക്ഷ-ഭരണപക്ഷ വിഭാഗത്തിലെ ഏഴു പേരെ കോട്ടക്കലിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്കു ശേഷം മൂന്നിന് 2019-20 വാര്‍ഷിക പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ടു വിളിച്ചുചേര്‍ത്ത അടിയന്തിര കൗണ്‍സിലാണ് കൈയാങ്കളിയിലും ഉന്തുംതള്ളിലും കലാശിച്ചത്.
ഉച്ചക്ക് ശേഷം ചേര്‍ന്ന യോഗത്തില്‍ പാലത്തറയിലെ അങ്കണവാടിയില്‍ നഗരസഭയുടെ പ്രവൃത്തികള്‍ക്കു എത്തിയ തൊഴിലാളികളെ പാര്‍പ്പിച്ചതും പ്രതിഷേധത്തെ തുടര്‍ന്നു മുനിസിപ്പല്‍ ഓഡിറ്റോറിയത്തിലേക്കു മാറ്റിയതുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് അനുമതി നല്‍കണമെന്നു പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട അജണ്ടകള്‍ ചര്‍ച്ച ചെയ്തതിനു ശേഷം വിഷയം പരിഗണിക്കാമെന്ന ചെയര്‍മാന്റെ നിര്‍ദേശം തള്ളിയ പ്രതിപക്ഷം വാക്കേറ്റത്തിനുമുതിര്‍ന്നു.
ഇതിനിടയില്‍ യോഗത്തിന്റെ ആറു അജണ്ടകളും ചര്‍ച്ചക്കു നില്‍ക്കാതെ വായിക്കുകയും പാസാക്കുകയും ചെയ്തു. പ്രകോപിതരായ പ്രതിപക്ഷ അംഗങ്ങള്‍ ചെയര്‍മാന്റെ ഡയസിലേക്ക് കയറി. തുടര്‍ന്നു പ്രതിരോധവുമായി ഭരണപക്ഷവും രംഗത്തെത്തി.
ഇതിനിടയില്‍ സെക്രട്ടറിയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്ന കൗണ്‍സിലര്‍ പുളിക്കല്‍ കോയാപ്പുവിനെ പ്രതിപക്ഷം തള്ളിമാറ്റിയതോടെ ഉന്തും തള്ളും കൈയേറ്റവും നടക്കുകയായിരുന്നു.
സംഭവത്തില്‍ പരുക്കേറ്റ പ്രതിപക്ഷ അംഗങ്ങളായ കെ.വി കുഞ്ഞാപ്പു, കെ. ഗിരിജ, നന്ദകുമാര്‍, റംല കറുത്തേടത്ത് എന്നിവരെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിലും ഭരണപക്ഷത്തിലെ പുളിക്കല്‍ കോയാപ്പു, അബ്ദു മങ്ങാടന്‍, ടി.വി സുലൈഖാബി എന്നിവരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവിഭാഗവും കോട്ടക്കല്‍ പൊലിസില്‍ പരാതി നല്‍കി.
പിന്നീട് മുനിസിപ്പല്‍ മുസ്‌ലിം യൂത്ത് ലീഗും ഡി.വൈ.എഫ്.ഐയും ടൗണില്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."