സ്റ്റാറിനെതിരേ ക്ലബുകള്‍ കോടതിയിലേക്ക്
കൊല്‍ക്കത്ത: ഐ ലീഗിനെ ചുരുട്ടിക്കെട്ടാന്‍ ലൈവ് ടെലികാസ്റ്റിന് നക്ഷത്ര പൂട്ടിട്ട സ്റ്റാര്‍ സ്പോര്‍ട്സിനെതിരേ ക്ലബുകള്‍ കോടതിയിലേക്ക്. ഐ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ടെലികാസ്റ്റ് ചെയ്യുന്നത് വെട്ടിക്കുറച്ച സ്റ്റാര്‍ സ്പോര്‍ട്സിന്റെ നടപടിക്കെതിരേയാണ് ക്ലബുകള്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്. കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി മിനര്‍വ പഞ്ചാബ്, ചെന്നൈ സിറ്റി എഫ്.സി, നെരോക്ക എഫ്.സി, ഐസ്വാള്‍ എഫ്.സി, ഗോകുലം കേരള എഫ്.സി, ഷില്ലോങ് ലജോങ് ക്ലബുകള്‍ കൂട്ടായ്മ രൂപീകരിച്ചു. ക്ലബുകളുടെ കൂട്ടായ്മയാണ് സീസണിലെ മുഴുവന്‍ മത്സരവും സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയ സമീപിക്കുന്നത്. മിനര്‍വ പഞ്ചാബ് ഉടമ രഞ്ജിത് ബജാജാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ആവശ്യമെങ്കില്‍ ഫിഫയുടെ സഹായവും ഇതിനായി തേടുമെന്നും ബജാജ് വ്യക്തമാക്കി. 60 മത്സരങ്ങളില്‍ 31 എണ്ണം മാത്രമേ ടെലികാസ്റ്റ് ചെയ്യൂ എന്ന സ്റ്റാര്‍ സ്പോര്‍ട്സിന്റെ തീരുമാനമാണ് വിവാദമായത്. ഇതിനെതിരേയാണ് ക്ലബുടമകള്‍ കോടതിയെ സമീപിക്കുന്നത്. കൂട്ടായ്മയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ഈസ്റ്റ് ബംഗാളിനും മോഹന്‍ ബഗാനും നോട്ടിസ് നല്‍കിയെങ്കിലും രണ്ട് ക്ലബുകളും തീരുമാനം അറിയിച്ചിട്ടില്ല.
ജനുവരി അഞ്ചിന് മുന്‍പായി ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ഇക്കാര്യത്തില്‍ യുക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ക്ലബുകളുടെ കൂട്ടായ്മ കോടതിയെ സമീപിക്കും. എ.ഐ.എഫ്.എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിന് ഇക്കാര്യത്തില്‍ യുക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ മിനര്‍വ, ചെന്നൈ സിറ്റി, ഗോകുലം, നെരോക്ക, ഐസ്വാള്‍, ഷില്ലോങ് ലജോങ് ക്ലബുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."