പ്രോ കബഡി ലീഗ്: യു മുംബയെ കീഴടക്കി യു.പി യോദ്ധ
കിരണ്‍ പുരുഷോത്തമന്‍#
കൊച്ചി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ആദ്യ എലിമിനേറ്ററില്‍ യു.പി യോദ്ധക്ക് ജയം. കൊച്ചി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തില്‍ യു മുംബയെ 29-34 എന്ന സ്‌കോറിനാണ് യു.പി യോദ്ധ കീഴടക്കിയത്. ആദ്യ പകുതിയില്‍ 18- 15 ന് മുന്നില്‍ നിന്ന യു.പിയെ തളയ്ക്കാന്‍ രണ്ടാം പകുതിയില്‍ മുംബ താരങ്ങള്‍ സകല അടവുകളും പുറത്തെടുത്തെങ്കിലും ഫലം കണ്ടില്ല. മുംബയുടെ സൂപ്പര്‍താരം സിദ്ധാര്‍ഥ് ദേശായിക്ക് ഫോമിലെത്താന്‍ കഴിയാതിരുന്നതാണ് മുംബക്ക് തിരിച്ചടിയായത്. യു.പിക്കായി നിതേഷ് കുമാര്‍ എട്ടു ടാക്കിള്‍ പോയിന്റുകള്‍ നേടി. ഇന്ന് നടക്കുന്ന മൂന്നാം എലിമിനേറ്ററിലെ ഡല്‍ഹി ദബാങ് - ബംഗാള്‍ വോറിയേഴ്‌സ് മത്സര വിജയികളെ യു.പി യോദ്ധ നേരിടും. ഗാലറി നിറഞ്ഞ കാണികള്‍ക്ക് മുന്നിലായിരുന്നു ആദ്യ ദിനത്തിലെ രണ്ടു മത്സരങ്ങളും. പ്രളയകാലത്ത് നിരവധി പേര്‍ക്ക് രക്ഷകരായ നാലു മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് ദേശീയഗാനം ആലപിച്ചതോടെയാണ് പോരാട്ടത്തിന് തുടക്കമായത്. എ സോണിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സും ബി സോണില്‍ മുന്നിലെത്തിയ ബെംഗളൂരു ബുള്‍സും തമ്മിലാണ് ഇന്നത്തെ ആദ്യ മത്സരം (ഒന്നാംക്വാളിഫയര്‍). വിജയികള്‍ നേരിട്ട് ഫൈനലിന് യോഗ്യത നേടും. മൂന്നാം എലിമിനേറ്ററിലെ വിജയികളും ആദ്യ ക്വാളിഫയറിലെ പരാജിതരും തമ്മില്‍ ജനുവരി മൂന്നിന് മുംബൈയിലാണ് രണ്ടാം ക്വാളിഫയര്‍. ഫൈനല്‍ ജനുവരി അഞ്ചിന് മുംബൈയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."