ദമ്പതികളുടെ തിരോധാനം: വഴിക്കണ്ണുമായി യുവതിയുടെ കുടുംബം
കോട്ടയം :ഓമന മകള്‍ക്കും മരുമകനും എന്തു സംഭവിച്ചെന്നുവെന്ന ചോദ്യത്തിന് ഉത്തരം കാത്തിരിക്കുകയാണ് കുമ്മനം ഫൗസിയ മന്‍സില്‍ എന്ന വീട്ടിലെ മധ്യവര്‍ഗകുടുംബം. കഴിഞ്ഞ ഏപ്രില്‍ ആറിന് രാത്രിയിലാണ് അറുപറയിലെ ഭര്‍തൃഗ്രഹത്തില്‍ നിന്ന് ഭര്‍ത്താവ് ഹാഷിമിനോടൊപ്പം ഹബീബയും കാറില്‍ കയറി പോയത്.
ദമ്പതികളുടെ തിരോധാനം നാട്ടുകാരുടെ ഓര്‍മ്മകളില്‍ നിന്ന് പതിയെ മാഞ്ഞു തുടങ്ങുമ്പോള്‍ ഹബീബയുടെ കുടുംബം അനുനിമിഷം വേദന കടിച്ചമര്‍ത്തുകയായിരുന്നു.ശനിയാഴ്ച പകല്‍ തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഹബീബയുടെ 76 കാരിയായ മാതാവ് സുഹറാ ബീവി ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ന്യൂറോസര്‍ജറി വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയാണ്. ഇന്നലെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ സുഹറാ ബീവിയുടെ ആരോഗ്യനില സംബന്ധിച്ച് 48 മണിക്കൂര്‍ കഴിഞ്ഞേ എന്തെങ്കിലും പറയാനാകൂവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മകളെ കുറിച്ചുള്ള ആശങ്കയാണ് വയോധികയുടെ ആരോഗ്യനില വഷളാക്കിയതെന്ന് ഹബീബയുടെ സഹോദരന്‍ ഇസ്മായില്‍ മുസ്്‌ലിയാര്‍ പറയുന്നു.ഇവരെ കാണാതായതിന്റെ പിറ്റേന്ന് കുമ്മനത്തെ വീട്ടിലെത്തിയശേഷം മടങ്ങിയ ഹബീബയുടെ മക്കളായ ഫിദ ഫാത്തിമ (ഒമ്പതാംക്ലാസ്), മുഹമ്മദ് ബിലാല്‍ (അഞ്ച്) എന്നിവരുമായി ഫോണിലൂടെ പോലും സംസാരിക്കാന്‍ ഹാഷിമിന്റെ വീട്ടുകാര്‍ അനുവദിക്കാതിരുന്നതും മാതാവിന്റെ ആരോഗ്യനിലയെ ബാധിച്ചതായും മക്കള്‍ പറയുന്നു.
നാലു മാസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് പൊലീസ് തന്നെ വ്യക്തമാക്കുന്നു. കാറുമായി പുഴയിലോ മറ്റോ വീണു കാണുമെന്ന സംശയത്തില്‍ കോട്ടയത്തെയും പരിസരത്തെയും തോടുകളിലും മീനച്ചിലാറ്റിലും ആധുനിക സ്‌കാനറിന്റെ സഹായത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഈ ദിശയില്‍ ഇനി അന്വേഷണം നടത്തേണ്ടതില്ലെന്നാണ് പൊലീസ് തീരുമാനം. സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ച അന്വേഷണം തുടരുന്നുണ്ടെന്നാണ് പൊലീസ് ുപറയുന്നത്.അതേസമയം പൊലീസ് അന്വേഷണത്തില്‍ ഹബീബയുടെ കുടുംബം അസംതൃപ്തരാണ്. മൊഴിയെടുക്കാനും മറ്റുമായി തങ്ങളെ വന്നു കണ്ട മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാറുള്‍പ്പെടെയുള്ളവരോട് തിരോധാനവുമായി ബന്ധപ്പെട്ട തങ്ങള്‍ക്കുളഅള സംശയങ്ങളെല്ലാം അറിയിച്ചിരുന്നു. എന്നാല്‍ ആ ദിശയില്‍ അന്വേഷണം നടന്നോയെന്ന് വ്യക്തമല്ലെന്ന് ഹബീബയുടെ സഹോദരന്‍ ഇസ്മായില്‍ മുസ്്‌ലിയാര്‍ പറയുന്നു.
ഹര്‍ത്താല്‍ ദിനമായിരുന്ന ഏപ്രില്‍ ആറിന് രാത്രിയാണ് ഹാഷിമും ഹബീബയും അറുപറയിലെ വീട്ടില്‍ നിന്ന് ഭക്ഷണം വാങാനെന്ന് പറഞ് പുറത്ത് പോയത്. അതിന്റെ തൊട്ടു തലേ ദിവസം ഹാഷിം തനിച്ച് പീരുമേടിലുള്ള ബന്ധുവിന്റെ റിസോര്‍ട്ടില്‍ പോയിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വച്ച് നടത്തിയ തിരച്ചിലില്‍ ഹാഷിമിന്റെ മൊബൈല്‍ സിഗ്നലിന്റെ സാന്നിധ്യം ഈ പ്രദേശത്ത് കണ്ടെത്തിയിരുന്നു. കാര്‍ രജിസ്ടര്‍ ചെയ്യാന്‍ ഒന്നരമാസത്തോളം വൈകിയിരുന്നു. വ്യാഴാഴ്ച താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ചെയ്ത കാറില്‍ പുറപ്പെടുമ്പോള്‍ ഇരുവരും മൊബൈല്‍ ഫോണുകളും എടുത്തിരുന്നില്ല. കാറിന് രജിസ്‌ട്രേഷനില്ലാത്തതും മൊബൈല്‍ സിഗ്നലിനെ പിന്തുടരാനാകാത്തതും തുടക്കം മുതല്‍ തന്നെ അന്വേഷണത്തെ വഴിമുട്ടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."