ബഹ്‌റൈനില്‍ ജനുവരി ഒന്നു മുതല്‍ വാറ്റ് നികുതി നിലവില്‍ വരും
#ഉബൈദുല്ല റഹ്മാനി കൊമ്പംകല്ല്
മനാമ: ബഹ്‌റൈനില്‍ മൂല്യവര്‍ധിത നികുതി വാറ്റ് ജനുവരി ഒന്നു മുതല്‍ നിലവില്‍ വരും. വാറ്റ് നടപ്പിലാക്കുന്നതിനുള്ള ജി.സി.സി രാഷ്ട്രങ്ങളുടെ ഏകീകൃത ഗള്‍ഫ് കരാര്‍ ബഹ്‌റൈന്‍ അംഗീകരിച്ചതിന്റെ ചുവട് പിടിച്ചാണ് ബഹ്‌റൈനിലും വാറ്റ് നടപ്പാക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ രാജ്യത്ത് പൂര്‍ത്തിയായതായി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിനകം ആയിരത്തിലധികം കമ്പനികള്‍ വാറ്റ് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ധനസാമ്പത്തിക കാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്.
കൂടാതെ, നിരവധി സ്ഥാപനങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വാറ്റ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുമുണ്ട്. ഡെവലപ്‌മെന്റ് ഓഫ് പബ്ലിക് റെവന്യൂസ് അസി. അണ്ടര്‍ സെക്രട്ടറി റാണ ഫഖീഹിയാണ് ഇക്കാര്യം അറിയിച്ചത്.
അഞ്ചു മില്യണ്‍ ദിനാര്‍ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികളാണ് ആദ്യഘട്ടത്തില്‍ ബഹ്‌റൈനില്‍ മൂല്യവര്‍ധിത നികുതിയുടെ പരിധിയില്‍ വരുന്നത്. ഇത് രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ക്ക് ആശ്വാസകരമാകും.
ഇതിനായി നാഷണല്‍ ബ്യൂറോ ഫോര്‍ ടാക്‌സേഷന്‍എന്‍.ബി.ടിയിലാണ് കമ്പനികള്‍ തങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ അറിയിക്കേണ്ടത്.
അതേസമയം 94 അടിസ്ഥാന ഭക്ഷ്യവസ്തുക്കളെയും ചില അടിസ്ഥാന സേവനങ്ങളെയും വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, പുതിയ ബില്‍ഡിങ് നിര്‍മാണം, വിദ്യാഭ്യാസം, ആരോഗ്യ സേവനം, പ്രാദേശിക ഗതാഗത സേവനം, എണ്ണ വാതക മേഖല എന്നിവക്കും ബഹ്‌റൈനില്‍ വാറ്റ് ബാധകമല്ല.
ആരോഗ്യ സേവന മേഖലയും പ്രധാന മരുന്നുകളും മൂല്യവര്‍ധിത നികുതിയില്‍ വരില്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ആരോഗ്യ മന്ത്രി ഫാഇഖ അസ്സാലിഹ് വ്യക്തമാക്കിയിരുന്നു. ഇത് രോഗികള്‍ക്കും ആശുപത്രികള്‍ക്കും ആശ്വാസമാണ്.
വാറ്റ് നടപ്പിലാക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകളുള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങളെല്ലാം ഇതിനകം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇക്കാര്യം ഉറപ്പുവരുത്താന്‍ ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ബി.സി.സി.ഐ) സംഘം പ്രധാന സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഈ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ബി.സി.സി.െഎ ഫുഡ് ആന്റ് വെല്‍ത്ത് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് അല്‍ അമീനെ ഉദ്ധരിച്ച് പ്രാദേശിക പത്രം വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബഹ്‌റൈനില്‍ വാറ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി 80008001 എന്ന ഹോട്ട് ലൈന്‍ നമ്പറിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."