സുരക്ഷാമാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്ക്
കക്കാടംപൊയില്‍ (മലപ്പുറം): പരിസ്ഥിതിലോല പ്രദേശത്ത് നിയമങ്ങള്‍ കാറ്റില്‍ പറത്തി, സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്ക്. കക്കാടംപൊയിലില്‍ അതീവ പരിസ്ഥിതിലോല മേഖലയില്‍ മലയുടെ ഒരുവശം ഇടിച്ചാണ് പി.വി.അന്‍വര്‍ എം.എല്‍.എ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2800 അടി ഉയരത്തില്‍ ഊട്ടിക്കു സമാനമായ തണുത്ത കാലാവസ്ഥയുള്ള പരിസ്ഥിതിലോല പ്രദേശത്തെ 12 ഏക്കറിലാണ് പാര്‍ക്ക്. പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് കുളങ്ങളും മണ്ണിടിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇവിടെ നടന്നത്. ഉരുള്‍പൊട്ടല്‍ അടക്കമുള്ളവയുണ്ടായാല്‍ മലയുടെ വശത്തുള്ള കുളങ്ങളടക്കം തകരും. വന്‍തോതില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് മലയിിടിച്ചിലിനും ഇടയാക്കും. മലയുടെ ഒരു ഭാഗം വെട്ടിനിരത്തിയാണ് വെള്ളംകെട്ടിനിര്‍ത്തി വാട്ടര്‍പൂളുകള്‍ സ്ഥാപിച്ചത്.
എം.എല്‍.എ മാനേജിങ്പാര്‍ട്ണറും, ഭാര്യ പി.വി.ഹഫ്‌സത്ത് പാര്‍ട്ണറുമായ പി.വി.ആര്‍ നാച്വറോ പാര്‍ക്ക് എന്ന പേരിലാണ് വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്. ഉദ്ഘാടനം നടന്നില്ലെങ്കിലും 100 രൂപ പ്രവേശന ഫിസ് ഈടാക്കി വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ട്. അനുമതിയില്ലാതെ പാര്‍ക്കില്‍ പണം വാങ്ങി പ്രവേശിപ്പിക്കുന്നത് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ വിവാദമായതോ ടെ മലപ്പുറം ജില്ലയിലെ ഒതായിയിലെ യഥാര്‍ഥ വിലാസത്തിനു പകരം കോഴിക്കോട് ജില്ലയിലെ ബിസ്മില്ല, പാലാട്ട് നഗര്‍, ചെറുവണ്ണൂര്‍ എന്ന വിലാസത്തില്‍ അന്‍വറും ഭാര്യ ഹഫ്‌സത്തും ലൈസന്‍സിന് അപേക്ഷ നല്‍കുകയായിരുന്നു.
പഞ്ചായത്തീരാജ് നിയമവും കെട്ടിടനിര്‍മാണ ചട്ടങ്ങളും പാലിക്കാതെ പാര്‍ക്കില്‍ പ്രവേശിക്കുന്നതിനുള്ള അനുമതി മാത്രം എന്ന പേരില്‍ കൂടരഞ്ഞി പഞ്ചായത്ത് താല്‍ക്കാലിക ലൈസന്‍സ് അനുവദിച്ചതും വിവാദമായിട്ടുണ്ട്. വിനോദസഞ്ചാരികളുടെ ജീവനു സുരക്ഷയേകുന്ന ക്രമീകരണങ്ങളൊന്നും പാര്‍ക്കില്‍ ഇല്ല. പ്രവേശനഫിസിനു പുറമേ റൈഡുകള്‍ക്ക് 500 രൂപയും ഈടാക്കുന്നുണ്ട്. തുടക്കത്തില്‍ 50 രൂപയായിരുന്നു പ്രവേശനഫിസ്. ചീങ്കണ്ണിപ്പാലിയില്‍ കാട്ടരുവിയില്‍ അനധികൃതമായി തടയണകെട്ടി ടാങ്കര്‍ ലോറികളില്‍ എത്തിച്ചാണ് പര്‍ക്കില്‍ വെള്ളം ഉപയോഗിക്കുന്നത്. പാര്‍ക്കില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മാത്രം അകലെയുള്ള ചീങ്കണ്ണിപ്പാലിയില്‍ 40 ഏക്കര്‍ ഭൂമിയില്‍ മലയിടിച്ചാണ് കൃത്രിമതടാകം നിര്‍മിച്ചത്. മലയിടിച്ചു തടയണകെട്ടിയത് നിയമവിരുദ്ധമെന്നു കണ്ടെത്തി രണ്ടു വര്‍ഷം മുന്‍പ് അന്നത്തെ ജില്ലാ കലക്ടര്‍ ടി. ഭാസ്‌ക്കരന്‍ നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞിരുന്നു. ഇതിനിടെ തടയണക്കുമീതെ അനുമതിയില്ലാതെ റോപ് വേയും നിര്‍മിച്ചു.
അനധികൃത നിര്‍മാണം തടഞ്ഞുള്ള കലക്ടറുടെ ഉത്തരവുള്ളതിനാല്‍ അടുത്തബന്ധു കോഴിക്കോട് തിരുവണ്ണൂര്‍ ഹഫ്‌സ മന്‍സില്‍ സി.കെ അബ്ദുല്‍ ലത്തീഫിന്റെ പേരില്‍ റസ്റ്ററന്റ് ആന്റ് ലോഡ്ജിങ് കെട്ടിടം നിര്‍മിക്കാനായി ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിന്നുള്ള അനുമതിയുടെ മറവിലാണ് റോപ് വേ പണിതത്. മൂന്നു വശവും വനഭൂമിയുള്ള സ്ഥലത്താണ് തടയണക്ക് കുറുകെ രണ്ടു മലകളെ ബന്ധിപ്പിച്ച് 350 മീറ്റര്‍ നീളത്തില്‍ റോപ് വേ പൂര്‍ത്തീകരിച്ചത്. ഇവിടെ റോപ് സൈക്കിള്‍ ആരംഭിക്കാനാണ് പദ്ധതി. ഡി.എഫ്.ഒ നല്‍കിയ റിപ്പോര്‍ട്ടിലും തടയണ നിര്‍മാണം അനധികൃതമാണെന്നു സൂചിപ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ അമിത്മീണ അനധികൃത തടയണ പൊളിച്ചുനീക്കി തുടര്‍ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടെങ്കിലും രാഷ്ട്രീയസ്വാധീനം മൂലം ഉത്തരവ് നടപ്പായിട്ടില്ല. അനധികൃതമായി മലയിടിച്ച് ഖനനം നടത്തി ഡാം കെട്ടിയതില്‍ മൈനിങ് ആന്റ് ജിയോളജി വിഭാഗവും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."