ഹാദിയയുടെ വീട്ടില്‍ രാഹുല്‍ ഈശ്വറിന് പ്രവേശനാനുമതി നല്‍കിയത് വിവാദത്തില്‍
കോഴിക്കോട്: വിവാഹം അസാധുവാക്കി കോടതി വീട്ടുകാര്‍ക്കൊപ്പം വിട്ട ഹാദിയയുടെ വൈക്കത്തെ വീട്ടില്‍ സംഘ്പരിവാര്‍ പ്രചാരകന്‍ രാഹുല്‍ ഈശ്വറിന് പ്രവേശനാനുമതി നല്‍കിയത് വിവാദമായി.
ഭര്‍ത്താവ് ഷഫിന്‍ ജഹാനെയോ മാധ്യമപ്രവര്‍ത്തകരെയോ ഇതുവരെ വീട്ടില്‍ പ്രവേശിപ്പിച്ചിരുന്നില്ല. അതിനിടയിലാണ് രാഹുല്‍ ഈശ്വറിന് ഹാദിയെ കാണാനും സെല്‍ഫി എടുക്കാനും പൊലിസ് അനുമതി നല്‍കിയത്. സുപ്രിംകോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ ആരെയും ഹാദിയയെ കാണാന്‍ അനുവദിക്കില്ലെന്ന് പൊലിസ് ആവര്‍ത്തിക്കുമ്പോഴാണ് സംഘ്പരിവാര്‍ അനുകൂലിക്ക് പ്രവേശനാനുമതി നല്‍കിയത്. ഹാദിയക്ക് ഭര്‍ത്താവ് അയച്ച രജിസ്റ്റേര്‍ഡ് കത്തുപോലും നേരത്തെ പിതാവ് തിരിച്ചയച്ചിരുന്നു. സംഘ്പരിവാറിന്റെയും പൊലിസിന്റെയും പിതാവിന്റെയും സഹായത്തോടെയാണ് മറ്റാര്‍ക്കും കയറാനാവാത്ത വീട്ടിനുള്ളില്‍ രാഹുല്‍ ഈശ്വര്‍ കയറിപ്പറ്റിയത്. വനിതാ പ്രതിനിധികള്‍ അടങ്ങിയ ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗങ്ങളെ പോലും കഴിഞ്ഞ ദിവസം വീട്ടില്‍ പ്രവേശിപ്പിച്ചിരുന്നില്ല. വൈക്കം ഡിവൈ.എസ്.പിക്കാണ് ഹാദിയയുടെ വീട്ടിലെ സുരക്ഷാ ചുമതല. എസ്.ഐ യുടെ കീഴിലുള്ള 27 പൊലിസുകാരാണ് ഓരോ ദിവസവും കാവലിരിക്കുന്നത്.
ഹാദിയയെ മാനസാന്തരപ്പെടുത്താന്‍ രാഹുല്‍ ഈശ്വര്‍ ശ്രമിച്ചതായാണ് വിവരം. തന്റെ ജീവിതം ഇങ്ങനെയല്ല വേണ്ടതെന്നും വിശ്വാസാചാരങ്ങളോടെ ജീവിക്കാന്‍ വീട്ടില്‍നിന്ന് അനുവദിക്കുന്നില്ലെന്നും ഹാദിയ രാഹുല്‍ ഈശ്വറിനോട് പറയുന്നതായുള്ള ഒരു വിഡിയോയും പ്രചരിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയായ തനിക്ക് നിസ്‌കരിക്കാന്‍ പോലും വീട്ടില്‍നിന്ന് അനുമതി ലഭിക്കുന്നില്ലെന്ന വെളിപ്പെടുത്തലും വിഡിയോയിലുണ്ട്. രാഹുല്‍ ഈശ്വര്‍ തന്നെ പകര്‍ത്തിയ വിഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."