മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; പ്രതികള്‍ ഇന്ന് കീഴടങ്ങിയേക്കും
തളിപ്പറമ്പ്: സഹകരണ വകുപ്പ് മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി. ബാലകൃഷ്ണന്റെ ദുരൂഹമരണവും കോടികളുടെ സ്വത്ത് തട്ടിയെടുക്കലുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പയ്യന്നൂര്‍ ബാറിലെ അഭിഭാഷക തായിനേരിയിലെ കിഴക്കേക്കര വണ്ണാടില്‍ ശൈലജ, ഭര്‍ത്താവ് കൃഷ്ണകുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് ജസ്റ്റിസ് സുനില്‍തോമസ് തള്ളിയത്. ശൈലജയുടെ സഹോദരി ജാനകിയും ജാമ്യാപേക്ഷയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഇവര്‍ നേരത്തെ അറസ്റ്റിലായതിനാല്‍ ഹരജിയില്‍നിന്നു ഒഴിവായി. ഉന്നതരായ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നായിരുന്നു പൊലിസ് കോടതി മുമ്പാകെ പ്രധാനമായും ഉന്നയിച്ച വാദം. മുന്‍കൂര്‍ ജാമ്യം നിരസിച്ച സാഹചര്യത്തില്‍ പ്രതികള്‍ ഇന്ന് രാവിലെ തളിപ്പറമ്പ് ഡിവൈ.എസ്.പി മുമ്പാകെ കീഴടങ്ങുമെന്നാണ് സൂചന. ഡോ. കുഞ്ഞമ്പുനായരുടെ ദേശീയപാതയോരത്തെ സ്ഥലം കൈയേറിയെന്ന പരാതിയില്‍ അനില്‍കുമാര്‍, തൃച്ഛംബരം ക്ഷേത്രം റോഡിലെ ഉണ്ണിക്കൃഷ്ണന് എന്നിവരെ ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍ ഇന്നലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."