മകനെ തച്ചുടച്ചാല്‍ ഉടഞ്ഞ പാത്രം നേരെയാകില്ല
ചെറിയൊരു കൈപിഴ സംഭവിച്ചതാണ്. അതില്‍ നഷ്ടമായത് വിളമ്പിയ ഭക്ഷണവും ഭക്ഷണം വിളമ്പിവച്ച ചില്ലുപാത്രവും. പക്ഷേ, അതിന്റെ പേരില്‍ ആ പിതാവ് മകനെ ശിക്ഷിച്ചില്ല. ശകാരിക്കുകയോ ശപിക്കുകയോ ചെയ്തില്ല. പകരം, 'സാരമില്ല' എന്നു മാത്രം പറഞ്ഞു. ശേഷം ചിതറിത്തെറിച്ച ചില്ലുകഷണങ്ങളും ചില്ലുകണങ്ങളും അദ്ദേഹം തന്നെ പെറുക്കിക്കൂട്ടി. ചിന്തിപ്പരന്ന ഭക്ഷണങ്ങള്‍ മുഴുവന്‍ കോരിയെടുത്ത് അടുക്കളയിലേക്കു നടന്നു. വീണ്ടും വന്നു മകനോട് ഭക്ഷണം സപ്ലൈ ചെയ്യാന്‍ പറഞ്ഞു.
ഈ കാഴ്ച കണ്ട് സ്തബ്ധനായി നില്‍ക്കുകയാണ് അതിഥി. മക്കളോട് ഇത്ര വലിയ സ്‌നേഹവും ആദരവും കാണിക്കുന്ന ഒരു പിതാവിനെ അയാള്‍ ആദ്യമായി കാണുകയായിരുന്നു. തനിക്കുണ്ടായ അത്ഭുതം മനസിലൊതുക്കിവയ്ക്കാതെ അതിഥി പറഞ്ഞു:
'നിങ്ങളെ സമ്മതിക്കണം. നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ എന്റെ മകന്‍ ഇപ്പോഴേക്കും ചമ്മന്തിപ്പരുവമായി മാറും..'
അതു കേട്ടപ്പോള്‍ വീട്ടുടമസ്ഥന്‍ പറഞ്ഞു: 'നിലത്തു വീണുടഞ്ഞ പാത്രത്തിന് ആകെ നൂറു രൂപയേ വിലയുള്ളൂ. വേണമെങ്കില്‍ അതുപോലൊന്ന് വീണ്ടും വാങ്ങാന്‍ പറ്റും. പക്ഷേ, അതിന്റെ പേരില്‍ മകനെ ശകാരിക്കുകയോ ശിക്ഷിക്കുകയോ ചെയ്താല്‍ അവന്റെ മനസാണു പൊട്ടിത്തകരുക. പിന്നീട് അതുപോലൊന്ന് തിരിച്ചുകിട്ടാന്‍ നൂറല്ല, നൂറായിരം രൂപ ചെലവാക്കിയാലും സാധിച്ചുകൊള്ളണമെന്നില്ല..'
മകന്റെ കൈയില്‍നിന്ന് എന്തെങ്കിലുമൊന്ന് നിലത്തു വീണുടഞ്ഞാല്‍ അതിനുള്ള പരിഹാരം അവനെ കൂടി തച്ചുടയ്ക്കുക..! തന്റെ ദേഹത്തേക്ക് ആരെങ്കിലും അറിയാതെ ചെളി തെറിപ്പിച്ചാല്‍ തെറിയഭിഷേകങ്ങള്‍ നടത്തി അവന്റെ മനസിനെയാകമാനം തകര്‍ത്തുകളയുക. അതുവഴി തന്റെ മനസിനെ ചെളിയെയും വെല്ലുന്ന പാപങ്ങള്‍ കൊണ്ട് പങ്കിലമാക്കുക..!
ഇരുപത്തിയയ്യായിരം രൂപ ശമ്പളമുണ്ട്. അതിലേക്ക് അഞ്ഞൂറ് രൂപയുടെ വര്‍ധനവ് വേണമെന്നു പറഞ്ഞാണു മുദ്രാവാക്യം വിളിക്കുന്നത്. പക്ഷേ, ആവശ്യം അധികൃതര്‍ ചെവികൊണ്ടില്ല. അതില്‍ അമര്‍ഷം രേഖപ്പെടുത്തി ജോലി തന്നെ രാജിവച്ച് ഇറങ്ങിപ്പോന്നു. പകരം മറ്റൊരു ജോലിയില്‍ കയറി. ആ ജോലിക്കു നിശ്ചയിക്കപ്പെട്ട വേതനം പതിനയ്യായിരം രൂപ..! ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതില്‍ സംതൃപ്തനാകേണ്ടി വന്നു.
നിത്യോപയോഗ സാധനങ്ങള്‍ക്കു സര്‍ക്കാര്‍ വില കുറച്ചപ്പോള്‍ വ്യാപാരികള്‍ മുഴുവന്‍ അനിശ്ചിത കാലത്തേക്കു കടയടപ്പു സമരം നടത്തി. ഫലമോ, രണ്ടുമൂന്നു ദിവസത്തെ കച്ചവടം നഷ്ടപ്പെട്ടു. വില കൂടിയതുമില്ല..!
എവിടെയോ ഒരു ദുഷ്ടന്‍ തന്റെ വൈരാഗ്യം തീര്‍ക്കാനായി മറ്റൊരുത്തനെ കഴുത്തറുത്തു കൊന്നാല്‍ അതിന്റെ പേരില്‍ നാടാകെ ഹര്‍ത്താല്‍. ആ ദുഷ്ടനെ മാതൃകാപരമായി ശിക്ഷിക്കുന്നതിനു പകരം നിരപരാധികളായ ജനസമൂഹത്തെയൊന്നാകെ അനാവശ്യമായി ശിക്ഷിക്കുക...! പൊതുമുതല്‍ നശിപ്പിച്ചുകളയുക... സര്‍വത്ര നാശങ്ങളുണ്ടാക്കുക..!
ലാഭത്തോടുള്ള അതിയായ കൊതികൊണ്ടാണു പ്രകൃതിയെ നിരന്തരമായി ചൂഷണം ചെയ്യുന്നത്. പക്ഷേ, ഓരോ ചൂഷണത്തിലൂടെയും തിരിച്ചുകിട്ടുന്നത് കനത്ത നാശനഷ്ടങ്ങള്‍.
വിദ്യാര്‍ഥിയില്‍നിന്നു ചെറിയൊരബദ്ധം വന്നുപോകുമ്പോഴേക്കും അതിന്റെ പേരില്‍ ഇനി നീ നന്നാകില്ലെന്നു പറഞ്ഞു ശാപവാക്കുകള്‍ ചൊരിയുക. വന്നുപോയ അബദ്ധം അവനില്‍നിന്നു തുടച്ചുനീക്കുന്നതിനു പകരം അവനിലെ പ്രതിഭാവിലാസങ്ങളെ മുഴുവന്‍ അടിച്ചുടക്കുക. ഫലമോ, അവന്‍ നന്നായില്ല. അവനിലെ നന്മകള്‍ മുഴുവന്‍ നഷ്ടപ്പെടുകയും ചെയ്തു.
ചെറിയൊരു നഷ്ടത്തോടുള്ള നമ്മുടെ നിഷേധാത്മക പ്രതികരണം അതിനെക്കാള്‍ വലിയ നഷ്ടത്തിനായിരിക്കും വഴിവയ്ക്കുക എന്നതിനു നമ്മുടെ നിത്യജീവിതത്തില്‍നിന്ന് ഇനിയുമിനിയും ഉദാഹരണങ്ങള്‍ കണ്ടെടുക്കാന്‍ കഴിയും. ആര്‍ക്കും ഇഷ്ടമില്ലാത്ത ഒന്നാണു നഷ്ടം. സ്വന്തക്കാരില്‍നിന്നോ ബന്ധക്കാരില്‍നിന്നോ എന്തെങ്കിലും തിന്മകളുണ്ടാകുന്നതും നമുക്കിഷ്ടമില്ല. പക്ഷേ, ആ അനിഷ്ടങ്ങള്‍ ഇഷ്ടഫലങ്ങള്‍ക്കു വഴിയാകേണ്ടതിനുപകരം കഷ്ടഫലങ്ങള്‍ക്കു കാരണമായാലോ..? വിദ്യാര്‍ഥിയെ ശാസിക്കുന്നതും ശിക്ഷിക്കുന്നതും അവന്‍ നന്നായിക്കാണാനുള്ള അതിയായ കൊതിയാലാണ്. പക്ഷേ, അതിനു പകരം നമ്മുടെ ശാസനകളും ശിക്ഷകളും അവനെ കൂടുതല്‍ തിന്മയിലേക്കാണു നയിക്കുന്നതെങ്കിലോ...? തിന്മയ്‌ക്കെതിരിലുള്ള നമ്മുടെ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഒരായിരം തിന്മകള്‍ക്കു വളമാകുന്നതാണെങ്കിലോ...?
ചെറിയ തിന്മയോടുള്ള നമ്മുടെ അമര്‍ഷം കൂടുതല്‍ തിന്മകള്‍ക്കു വളമാകുമെങ്കില്‍ തീര്‍ച്ചയായും രീതി മാറ്റിപ്പിടിക്കുന്നതാണു നല്ലത്. നൂറില്‍ തൊണ്ണൂറ്റിയൊന്‍പ് മാര്‍ക്ക് ലഭിച്ച മകനോട് എവിടെ ഒരു മാര്‍ക്ക് എന്നു ചോദിക്കുന്ന പിതാവ് സത്യത്തില്‍ തൊണ്ണൂറ്റിയൊന്‍പ് മാര്‍ക്കിനെയും നഷ്ടപ്പെടുത്തുകയാണു ചെയ്യുന്നത്. കിട്ടിയതു കാണാതെ കിട്ടാത്തതുകണ്ടു കിട്ടിയതിനെക്കൂടി കിട്ടാതാക്കുന്ന സമീപനം. പാത്രം ഉടച്ച മകനെ തച്ചുടക്കുന്നതു പരിഹാരമല്ല, അപകടമാണ്. അവനെ തച്ചുടച്ചതുകൊണ്ട് ഉടഞ്ഞ പാത്രം ഒരിക്കലും നേരെയായിക്കിട്ടില്ല. പാത്രം ഏതായാലും നഷ്ടപ്പെട്ടു. ഇനി മകനെ കൂടി നഷ്ടപ്പെടുത്തുന്നതു വങ്കത്തമാണ്. പകരം ഇനിയൊരു പാത്രംകൂടി അവന്റെ കൈയില്‍നിന്ന് ഉടഞ്ഞുപോകാതിരിക്കാന്‍ അവനെ ജാഗ്രത്താക്കിയാല്‍ പ്രശ്‌നം കഴിഞ്ഞു.
നഷ്ടങ്ങള്‍ നാം കാണണം. എന്നാല്‍, അതിനെക്കാള്‍ കൂടുതല്‍ കാണേണ്ടത് ആ നഷ്ടത്തോടുള്ള നമ്മുടെ സമീപനം സൃഷ്ടിക്കുന്ന തീരാനഷ്ടങ്ങളെയാണ്. കാരണം, ആദ്യത്തെ നഷ്ടമല്ല, ആ നഷ്ടത്തോടുള്ള നമ്മുടെ തെറ്റായ പ്രതികരണങ്ങളുണ്ടാക്കുന്ന നഷ്ടങ്ങളാണ് വലിയ നഷ്ടങ്ങള്‍. ചെറുതിനെ നീക്കാന്‍ വലുതിനെ നീക്കരുതല്ലോ. എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്നത് ശരിയായ നടപടിയല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."