11 ലക്ഷം ഫീസ് രണ്ടു കോളജുകള്‍ക്ക് മാത്രം ആശങ്ക തീരാതെ സ്വാശ്രയം
തിരുവനന്തപുരം: മുക്കം കെ.എം.സി.ടി, എറണാകുളം ശ്രീനാരായണ എന്നീ മെഡിക്കല്‍ കോളജുകള്‍ക്കു മാത്രം 11 ലക്ഷമെന്ന താല്‍ക്കാലിക ഫീസ് സുപ്രിംകോടതി പരിമിതപ്പെടുത്തിയതോടെ സ്വാശ്രയ, മെഡിക്കല്‍ ഫീസ് ഘടനയില്‍ വീണ്ടും മാറ്റം. പുതുക്കിയ താല്‍ക്കാലിക ഫീസ് നിരക്കോടെ രണ്ടാം ഘട്ട മെഡിക്കല്‍, ഡെന്റല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചു. കഴിഞ്ഞദിവസം പ്രവേശന കമ്മിഷണര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പരിയാരവും ക്രിസ്ത്യന്‍ മാനേജ്‌മെന്റും ഒഴികെ ബാക്കിയെല്ലായിടത്തും 11 ലക്ഷമായിരുന്നു ഫീസ്.
എന്നാല്‍ പരിയാരം ഒഴികെയുള്ള മറ്റു സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളില്‍ യഥാക്രമം അഞ്ചു ലക്ഷവും 2.9 ലക്ഷം രൂപയുമാണ് പുതിയ താല്‍ക്കാലിക ഫീസ്. 85 ശതമാനം സീറ്റുകളിലാണ് ഈ ഫീസ്ഘടന. രണ്ടു കോളജുകള്‍ക്കു മാത്രം ഫീസ് ഉയര്‍ത്തിയ വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയി ല്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും. പരിയാരത്ത് സര്‍ക്കാര്‍ സീറ്റില്‍ രണ്ടരലക്ഷവും എന്‍.ആര്‍.ഐ ഒഴികെയുള്ള മറ്റു സീറ്റുകളില്‍ 10 ലക്ഷവുമായിരിക്കും നിരക്ക്.
ഫീസ് ഏകീകരണമില്ലാതെ രണ്ടാംഘട്ട അലോട്ട്‌മെന്റു കൂടി പ്രസിദ്ധീകരിച്ചതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും കൂടുതല്‍ ആശയക്കുഴപ്പത്തിലായി.
ഉയര്‍ന്ന ഫീസ് നിരക്ക് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ച കെം.എം.സി.ടി, ശ്രീനാരായണ എന്നീ കോളജുകള്‍ക്ക് 11 ലക്ഷം താല്‍ക്കാലിക ഫീസനുവദിച്ച് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു.
ഇതോടെ കോടതി വിധി മുഴുവന്‍ കോളജുകള്‍ക്കും ബാധകമാണോയെന്ന ആശയക്കുഴപ്പമുണ്ടായി. ഇക്കാര്യത്തില്‍ പ്രവേശനകമ്മിഷണര്‍ക്ക് ഡല്‍ഹിയിലെ ലീഗല്‍ കൗണ്‍സിലിന്റെ വ്യക്തത ലഭിച്ചതോടെയാണ് രണ്ടാംഘട്ട അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചത്.
കരാറില്‍ നിന്ന് പിന്മാറിയ പെരിന്തല്‍മണ്ണ എം.ഇ.എസ്, കാരക്കോണം മെഡിക്കല്‍ കോളജുകളെ അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പാലക്കാട് കരുണ, അഞ്ചരക്കണ്ടി, കോഴിക്കോട് മലബാര്‍, തിരുവനന്തപുരം എസ്.യു.ടി അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നീ സ്വകാര്യ മെഡിക്കല്‍ കോളജുകളിലേക്കും പാലക്കാട് അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം, പോത്തന്‍കോട് ശാന്തിഗിരി സിദ്ധ, കോഴിക്കോട് മര്‍കസ് യുനാനി എന്നീ മെഡിക്കല്‍ കോളജുകളിലേക്കും കേരള യൂനിവേഴ്‌സിറ്റിയുടെ അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഈ ഘട്ടത്തില്‍ അലോട്ട്‌മെന്റ് നടത്തിയിട്ടില്ല. ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ കോളജുകളിലെ ന്യൂനപക്ഷ ക്വാട്ടാ സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റും ഈ ഘട്ടത്തില്‍ നടത്തിയിട്ടില്ല.
ലഭിച്ച രേഖകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി കാറ്റഗറി ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ച ശേഷം ഈ സീറ്റുകള്‍ സ്‌പോട്ട് അഡ്മിഷനില്‍ നികത്തുന്നതാണെന്നു പ്രവേശന കമ്മിഷണര്‍ അറിയിച്ചു.
വിവിധ സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ വിദ്യാര്‍ഥികളുടെ ഹോംപേജില്‍ ലഭ്യമാണ്. വിദ്യാര്‍ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് ലഭിച്ച കോളജ്, കോഴ്‌സ്, അലോട്ട്‌മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങള്‍ എന്നിവ വിദ്യാര്‍ഥിയുടെ അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും എടുക്കേണ്ടതാണ്.
അലോട്ട്‌മെന്റ് പ്രകാരം പുതുതായോ മുന്‍ ഘട്ടത്തില്‍ ലഭിച്ച അലോട്ട്‌മെന്റില്‍ നിന്ന് വ്യത്യസ്തമായോ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്ക് അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് അടക്കേണ്ടതുമായ ഫീസ് അധിക തുക നാളെ മുതല്‍ 24 വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിലോ ഓണ്‍ലൈനായോ ഒടുക്കിയ ശേഷം 24ന് വൈകിട്ട് അഞ്ചിന് മുന്‍പായി അലോട്ട്‌മെന്റ് ലഭിച്ച കോളജുകളില്‍ ഹാജരായി പ്രവേശനം നേടണം. നിശ്ചിത സമയത്തിനകം ഫീസ് അധികതുക ഒടുക്കാത്ത വിദ്യാര്‍ഥികളുടെയും കോളജുകളില്‍ ഹാജരായി പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെയും അലോട്ട്‌മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയര്‍ ഓപ്ഷനുകളും റദ്ദാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."