കോടികളുടെ മുക്കുപണ്ടം തട്ടിപ്പ്; പ്രതിയുമായി ഇന്ന് തെളിവെടുപ്പ്
പയ്യന്നൂര്‍: കരിവെള്ളൂരിലെ സോഷ്യല്‍ വെല്‍ഫെയല്‍ സൊസൈറ്റിയില്‍ മുക്കുപണ്ടം പണയപ്പെടുത്തി കോടികള്‍ തട്ടിയ കേസിലെ പ്രധാന പ്രതിയും സൊസൈറ്റി സെക്രട്ടറിയുമായ കെ.വി പ്രദീപനെ ഇന്ന് തെളിവെടുപ്പിനായി കരിവെള്ളൂരിലെത്തിക്കും. പയ്യന്നൂര്‍ സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനെത്തുക. സൊസൈറ്റിയിലും കരിവെള്ളൂര്‍ തെരുവിലെ വീട്ടിലുമാണ് തെളിവെടുപ്പ്. സൊസൈറ്റി സെക്രട്ടറിയുടെ സുഹൃത്തായ കെ. പ്രശാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇയാളെ പൊലിസ് ഇതുവരെ പ്രതിചേര്‍ത്തിട്ടില്ല. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ നല്‍കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചില ജ്വല്ലറികളില്‍ നിന്നു വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ സൊസൈറ്റിയില്‍ പണയം വച്ചിട്ടുണ്ട്. ഇതാരുടെതാണെന്ന് പൊലിസ് അന്വേഷിച്ച് വരികയാണ്. പ്രദീപനെ ചോദ്യം ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ സൊസൈറ്റിയില്‍ നിന്നും പുറത്തുനിന്നുമായി 3.35 കോടി രൂപയാണ് വെട്ടിപ്പ് നടത്തിയതായി പൊലിസ് കണ്ടെത്തിയത്. ചാലക്കുടി കേന്ദ്രീകരിച്ച് 916 കാരറ്റ് മുദ്ര വച്ച് പുറത്തിറക്കുന്ന വ്യാജ സ്വര്‍ണാഭരണങ്ങള്‍ വ്യാപകമായി പയ്യന്നൂരിലും സമീപ പ്രദേശങ്ങളിലുമുള്ള പണമിടപാട് സ്ഥാപനങ്ങളില്‍ പണയപ്പെടുത്തി പണം തട്ടിയെടുക്കുന്നതായുള്ള വിവരങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. ഇവ പരിശോധനയില്‍ പോലും മുക്കുപണ്ടമാണെന്ന് തിരിച്ചറിയുക പ്രയാസമാണെന്ന് പൊലിസ് പറയുന്നു. ഇത്തരത്തിലുള്ള തട്ടിപ്പും കരിവെള്ളൂരിലെ സൊസൈറ്റിയില്‍ നടന്നിട്ടുണ്ടോയെന്നുള്ള അന്വേഷണത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."