ഓടയില്‍ യുവാവിന്റെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം
തിരുവനന്തപുരം: കേശവദാസപുരത്തിനു സമീപം ഓടയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുടപ്പനക്കുന്ന് പാതിരാപ്പള്ളി സ്വദേശി ഉണ്ണിയെന്ന് വിളിക്കുന്ന രമേശിന്റെ (32) മൃതദേഹമാണ് ഓടയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. എം.ജി കോളജ് പ്രധാന ഗേറ്റിനു എതിര്‍വശം ആനന്ദ് നഗറില്‍ നിര്‍മ്മാണം നടക്കുന്നവീടിനു സമീപത്തെ ഓടയിലാണ് രണ്ട് ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കാണപ്പെട്ടത്.
നെയ്യാറ്റിന്‍കരയില്‍ താമസിക്കുന്ന കെട്ടിട ഉടമ വീടും പരിസരവും നോക്കാനും പറമ്പില്‍ വീണ് കിടക്കുന്ന തേങ്ങ എടുക്കാനുമായാണ് ഇന്നലെ രാവിലെ 10 മണിയോടെ എത്തിയത്. ഓടയില്‍ തേങ്ങ വീണു കിടക്കുന്നുണ്ടോ എന്ന് നോക്കുന്നതിനിടെയാണ് ടീ ഷര്‍ട്ടും പാന്റ്‌സും ധരിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഉടമ അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ച ആളെ തിരിച്ചറിഞ്ഞത്. ഇയാള്‍ എങ്ങനെയാണ് ഇവിടെ എത്തിയത് എന്ന കാര്യത്തില്‍ ദുരൂഹത തുടരുന്നു. കൊലപാതകമാണോ അപകടമാണോ എന്നൊന്നും വ്യക്തമല്ല. മൃതദേഹത്തിന്റെ ദേഹത്തും വയറിലും കൈയിലും ചെറിയ പരുക്കുകള്‍ ഉണ്ട്. അത് വീഴ്ചയില്‍ സംഭവിച്ചതാവാം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലിസ്. ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്നാണ് പൊലിസ് പറയുന്നത്. രാധാമണിയാണ് രമേശിന്റെ ഭാര്യ. ഒന്നരവയസുള്ള കുട്ടി ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."