ബസ്സ്റ്റാന്‍ഡിലെ മേല്‍ക്കുരകളും നടപ്പാതകളും തകര്‍ന്നു തന്നെ
പാലക്കാട്: നഗരസഭാ സ്റ്റേഡിയം സ്റ്റാന്‍ഡിലെ മേല്‍ക്കുരകള്‍ തകര്‍ന്നതോടെ മഴക്കാലത്ത് യാത്രക്കാരും വ്യാപാരികളും ദുരിതത്തിലാകുന്നു. ഇടനാഴികളും അഴുക്കുചാലുകളിലെ സ്ലാബുകളും തകര്‍ന്നിട്ട് നാളുകളേറെയായി. ബസ്സ്റ്റാന്‍ഡ് തുടങ്ങി അഞ്ചുവര്‍ഷം കഴിഞ്ഞ് ആദ്യമായാണ് നഗരസഭ അഴുക്കുചാല്‍ തുറന്ന് മാലിന്യം നീക്കിയത്.
അഴുക്കുചാലിനു മുകളിലെ സ്ലാബുകള്‍ മിക്കതും അപകടാവസ്ഥയിലാണ്. പൂര്‍ണമായും തകര്‍ന്നതും കമ്പികള്‍ പുറത്തേക്കു തള്ളിയ നിലയിലുള്ള സ്ലാബുകളില്‍ യാത്രക്കാര്‍ വീഴുന്നത് പതിവായതോടെ വ്യാപാരികള്‍ പലകകള്‍ വച്ച് മറച്ചിരിക്കുകയാണ്. ഇരുഭാഗത്തുമായി 48 ഓളം കടമുറികളിലുടെ മൂന്ന് ഇടവഴികളുള്ളതില്‍ ഒന്നും യാത്രക്കാര്‍ക്ക് ഉപയോഗിക്കാനാവാത്ത വിധത്തിലാണ്. ആദ്യത്തേതിന്റെ മുന്‍വശം തറയിലെ ടൈല്‍സുകള്‍ മൊത്തം തകര്‍ന്ന് നടക്കാനാവാത്ത നിലയിലും രണ്ടാമത്തെതിന്റെ മുകളിലെ ഷീറ്റ് തകര്‍ന്ന് മഴവെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ യാത്രക്കാര്‍ വഴുതി വീഴുന്നതുമാണ് എങ്കില്‍ മൂന്നാമത്തെ ഇടവഴി ഏറെ വിസ്താരമുള്ളതായിരുന്നുവെങ്കില്‍ ഇവിടം സ്വകാര്യ ബസ് സംഘടനകളുടെ എന്‍ക്വയറി കൗണ്ടര്‍ റൂം സ്ഥാപിച്ചിരുന്നു.
അതിനടുത്ത് കെ.എസ്.ആര്‍.ടി.സിയുടെയും എന്‍ക്വയറി കൗണ്ടര്‍ സ്ഥാപിച്ചതോടെ യാത്രക്കാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതായിരിക്കുകയാണ്.
മുന്‍വശത്തെ ട്രാക്കില്‍ കൊല്ലങ്കോട്, പൊള്ളാച്ചി ബസുകള്‍ നിര്‍ത്തുന്ന ഭാഗത്തെ കടകള്‍ക്കു മുകളിലുള്ള വൃത്താകൃതിയിലുള്ള മേല്‍ക്കുരയാണ് ഏകദേശം ഒരടിയോളം വീതിയില്‍ പൂര്‍ണമായും തകര്‍ന്നിരിക്കുന്നത്. ഇതുമൂലം മഴപെയ്താല്‍ സ്റ്റാന്‍ഡിനകത്ത് വെള്ളമൊഴുകുന്നത് പതിവാണ്. മുന്‍വശത്തെ സ്റ്റാളുകള്‍ക്കു മുന്നിലെ മേല്‍ക്കുരകള്‍ മിക്കതും തകര്‍ന്നിരിക്കുന്നതിനാല്‍ വെള്ളം വീഴുന്ന ഭാഗത്തെല്ലാം വ്യാപാരികള്‍ പാത്രം വെക്കുന്നത് പതിവാണ്. കഴിഞ്ഞ മഴക്കാലത്ത് ഇതേ രീതിയില്‍ മേല്‍ക്കുര തകര്‍ന്നതിനെ തുടര്‍ന്ന്‌സമീപത്തെ ബുക്ക് സ്റ്റാള്‍ ഉടമയും മൊബൈല്‍ ഷോപ്പുടമയും സ്വന്തം ചിലവിലാണ് മേല്‍ക്കുര നന്നാക്കിയത്.
പിന്‍ഭാഗത്തെ ട്രാക്കുകളില്‍ മേല്‍ക്കുരയില്ലാത്തതിനാല്‍ മഴക്കാലത്ത് യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഏറെ ദുരിതമനുഭവിക്കുന്നു. ബസുകള്‍ കയറിയിറങ്ങുന്ന ഭാഗങ്ങളില്‍ ഹമ്പുകളില്ലാത്തതിനാല്‍ അപകട സാധ്യതയേറെയാണ്. സന്ധ്യയായാല്‍ നായ്ക്കളുടെയും നാല്‍ക്കാലികളുടെയും മദ്യപന്‍മാരുടെയും താവളമായിരിക്കുന്നു ബസ്സ്റ്റാന്‍ഡിനകം. മുന്‍വശത്ത് വ്യാപാരികളുടെ വാഹന പാര്‍ക്കിങ് ഏരിയയില്‍ സ്ഥരം എക്‌സ്ബിഷനുകളും മേളകളും നടത്തുന്നതിനാല്‍ വ്യാപാരികള്‍ ദുരിതത്തിലാണ്. സ്റ്റാന്‍ഡിനകത്ത് സ്വന്തം വാഹനങ്ങള്‍ നിര്‍ത്തുന്നതിനും എടുക്കുന്നതിനുമെല്ലാം പൊലിസുകാര്‍ ചാര്‍ജ് ചെയ്യുമെന്നതിനാല്‍ വണ്ടികള്‍ എവിടെ നിര്‍ത്തുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.
കേരളത്തിലെ ഏറ്റവും വലിയ ബസ്സ്റ്റാന്‍ഡെന്ന ബഹുമതിയുള്ള സ്റ്റേഡിയം സ്റ്റാന്‍ഡിനകത്തിന്റെ പരാതീനതകള്‍ അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. മുന്‍വശത്തെ സോഡിയം ലാമ്പുകളും കണ്ണടച്ചിട്ട് വര്‍ഷങ്ങളായി. ലക്ഷങ്ങള്‍ വാടകയിനത്തില്‍ നേടിയെടുക്കുന്ന നഗരസഭ വ്യാപാരികളുടെയും യാത്രക്കാരുടെയും കാര്യത്തില്‍ അനങ്ങാപ്പാറനയം സ്വീകരിക്കുകയാണ്. അപകടം വിതക്കുന്ന നടപ്പാതകളിലെ സ്ലാബുകള്‍ നന്നാക്കാന്‍ വ്യാപാരികള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."