ആഡംബരവിരോധമെന്ന തെരഞ്ഞെടുപ്പു തന്ത്രം
വിദേശപര്യടനവേളയില്‍ സ്വന്തം കോട്ടുനിറയെ 'ദാമോദര്‍ നരേന്ദ്രമോദി'യെന്നു സ്വര്‍ണനൂലിനാല്‍ ആലേഖനം ചെയ്തു കോടികള്‍ ധൂര്‍ത്തടിച്ച പ്രധാനമന്ത്രി സഹമന്ത്രിമാരോട് അവരുടെ ആഡംബരഭ്രമം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതു വലിയ തമാശ തന്നെ. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പ്രചാരണതന്ത്രം മാത്രമാണ് ഈ 'കര്‍ശന നിര്‍ദേശം'. പശു സംരക്ഷണവും നോട്ട് നിരോധനവും ഗുണംചെയ്യില്ലെന്ന തിരിച്ചറിവിലാണു പ്രധാനമന്ത്രി പുതിയതന്ത്രം പയറ്റുന്നത്.
മന്ത്രിസഭായോഗം കഴിഞ്ഞു പിരിഞ്ഞുപോവുകയായിരുന്ന മന്ത്രിമാരെ തിരികെ വിളിച്ചു വെളിപാടെന്ന പോലെയാണ് ഈ നിര്‍ദേശം നല്‍കിയത്. മന്ത്രിമാര്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കരുതെന്നും പൊതുമേഖലാസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ദുരുപയോഗപ്പെടുത്തരുതെന്നും മന്ത്രിമാരുടെ സ്റ്റാഫ് പൊതുമേഖലാസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും മന്ത്രിമാര്‍ സര്‍ക്കാര്‍ അതിഥിമന്ദിരങ്ങളില്‍ താമസിച്ചാല്‍ മതിയെന്നുമാണു പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. നിര്‍ദേശം നല്‍കിയ മാത്രയില്‍ അവ മാധ്യമങ്ങള്‍ക്കു ചോര്‍ന്നുകിട്ടിയത് അത്ഭുതം തന്നെ!
മന്ത്രിസഭയുടെ കാലാവധി തീരാന്‍ രണ്ടുവര്‍ഷം മാത്രമുള്ളപ്പോഴാണോ പ്രധാനമന്ത്രിക്ക് ആഡംബരവിരുദ്ധ ബോധോദയമുണ്ടായത്. മന്ത്രിമാരുടെ ആഡംബരഭ്രമം ഈ വൈകിയവേളയിലാണു പ്രധാനമന്ത്രിയെ അലോസരപ്പെടുത്തുന്നതെന്നതു തമാശ തന്നെ. നിര്‍ദേശം നല്‍കിയ ഉടനെ അതു ചോര്‍ന്നു പോവുകയും ചെയ്തു! ഇതൊരു തന്ത്രത്തിന്റെ ഭാഗമായിക്കൂടെന്നില്ല.
സഹമന്ത്രിമാരുടെ ആഡംബരഭ്രമം പ്രധാനമന്ത്രിയെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെങ്കില്‍ നിര്‍ദേശം നല്‍കുന്നതിനുപകരം നടപ്പിലാക്കുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്. നേരത്തെയും പ്രധാനമന്ത്രിയില്‍നിന്നു സമാനമായ പ്രസ്താവനകളും നിര്‍ദേശങ്ങളും വന്നതാണ്. ദലിതുകളെ പശുസംരക്ഷണത്തിന്റെ പേരില്‍ കൊല്ലുന്നവര്‍ ആദ്യം തന്റെ നെഞ്ചിലേക്കു നിറയൊഴിക്കട്ടെയെന്ന വീണ്‍വാക്ക് ഈ തരത്തില്‍പെട്ടതായിരുന്നു. അതിനുശേഷവും പശുസംരക്ഷകരെന്ന് അവകാശപ്പെട്ടവരുടെ കിരാതമര്‍ദനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ദലിതുകളും മുസ്‌ലിംകളും ഇരകളായി.
വാക്കുകളല്ല, അക്രമം തടയലും അതിനു ശക്തമായ നിയമങ്ങള്‍ ഉണ്ടാക്കലുമാണു വേണ്ടത്. രാജ്യസ്‌നേഹികള്‍ ആഗ്രഹിക്കുന്നത് അതാണ്. ലോക്‌സഭാതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ബി.ജെ.പി അവരുടെ തുറുപ്പുശീട്ടായ നരേന്ദ്രമോദിയെ പ്രചാരണരംഗത്തിറക്കിയിരിക്കുന്നതാണ് ഇത്തരം വാക്കുകളിലൂടെ നാം കാണുന്നത്.
പൊതുമേഖലാസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതിലാണു പ്രധാനമന്ത്രിക്കു നീരസം. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ ചുളുവിലയ്ക്കു കോര്‍പറേറ്റുകള്‍ക്കു വിറ്റഴിക്കുന്നതില്‍ 'മനസ്താപ'മില്ല. അഴിമതിരഹിത ഭരണമെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ പാടുപെടുകയാണു ബി.ജെ.പി. 2013ല്‍ പാസാക്കിയ ലോക്പാല്‍ ബില്‍ എന്തുകൊണ്ടാണു ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കാത്തത്. അണ്ണാ ഹസാരെ നടത്തിയ അഴിമതിവിരുദ്ധ ലോക്പാല്‍ മുദ്രാവാക്യത്തിന്റെ ഗുണഭോക്താക്കളായിരുന്നില്ലേ ബി.ജെ.പി സര്‍ക്കാര്‍. എന്നിട്ടെന്തുകൊണ്ട് ആ നിയമം നടപ്പാക്കുന്നില്ല.
നോട്ടുനിരോധനത്തിന്റെ പിന്നിലെ രഹസ്യം ഇന്നും ദുരൂഹമായിത്തുടരുകയാണ്. പ്രധാനമന്ത്രിയെ മറ്റു മന്ത്രിമാര്‍ പേടിക്കുന്നത് അഴിമതിയോടുള്ള വെറുപ്പുകൊണ്ടായിരിക്കണമെന്നില്ല. എല്ലാ അധികാരവും അദ്ദേഹത്തില്‍ കേന്ദ്രീകരിച്ചതുകൊണ്ടാണ്. അധികാരത്തോടുള്ള ഭയമാണത്, നരേന്ദ്രമോദിയെന്ന വ്യക്തിയോടുള്ള സ്‌നേഹവും ബഹുമാനവുമല്ല. ബി.ജെ.പി നേതാക്കളും ആഡംബരപ്രിയരായിരിക്കാം. അത് അവസാനിപ്പിക്കേണ്ടതു തന്നെയാണ്.
പക്ഷേ, ഇന്ത്യ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ആദ്യം പരിഹാരം കാണേണ്ടതല്ലേ. അവശ്യസാധനങ്ങളുടെ കുതിച്ചുയരുന്ന വില നിയന്ത്രിക്കാനോ ജി.എസ്.ടി എന്ന മാരകപ്രഹരം ജനതയ്ക്കു നല്‍കാതിരിക്കാനോ ആത്മഹത്യ ചെയ്തു കൊണ്ടിരിക്കുന്ന കര്‍ഷകന് ആശ്വാസം നല്‍കാനോ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഭരണത്തിനിടയില്‍ ബി.ജെ.പി സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രിയുടെ ആഡംബരവിരോധം അതിനാല്‍ത്തന്നെ വെറും തെരഞ്ഞെടുപ്പു തന്ത്രമായി കണ്ടാല്‍ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."