അന്ധകാരനഴിയില്‍ മത്സ്യസമൃദ്ധിയുടെ കാലം
തുറവൂര്‍: കടലും കായലും ഒന്നിക്കുന്ന തരത്തില്‍ അന്ധകാരനഴി പൊഴി പൂര്‍ണ്ണമായി മുറിഞ്ഞു. കായലോരങ്ങളില്‍ മത്സ്യം ധാരാളം കിട്ടിതുടങ്ങി. ചെറുവള്ളങ്ങളിലും ചീനവലകളിലും പണിയെടുക്കുന്ന തൊഴിലാളികള്‍ക്കും വീശുവല ഉപയോഗിച്ച് മീന്‍പിടിക്കുന്നവര്‍ക്കും മൂന്നാഴ്ചയായി മീന്‍ ലഭിച്ചു തുടങ്ങി. അന്ധകാരനഴി, പള്ളിത്തോട്, എഴുപുന്ന, ചങ്ങരം, തഴുപ്പ്, ചമ്മനാട് തുടങ്ങിയ പ്രദേശങ്ങളിലെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കാണ് ചെമ്മീനുള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ ലഭിക്കുന്നത്.
ഈ പ്രാവശ്യം ജൂണ്‍ ആദ്യവാരത്തില്‍ത്തന്നെ റവന്യു വകുപ്പിന്റെ സഹായത്തോടെ പൊഴിമുറിക്കല്‍ നടപടികള്‍ ആരംഭിച്ചിരുന്നു. മൂന്ന് മണ്ണ് മാന്തിയന്ത്രങ്ങളുടെ സഹായത്തോടെ മൂന്നാഴ്ച നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് പൊഴിമുറിക്കാന്‍ കഴിഞ്ഞത്.
ശേഷിച്ച മണല്‍ കൂടി അഴിമുഖത്തു നിന്നു മാറ്റാന്‍ കഴിഞ്ഞതോടെ പൊഴിയില്‍ നീരൊഴുക്ക് സുഗമമായി. ചെറുവള്ളങ്ങളിലും വീശുവല ഉപയോഗിച്ചും ധാരാളം തൊഴിലാളികള്‍ അന്ധകാരനഴി പൊഴിമുഖത്ത് മീന്‍പിടിക്കുന്നുണ്ട്. ഇവിടെ മത്സ്യസമൃദ്ധിയുടെ കാലമായി മാറിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."