നീതി മെഡിക്കല്‍ ലാബ് ഉദ്ഘാടനം നാളെ
കട്ടപ്പന: ഇടുക്കി ജില്ലാ പൊലിസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ നീതി മെഡിക്കല്‍ ലാബ് വരുന്നു. മാര്‍ക്കറ്റ് ജങ്ഷനില്‍ നീതി മെഡിക്കല്‍ സ്റ്റോറിനോട് ചേര്‍ന്നാണ് ലാബ് ആരംഭിക്കുന്നത്. നാളെ ഒരു മണിക്ക് വൈദ്യുതി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും.
പൊലിസ് സഹകരണ സംഘത്തിന്റെ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന ലാബില്‍ പരിശോധനകള്‍ക്ക് 20 ശതമാനം മുതല്‍ 70 ശതമാനം വരെ നിരക്ക് ഇളവ് ലഭിക്കുമെന്ന് സംഘം പ്രസിഡന്റ് ജോസഫ് കുര്യന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊലിസ് സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഇതാദ്യമായാണ് മെഡിക്കല്‍ ലാബ് പ്രവര്‍ത്തിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ധന കുടുംബങ്ങള്‍ക്ക് ഇടവെട്ടിയിലും നാലുമുക്കിലും സംഘം വീട് പണിയാന്‍ സഹായം നല്‍കി.
കീരിത്തോട് സ്‌കൂളിലെ ഒരു ക്ലാസ് റൂം ഹൈടെക് ആക്കി നിര്‍മിച്ചു നല്‍കി. ജില്ലയിലെ സ്‌കൂളുകള്‍ക്കായി അഞ്ച് ലക്ഷം രൂപ സഹായം നല്‍കി. ലബോറട്ടറിയില്‍ ആധുനിക സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.
രാവിലെ 6.30 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തന സമയം. ഉദ്ഘാടനചടങ്ങില്‍ നഗരസഭാ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സെബാസ്റ്റ്യന്‍, ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാല്‍, ഡിവൈ.എസ്.പി എന്‍.സി രാജ് മോഹന്‍, സി.ഐ വി.എസ് അനില്‍കുമാര്‍, നഗരസഭാ കൗണ്‍സിലര്‍ സി.കെ മോഹനന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി ഹസന്‍, എം.കെ തോമസ് സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.വി വിശ്വനാഥന്‍, പി.എസ് റോയി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."