സഊദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്
റിയാദ്: സഊദിയില്‍ വാഹനാപകടത്തില്‍ തളിപ്പറമ്പ് സ്വദേശി മരിക്കുകയും സഹയാത്രികരായ മൂന്നു ഉത്തരേന്ത്യന്‍ സ്വദേശികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തളിപ്പറമ്പ് ഇരിങ്ങല്‍ സ്വദേശി കല്ലുരിയകത്ത് അബ്ദുല്‍ ഖാദറാണ് (57) മരിച്ചത്.
പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച വൈകീട്ട് അല്‍ഖസീം പ്രവിശ്യയിലെ അല്‍റസ്സിനു സമീപം ഹംജ ഗ്രാമത്തില്‍ വച്ചാണ് അപകടം നടന്നത്.
അബ്ദുല്‍ ഖാദര്‍ ഓടിച്ചിരുന്ന വാഹനത്തില്‍ തെറ്റായ ദിശയില്‍ വന്ന സ്വദേശി പൗരന്റെ വാഹനം ഇടിച്ചാണ് അപകടം.
നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബ്ദുല്‍ ഖാദറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. 28 വര്‍ഷമായി അല്‍ഖസീമിന്റെ പരിസരങ്ങളില്‍ വസ്ത്ര വ്യാപാരം നടത്തി വരികയായിരുന്നു മരിച്ച അബ്ദുല്‍ ഖാദര്‍. ഒരു വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്.
ഭാര്യ: കുഞ്ഞാമിന. മക്കള്‍: ഖദീജ, നജ്മ, ഖൈറുന്നിസ, നാജിയ എന്നിവര്‍ മക്കളാണ്. മൃതദേഹം ഇവിടെത്തന്നെ ഖബറടക്കാനാണ് തീരുമാനം. അദ്ദേഹവുമായി വ്യാപാര സംബന്ധമായ ഇടപാടുകള്‍ 0533006695 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."