ഗുര്‍മീതിനെതിരേ വിധിപറഞ്ഞത് ഒരു കേസില്‍ മത്രം
ചണ്ഡിഗഡ്: അനുയായികളായ രണ്ട് സ്ത്രീകളെ മാനഭംഗം ചെയ്ത കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാമിന് അടുത്ത കുരുക്കായി മാധ്യമ പ്രവര്‍ത്തകനെ വധിച്ച കേസ്. റാം ചന്ദര്‍ ഛത്രപതിയെന്ന മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ വിചാരണ അടുത്ത മാസം 16ന് ആരംഭിക്കും.
ഗുര്‍മീത് മാനഭംഗപ്പെടുത്തിയെന്ന രണ്ടു സ്ത്രീകളുടെ പരാതി റിപ്പോര്‍ട്ട് ചെയ്തതിനാണ് റാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയത്. 2002ല്‍ ഗുര്‍മീതിന്റെ അനുയായികള്‍ കൊലപ്പെടുത്തിയെന്നാണ് ആരോപണം. മാനഭംഗ കേസില്‍ വിധി പറഞ്ഞ പഞ്ചകുലയിലെ സി.ബി.ഐ പ്രത്യേക കോടതിയിലാണ് വിചാരണ.
മാനഭംഗ കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന കോടതി വിധിയെ റാം ചന്ദര്‍ ഛത്രപതിയുടെ കുടുബം സ്വാഗതം ചെയ്തു. ദേര തലവെനെതിരായ കോടതി വധി ഞങ്ങള്‍ക്കു മാത്രമല്ല രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതീക്ഷയാണ് നല്‍കുന്നത്. കോടതിയെ ആര്‍ക്കും സ്വാധീനിക്കാനാവില്ലെന്ന ശക്തമായ സന്ദേശമാണ് ഈ വിധി നല്‍കുന്നതെന്ന് ഛത്രപതിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ അന്‍ഷുല്‍ പറഞ്ഞു. ജീവനു ഭീഷണിയുള്ളതിനാല്‍ പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അന്‍ഷുലിന്. ഇപ്പോഴത്തെ വിധി അടുത്ത മാസം വിചാരണ നടക്കുന്ന കേസിന് ശക്തിപകരുമെന്ന് അദ്ദേഹം പറഞ്ഞു.
അനുയായിയായ രഞ്ജീത് സിങിനെ വധിച്ച കേസിലും ഗുര്‍മീത് സിങ് പ്രതിയാണ്. രണ്ടു കേസുകളിലും ഗൂഡാലോചന കുറ്റമാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. ഗുര്‍മീത് പീഡിപ്പിച്ചുവെന്ന് കാണിച്ച് പ്രധാനമന്ത്രിയായിരുന്ന വാജ്‌പെയ്ക്ക് ലഭിച്ച ഊമകത്തിനു പിന്നില്‍ രഞ്ജിത് സിങാണെന്ന് ആരോപിച്ചായിരുന്നു ഇയാളെ കൊലപ്പെടുത്തിയത്.
സിര്‍സയിലെ മാധ്യമപ്രവര്‍ത്തകാനായിരുന്നു കൊല്ലപ്പെട്ട റാം ചന്ദര്‍ ഛത്രപതി. 2000ല്‍ സ്വന്തമായി ആരംഭിച്ച സായാഹ്ന പത്രത്തിലാണ് ഗുര്‍മീതിനെതിരായ വാര്‍ത്ത വന്നിരുന്നത്.
വിവാദ ആള്‍ദൈവമായ ഗുര്‍മീതിനെതിരേയുള്ള മാനംഭംഗ ആരോപണവും മറ്റു അനധികൃത പ്രവര്‍ത്തനങ്ങളും വെളിപ്പെട്ടതോടെയാണ് ഛത്രപതി ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. ദേരാ തലവന്റെ വഴിവിട്ട ബന്ധങ്ങള്‍ പുറം ലോകത്ത് ആദ്യമായി എത്തിച്ചതും ഇദ്ദേഹമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."