പാചക വാതക വിതരണത്തിനിടെ യുവാക്കള്‍ക്ക് നേരെ ഗുണ്ടാസംഘത്തിന്റെ അക്രമം
കഠിനംകുളം: കഴക്കൂട്ടം സൈനിക സ്‌കൂളിന് സമീപം ഇലിപ്പകുഴിയില്‍ പാചകവാതകം വിതരണം ചെയ്യാന്‍പോയ യുവാക്കള്‍ക്ക് നേരെ ഗുണ്ടാസംസംഘത്തിന്റെ അക്രമം. വാഹനം തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തലക്കിടിച്ചു ഗുരുതരമായി പരുക്കേല്‍പ്പിക്കുകയായിരന്നു. ചന്തവിള ഉതിയറമൂല കൃഷ്ണസുധയില്‍ ബിജീഷ്(32), ചന്തവിള കല്ലുകുന്ന് പി.ആര്‍ ഭവനില്‍ ആര്‍.പി രാജേഷ്(17) എന്നിവര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. തുടര്‍ന്ന് പതിനായിരം രൂപയും മൂന്നു പവനോളം വരുന്ന മാലയും പൊട്ടിച്ചെടുത്തു. അതുവഴി ജോലി കഴിഞ്ഞു ബൈക്കില്‍ പോയ ചന്തവിളയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന യുവാക്കളെയും സംഘം മര്‍ദിച്ചു. സംഭവം തടയാന്‍ എത്തിയവര്‍ക്ക് നേരെയും മര്‍ദനമുണ്ടായി.
ബിജീഷ് തലയ്ക്കു 30 തുന്നികെട്ടുകളോടെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച സന്ധ്യയോടെ ഇലിപ്പക്കുഴി കോളനിയ്ക്കു സമീപം റോഡിലാണ് എട്ടംഗസംഘം അഴിഞ്ഞാടിയത്. ഈ സമയത്ത് വീടുകളില്‍ പാചകവാതകം എത്തിക്കുന്ന ബിജീഷും ബന്ധുവായ രാജേഷും അതുവഴി വാഹനത്തില്‍ വരികയായിരുന്നു. വാഹനം തടഞ്ഞുനിര്‍ത്തിയ സംഘം ഈ വഴി വരാന്‍ ആരുപറഞ്ഞു എന്നുചോദിച്ചായിരുന്നു മര്‍ദനം. അടിപിടി, മോഷണം, പിടിച്ചുപറി ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ആക്രമിച്ചതെന്നും കഴക്കൂട്ടം പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കഴക്കൂട്ടം പൊലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."