ജെ.ജെ ആക്ട് രജിസ്‌ട്രേഷന്‍: കരടുരേഖ പുറത്തിറങ്ങി
മലപ്പുറം: ജെ.ജെ ആക്ട് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടുള്ള കരടുരേഖ പുറത്തിറങ്ങി. എന്തെങ്കിലും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനുണ്ടെങ്കില്‍ ഇന്ന് നല്‍കണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍മാരോട് സാമൂഹ്യനീതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 23നാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ കരട് രേഖ അയച്ചുകൊടുത്തത്. ചില്‍ഡ്രന്‍സ് ഹോമിന് അംഗീകാരം നല്‍കുന്നതിനായി പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന്‍ പൂരിപ്പിച്ചുനല്‍കേണ്ട ചോദ്യാവലി ഇപ്പോള്‍ പുറത്തിറക്കിയ കരടിലുണ്ട്.
കെട്ടിടത്തിന്റേയും അനുബന്ധ സൗകര്യങ്ങളുടെയും വിസ്തൃതി, വിദ്യാഭ്യാസം, ഭക്ഷണം, പഠനം, മാനസികോല്ലാസം എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍, ശുചിത്വം, സ്ഥാപനത്തിലെ തസ്തികകള്‍, ജീവനക്കാരുടെ പേര്, യോഗ്യത തുടങ്ങിയവയാണ് ചോദ്യാവലിയില്‍ രേഖപ്പെടുത്തേണ്ടത്. സംസ്ഥാന ഡയരക്ടര്‍ ആറുമാസത്തിനകം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. 10 കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റുസ്ഥാപനങ്ങളില്ലെങ്കിലേ പുതിയതിന് അംഗീകാരം നല്‍കൂ.
സാമ്പത്തിക ശേഷിയില്ലാത്ത സംഘടനകള്‍ക്ക് ചില്‍ഡ്രന്‍സ് ഹോം തുടങ്ങാന്‍ അനുമതി നല്‍കേണ്ടെന്നും മാര്‍ഗനിര്‍ദേശ രേഖയിലുണ്ട്. ജെ.ജെ ആക്ട് നടപ്പാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് കൊണ്ടുവരുന്ന നിബന്ധനകളില്‍ ചിലത് ജീവകാരുണ്യ, ധര്‍മ സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുന്നതിന് ഇടവരുത്തുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. സ്റ്റാഫ് പാറ്റേണ്‍, കെട്ടിട സൗകര്യം, വേതന വ്യവസ്ഥ, നടത്തിപ്പ് എന്നിവ സംബന്ധിച്ചുള്ള നിബന്ധനകളാണ് സ്ഥാപനങ്ങളുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നത്.
2015ലെ ജുവൈനല്‍ ജസ്റ്റിസ് ആക്ടിലെ 41 (1) വകുപ്പുപ്രകാരം എല്ലാ ശിശു സംരക്ഷണ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. വ്യവസ്ഥകള്‍ പാലിക്കാതെ കുട്ടികളെ താമസിപ്പിക്കുന്നത് കുറ്റകരമാണ്. സാമൂഹ്യനീതി സെക്രട്ടറിക്കാണ് അംഗീകാരം നല്‍കുന്നതിനുള്ള ചുമതല. അംഗീകാരത്തിന് നിലവിലുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഭൗതികസൗകര്യങ്ങള്‍, മുറികളുടെ എണ്ണവും വലിപ്പവും, ജലസ്രോതസ്, ശുചിത്വ സംവിധാനം, സംഘടനയുടെ സാമ്പത്തികസ്ഥിതി, വരുമാനസ്രോതസുകള്‍, മൂന്നുവര്‍ഷത്തെ ഓഡിറ്റ് ചെയ്ത കണക്കുകള്‍, വിദേശ ഫണ്ടുകള്‍ എന്നിവ വ്യക്തമാക്കണമെന്നാണ് നിര്‍ദേശം.
ജില്ലാ ശിശുസംരക്ഷണ ഓഫിസറോ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ ആണ് സ്ഥാപനം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആറുമാസത്തിനകം അംഗീകാര സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."