ചിങ്ങവെയില്‍ ചിരിക്കുന്നില്ല: മഴയില്‍ കുതിര്‍ന്ന് ഓണം-പെരുന്നാള്‍ വിപണി
ചെറുവത്തൂര്‍: നിര്‍ത്താതെ പെയ്യുന്ന മഴ ഓണം-പെരുന്നാള്‍ വിപണിയെ പ്രതികൂലമായി ബാധിച്ചു. മഴ തിമിര്‍ത്തു പെയ്യുന്ന കര്‍ക്കടക മാസത്തിനു വിടനല്‍കി വെയില്‍ ചിരിക്കുന്ന മാസമാണ് ചിങ്ങം.
എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെങ്ങും കനത്തമഴയാണ്. മഴ കാരണം ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നതിനാല്‍ വിപണിയും മാന്ദ്യത്തിലാണ്.
ഓണം പെരുന്നാള്‍ കച്ചവടം പ്രതീക്ഷിച്ചെത്തിയ വഴിയോരക്കച്ചവടക്കാരാണ് ഏറെ കഷ്ടത്തിലായത്. ഓണം അടുത്തതോടെ മറുനാട്ടില്‍നിന്നുള്ള പൂക്കള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. സ്‌കൂളുകളിലും, കോളജുകളിലും അടുത്ത ദിവസങ്ങളില്‍ ഓണാഘോഷം നടക്കാനിരിക്കെയാണ് പ്രതീക്ഷയോടെ പൂക്കച്ചവടക്കാര്‍ എത്തിയിരിക്കുന്നത്. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍ എന്നിവയുമായും നിരവധി പേര്‍ വഴിയോരങ്ങളില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി സാധനങ്ങള്‍ റോഡരികില്‍ ഒന്ന് നിരത്തിയിടാന്‍ പോലും പലര്‍ക്കും കഴിഞ്ഞിട്ടില്ല. അതിരാവിലെ പാതയോരങ്ങളില്‍ എത്തുമെങ്കിലും പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് സാധനങ്ങള്‍ മഴ നയാതെ മൂടിവെച്ച് വൈകുന്നേരം നിരാശയോടെ മടങ്ങുകയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. അവധി ദിനങ്ങള്‍ തുടര്‍ച്ചയായി വന്നതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചുവരുന്നതേയുള്ളൂ.
ഇന്നും നാളെയുമായി വിപണി കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ജനം. മഴ ഓണാഘോഷ പരിപാടികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."