അര്‍ധരാത്രി മാലിന്യവുമായെത്തിയ ആറ് വാഹനങ്ങള്‍ നാട്ടുകാര്‍ പിടികൂടി
എടവണ്ണ: അര്‍ധരാത്രി മാലിന്യവുമായെത്തിയ ആറ് വാഹനങ്ങള്‍ നാട്ടുകാര്‍ പിടികൂടി. പടിഞ്ഞാറെ ചാത്തല്ലൂര്‍ ഓടണ്ടപ്പാറ റോഡില്‍ ആദിവാസി കോളനിയിലേക്ക് പോവുന്ന റോഡുള്‍പ്പടെ വിവിധ സ്ഥലങ്ങളിലായാണ് മാലിന്യം തട്ടിയത്. ആദ്യം മൂന്നുവാഹനങ്ങള്‍ ഈ പ്രദേശത്ത് മാലിന്യം തട്ടി കടന്നുകളഞ്ഞിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ പുലര്‍ച്ചെ 2.30ഓടെ റോഡിലിറങ്ങിയ സമയത്ത് വീണ്ടും മൂന്നുവാഹനങ്ങളും അകമ്പടിയായി ഒരു കാറില്‍ നാല് ആളുകളുമെത്തി. വാഹനം തടഞ്ഞയുടനെ കാറില്‍ നിന്നിറങ്ങിയ നാലംഗ സംഘം കത്തിയെടുത്ത് വീശുകയായിരുന്നു. ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും കാറിലുണ്ടായിരുന്നവരും ലോറിയിലുണ്ടായിരുന്നവരും ഓടിരക്ഷപ്പെട്ടു.
തുടര്‍ന്ന് നാട്ടുകാര്‍ നേരം പുലരും വരെ വാഹനത്തിന് കാവല്‍ നിന്നു. രാവിലെ എട്ടിനെത്തിയ പള്ളി അന്വേഷിച്ചെത്തിയ വാഹനത്തിലെ രണ്ട് കൂലിത്തൊഴിലാളികളെ നാട്ടുകാര്‍ പിടികൂടി. ഒരാള്‍ ബംഗാളിയും മറ്റൊരാള്‍ വടകര സ്വദേശിയുമാണ്. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെകൊണ്ട് തട്ടിയ മാലിന്യം മുഴുവന്‍ തിരികെയെടുപ്പിച്ച് മറ്റൊരു വണ്ടിയിലേക്ക് കയറ്റിച്ചു. തുടര്‍ന്നെത്തിയ എടവണ്ണ പൊലിസ് ഇവരെ കസ്റ്റഡിയിലെടുക്കുയായിരുന്നു. കാറിലുണ്ടായിരുന്ന ഓടിപ്പോയവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. പൊലിസ് അന്വേഷിച്ചു വരികയാണ്.
കോഴിമാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ.
കഴിഞ്ഞ ദിവസം എടവണ്ണ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം തള്ളി കടന്നുകളഞ്ഞവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.
വന്‍ലാഭത്തിനു വേണ്ടി നിരവധി ഏജന്റുമാരാണ് വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്നും എം.എല്‍.എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ന് എടവണ്ണ പഞ്ചായത്ത് ഹാളില്‍ വിവിധ വകുപ്പുമേധാവികള്‍, പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് അംഗങ്ങള്‍, കക്ഷിരാഷ്ട്രീയ പ്രതിനിധികള്‍ എന്നിവരുടെ യോഗം ഉച്ചക്ക് മൂന്നിന് ചേരുമെന്നും തുടര്‍ന്ന് മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."