ജില്ലയുടെ തെക്ക്, കിഴക്കന്‍ പ്രദേശങ്ങളില്‍ വന്‍ സ്പിരിറ്റ് ശേഖരം
ചാരുംമൂട്: ഓണവിപണി ലക്ഷ്യമിട്ട് ജില്ലയുടെ തെക്ക്, കിഴക്കന്‍ പ്രദേശങ്ങളില്‍ വന്‍ സ്പിരിറ്റ് ശേഖരമെന്ന് സൂചന. എക്‌സൈസും,പൊലിസും പരിശോധനകള്‍ ശക്തമാക്കാന്‍ നീക്കം.
കെ.പി.റോഡു വഴിയും, കൊല്ലം-തേനി ദേശീയപാത വഴിയും രാത്രിയിലും പകലും സ്പിരിറ്റ് കടത്ത് സജീവമാണന്ന് ആക്ഷേപവുമുണ്ട്. ബാറുകള്‍ അടഞ്ഞതോടെ ഇത്തവണ മേഖലയില്‍ മിക്ക ഗ്രാമപ്രദേശങ്ങളിലും സംഘമായി ചേര്‍ന്ന് വ്യാജമദ്യ കച്ചവടവും സ്പിരിറ്റ് ശേഖരവും സജീവമാണ്.
ഓണവിപണി ലക്ഷ്യമിട്ട് സ്പിരിറ്റ് ലോബി സജീവമായതോടെ മദ്യദുരന്തഭീക്ഷണിയും നിലനില്‍ക്കുകയാണ്. ആളൊഴിഞ്ഞ പറമ്പുകള്‍, താമസമില്ലാത്ത വീടുകള്‍, പാടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സ്പിരിറ്റ് ശേഖരിച്ച് വെച്ചിരിക്കുന്നതെന്നാണ് സൂചന. പാലമേല്‍ പഞ്ചായത്തിലെ കരുങ്ങാലി പുഞ്ച, നൂറനാട് പുലിമേല്‍, ഇടപ്പോണ്‍, താമരക്കുളം കൊട്ടക്കാട്ടുശ്ശേരി, വള്ളികുന്നം പ്രദേശങ്ങളില്‍ മുമ്പ് സ്പിരിറ്റ് ലോബികളുടെ താവളമായിരുന്നു.തൊഴിലില്ലാത്ത ചെറുപ്പക്കാരെ ബൈക്കുകള്‍ നല്‍കി മൊബൈല്‍ വഴി ഓര്‍ഡര്‍ സ്വീകരിച്ച് യഥാസ്ഥലങ്ങളില്‍ സ്പിരിറ്റും, വ്യാജമദ്യവും മറ്റും എത്തിച്ചു കൊടുക്കുന്ന രീതിയാണ് ഇപ്പോഴുള്ളതെന്നാണ് സംസാരം. ഉള്‍പ്രദേശങ്ങളിലെ പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചും വില്‍പ്പന പൊടിപൊടിക്കുന്നതായും പറയുന്നു.പുലര്‍ച്ചെയും, രാത്രി കാലങ്ങളിലും കെ.പി റോഡുവഴി ടാങ്കറുകളിലും പച്ചക്കറി വാഹനങ്ങളിലും മറ്റും വന്‍ സ്പിരിറ്റ് കടത്താണ് നടക്കുന്നതെന്നും സൂചനയുണ്ട്. ഉദ്യോഗസ്ഥര്‍ ഇതുവരെ പരിശോധനകള്‍ ശക്തമാക്കത്തത് ഇവര്‍ക്ക് സഹായകമായതായും ആക്ഷേപമുണ്ട്.പോലീസ്- എക്‌സൈസ് പരിശോധനകള്‍ കെ.പി റോഡിലും മറ്റ് ഗ്രാമീണ പ്രദേശങ്ങളിലും ശക്തമാക്കിയില്ലങ്കില്‍ വ്യാജ കള്ളും, സ്പിരിറ്റും മേഖലയില്‍ വ്യാപകമായി വില്‍പ്പനക്ക് എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. എക്‌സൈസ് ഇന്റലിജെന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ജില്ലയുടെ തെക്ക്, കിഴക്കന്‍ പ്രദേശങ്ങളില്‍ വ്യാജമദ്യ ദുരന്തഭീഷണിയും നിലനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."