ശമ്പളം വൈകി; മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ സൂചനാസമരം
മഞ്ചേരി: ജൂലൈ മുതലുള്ള ശമ്പളം ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ സൂചനാ സമരം നടത്തി. ജൂനിയര്‍ -സീനിയര്‍ റസിഡന്റുമാരാണ് ഇന്നലെ ഒരുമണിക്കൂര്‍ പ്രതിഷേധ സൂചകമായി സമരം നടത്തിയത്. പരിഹാരമായില്ലെങ്കില്‍ അടുത്തമാസം ഒന്നുമുതല്‍ സമരപരിപാടികള്‍ ശക്തമാക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്അധികൃതര്‍ ജൂലൈ പകുതിവരെയുള്ള ശമ്പളം നല്കി. ജൂനിയര്‍ റസിഡന്റുമാര്‍ക്ക് ജൂലൈ 15വരെയുള്ളതും, സീനിയര്‍ റസിഡന്റുമാര്‍ക്ക് പത്താം തിയതിവരെയുമുള്ള ശമ്പളവും നല്‍കിയതായാണ് വിവരം.
ജൂനിയര്‍ റസിഡന്റുമാര്‍ക്ക് 52,000 രൂപയും സീനിയര്‍ റസിഡന്റുമാര്‍ക്ക് 60,000 രൂപയുമാണ് പ്രതിമാസ ശമ്പളം. നേരത്തെ ജൂനിയര്‍ റസിഡന്റുമാര്‍ക്ക് 35,000 മാത്രമായിരുന്നു ശമ്പളം.ഇതിന്റെ പേരില്‍ ഇവിടെനിന്നു മാറി പോവാനും നേരത്തെ നീക്കങ്ങളുണ്ടായിരുന്നു. ശമ്പളം വര്‍ധിപ്പിക്കാമെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനങ്ങളാണ് ഡോക്ടര്‍മാരെ മഞ്ചേരിയിലേക്കു തന്നെ തിരിച്ചെത്തിച്ചത്.
ഫണ്ട് തികയാതെ വന്നതാണ് ശമ്പളം വൈകാനുണ്ടായ കാരണമെന്നാണ് അറിയുന്നത്.സീനിയര്‍ -ജൂനിയര്‍ റസിഡന്റുമാരുടെ എണ്ണവുംശമ്പളവും വര്‍ധിപ്പിച്ചതോടെ ഫണ്ട് തികയാതെ വരികയായിരുന്നു. ജൂനിയര്‍ - സീനിയര്‍ റസിഡന്റുമാരായി നൂറ് ഡോക്ടര്‍മാരാണ് മഞ്ചേരി മെഡിക്കല്‍ കോളജിലുള്ളത്. തൃശൂര്‍, കോഴിക്കോട് പോലോത്ത മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും. പെരുന്നാള്‍- ഓണം ആഘോഷങ്ങള്‍ അടുത്തെത്തിയ സാഹചര്യത്തില്‍ ശമ്പളം വൈകുന്നത് ആശങ്കയുണ്ടാക്കിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."