വിശുദ്ധ കഅ്ബ ഇന്ന് പുത്തന്‍ പുടവയണിയും
മക്ക: അഷ്ടദിക്കുകളില്‍ നിന്നെത്തിയ ഇരുപതു ലക്ഷത്തിലധികം വരുന്ന ഹാജിമാര്‍ അറഫയില്‍ സമ്മേളിക്കുമ്പോള്‍ ലോക മുസ്‌ലിംകളുടെ സിരാ കേന്ദ്രവും ഭൂമിയിലെ ആദ്യത്തെ ദൈവീക ഭവനവുമായ വിശുദ്ധ കഅ്ബ ഇന്ന് പുതുവസ്ത്രമണിയും. നേരില്‍ കാണാത്തവരുടെ മനസ്സിലും തുടികൊള്ളുന്ന കറുത്ത വസ്ത്രമലങ്കരിച്ചു നില്‍ക്കുന്ന വിശുദ്ധ ഭവനത്തില്‍ വര്‍ഷത്തില്‍ ഒരിക്കലാണ് പുടവയായ കിസ്‌വ മാറ്റം നടക്കുന്നത്. ഹജ്ജിനെത്തുന്ന ലക്ഷോപലക്ഷം തീര്‍ത്ഥാടകരും അറഫയില്‍ സമ്മേളിക്കുമ്പോള്‍ മക്കയില്‍ ഉണ്ടാകുന്ന വിജനതയായാണ് ഈ ദിവസം ഇത് മാറ്റാനായി തിരഞ്ഞെടുക്കാന്‍ കാരണം.
മക്കയ്ക്ക് സമീപമുള്ള ജൂദിലെ കിസ്‌വ ഫാക്റ്ററിയില്‍ കിസ്‌വ നിര്‍മ്മാണം പൂര്‍ത്തിയായായി കഴിഞ്ഞിട്ടുണ്ട്. പൂര്‍ത്തിയായ കിസ്‌വ കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരായ ശഅബി കുടുംബത്തിലെ കാരണവര്‍ക്ക് ദുല്‍ഹിജ്ജ ഒന്നിന് മക്ക ഗവര്‍ണര്‍ പുടവ കൈമായറ്റം ചെയ്തിരുന്നു. കഅ്ബയുടെ ഉള്‍ഭാഗത്തെ ചുമരുകള്‍ മൂടുന്ന പച്ചപ്പട്ടിന്റെയും പുറംവശത്തെ ചുമരുകള്‍ക്ക് ആവരണം തീര്‍ക്കുന്ന കറുത്ത പട്ടിന്റെയും കിസ്‌വ നിര്‍മാണം ഒരുവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. ഇന്ന് സുബ്ഹി നിസ്‌കാര ശേഷമാണ് കിസ്‌വ മാറ്റല്‍ ചടങ്ങ് ആരംഭിക്കുക. അഴിച്ചെടുക്കുന്ന പഴയ കിസ്‌വ ഇതോടെ മ്യൂസിയത്തിലേക്ക് മാറ്റും
നിരവധി തവണ കഴുകി മെഴുക് കളഞ്ഞ ശേഷമാണു പട്ട് കിസ്‌വ നിര്‍മ്മാണത്തിനെടുക്കുന്നത്. 760 കിലോയോളം പട്ട് ചായം പൂശിയാണ് കറുത്ത കളര്‍ നല്‍കുന്നത്. ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉല്‌ളേഖനം ചെയ്യുന്ന കൈവേല, നെയ്ത്ത്, ഛായംപൂശല്‍, വിശുദ്ധ വാക്യങ്ങളുടെ പ്രിന്റിങ്, കൈകൊണ്ടും യന്ത്രംകൊണ്ടുമുള്ള തുന്നല്‍പണികള്‍, ഓരോ മീറ്ററില്‍ നിര്‍മിച്ചെടുത്ത കഷ്ണങ്ങള്‍ ചേര്‍ത്തുവെച്ചുള്ള കിസ്‌വ സംയോജനം എന്നീ ഘട്ടങ്ങളിലൂടെയാണ് കിസ്‌വ നിര്‍മാണം.
14 മീറ്റര്‍ നീളം വരുന്ന കിസ്‌വയുടെ മേല്‍ഭാഗത്തുള്ള പട്ടക്ക് 47 മീറ്റര്‍ നീളവും 95 സെ.മീ വീതിയുമുണ്ട്. 16 കഷ്ണങ്ങളിലായി തുന്നിച്ചേര്‍ത്ത ഈ മേല്‍പട്ട ഖുര്‍ആന്‍ കാലിഗ്രാഫിയാല്‍ അലംകൃതമാണ്. കഅ്ബയുടെ നാല് ചുവരുകളും വാതിലും ഓരോ ഭാഗം മൂടുന്ന വിധം 5 കഷ്ണങ്ങളായാണ് കിസ്‌വ അണിയിച്ചെടുക്കുന്നത്. ശുദ്ധമായ പട്ട്, സ്വര്‍ണം, വെള്ളി എന്നീ നൂലുകള്‍കൊണ്ട് നിര്‍മിതമായ കിസ്‌വക്ക് 2.2 കോടിയിലേറെ റിയാലാണ് നിര്‍മ്മാണ ചിലവ്. നിലവില്‍ വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഹാജിമാരുടെ വരവ് തുടങ്ങിയ വേളയില്‍ ഹറം കാര്യ വകുപ്പ് നേരത്തെ ഉയര്‍ത്തികെട്ടിയിരുന്നു. തിരക്ക് കൂടുമ്പോള്‍ കിസ്‌വക്ക് കേടു സംഭവിക്കാതിരിക്കാനാണ് ഇത് ചെയ്യുന്നത്.
നേരത്തെ ഈജിപ്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നാണ് ഇത് തയ്യാറാക്കിയിരുന്നത്. 1927 മുതലാണ് സഊദിയില്‍ ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഏറ്റവും ആധുനിക രീതിയിലുള്ള ഫാക്റ്ററി ഇതിന് മാത്രമായി സഊദി നിര്‍മ്മിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."