കെ.എസ്.ആര്.ടി.സി ബസിലെ കൊള്ള: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് കര്‍ണാടകത്തോട് മുഖ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോടുനിന്നും ബംഗ്ലുരുവിലേയ്ക്ക് പുറപ്പെട്ട കെ.എസ്.ആര്.ടി.സി ബസ്സ് യാത്രക്കാരെ കര്‍ണ്ണാടകയിലെ ചന്നപ്പട്ടയില്‍ കൊള്ളയടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് കര്‍ണ്ണാടക സര്‍ക്കാരിനോട് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു.
അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ മുന്‍കരുതതലുകള്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്തര്‍ സംസ്ഥാന പാതയില്‍ കേരള പൊലിസും ജാഗ്രതപുലര്‍ത്തും. യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ച് കേരളാ പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ കര്‍ണ്ണാടക ഡി.ജി.പിയുമായി ചര്‍ച്ച നടത്തി. കൊള്ളയടിക്കപ്പെട്ടവര്‍ക്ക് ആവശ്യമായ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ രണ്ടേ മുക്കാലോടെയാണ് ചിക്കനെല്ലൂരില്‍ വെച്ച് കെ.എസ്.ആര്.ടി.സി ബസിലെ യാത്രക്കാരെ കൊള്ളയടിച്ചത്.
ഒഴിഞ്ഞ സ്ഥലത്ത് വെച്ച് ഡ്രൈവര്‍ മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോള്‍ ബൈക്കിലെത്തിയ നാലംഗ സംഘം ബസില്‍ കയറുകയായിരുന്നു.
യാത്രക്കാരുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം കവര്‍ച്ച നടത്തിയത്. നിരവധി യാത്രക്കാര്‍ക്ക് സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."