ഖത്തര്‍ കെ.എം.സി.സി സുവര്‍ണ ജൂബിലി 'സമാഗമം-2017' അഞ്ചിന്
കോഴിക്കോട്: 'പ്രവാസം സമൂഹനന്മക്ക് ' ശീര്‍ഷകത്തില്‍ ഖത്തര്‍ കെ.എം.സി.സി സുവര്‍ണ ജൂബിലി ആഘോഷത്തിന് ഈ മാസം അഞ്ചിന് വെള്ളിമാട്കുന്ന് ജെ.ഡി.ടി ഹാളില്‍ തുടക്കമാകും. പൂര്‍വകാല കെ.എം.സി.സി പ്രവര്‍ത്തകരുടെയും അവധിക്കു നാട്ടിലെത്തിയ പ്രവര്‍ത്തകരെയും ഒരുമിച്ചുചേര്‍ത്ത് 'സമാഗമം-2017' കുടുംബസംഗമം നടത്തുമെന്ന് ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍, ജനറല്‍ സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സുവര്‍ണ ജൂബിലി ലോഗോ പ്രകാശനം മൂന്നിനു രാവിലെ പത്തിന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ലഹിക്കും. അഞ്ചിനു രാവിലെ പത്ത് മുതല്‍ രാത്രി പത്തു വരെ നടക്കുന്ന സമാഗമത്തില്‍ പഴയകാല കെ.എം.സി.സി നേതാക്കളെ ആദരിക്കും. ദീര്‍ഘകാലം ലീഗ് സംഘടനാ രംഗത്തും ചന്ദ്രികാ പത്രാധിപസമിതി അംഗവുമായിരുന്ന ടി.സി മുഹമ്മദ്, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമാല്‍ വരദൂര്‍, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് എന്നിവരെ ചടങ്ങില്‍ ആദരിക്കും.
'നാളെയുടെ പ്രവാസം ആശങ്കകളും ആസൂത്രണങ്ങളും' വിഷയത്തില്‍ പ്രവാസിബന്ധു ചെയര്‍മാന്‍ കെ.വി ശംസുദ്ദീന്‍ ക്ലാസെടുക്കും. വൈകിട്ട് നാലിന് കുടുംബസംഗമം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. കെ.എം.സി.സിയുടെ വിവിധ പദ്ധതി പ്രകാരമുള്ള 50 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ ചടങ്ങില്‍ കൈമാറും. വാര്‍ത്താസമ്മേളനത്തില്‍ പി.കെ അബ്ദുല്ല, നിഅ്മത്തുല്ല കോട്ടക്കല്‍, എം.പി ഷാഫി ഹാജി എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."