കെട്ടിട നിര്‍മാണ വസ്തുക്കള്‍ക്ക് വില കുത്തനെ കൂടി
ഈരാറ്റുപേട്ട: കെട്ടിട നിര്‍മാണ വസ്തുക്കളുടെ വില കുത്തനെ കൂടുന്നത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്നു. ജി.എസ്.ടി പ്രാബല്യത്തിലായതോടെ വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന നിര്‍മാണ വസ്തുക്കളുടെ വിലയാണ് കുത്തനെ കൂടിയത്.
അനുദിനം വില ഉയരുന്നത് മേഖലയിലെ പ്രതിസന്ധിക്കൊപ്പം പാവപ്പെട്ടവന്റെ വീടെന്ന സ്വപ്നത്തിനും തിരിച്ചടിയാകുകയാണ്. സിമന്റ്, കമ്പി, മെറ്റല്‍, പാറപ്പൊടി, പൈപ്പ്, കല്ല് തുടങ്ങിയവക്കെല്ലാം വില ഉയര്‍ന്നു. ജി.എസ്.ടിക്ക് മുന്‍പ് ഒരുകിലോ കമ്പിയുടെ വില 38 രൂപയായിരുന്നു. എന്നാല്‍ ചരക്കുസേവന നികുതി വന്ന് രണ്ടുമാസത്തോളം ആയപ്പോള്‍ വില 41 രൂപയിലെത്തി. സിമന്റിന് ചാക്കിന് 330 മുതല്‍ 340 രൂപ വരെയായിരുന്നു ജി.എസ്.ടിക്ക് മുമ്പുള്ള വില.കമ്പനികള്‍. ഇപ്പോള്‍ 380 390 രൂപവരെയാണ് സിമന്റ് വില. സംസ്ഥാനത്ത് വില്‍ക്കുന്ന സിമന്റില്‍ 70 ശതമാനവും എത്തുന്നത് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ്. സിമന്റ് വിപണിയുടെ കുത്തകാവകാശം അയല്‍ സംസ്ഥാന ലോബികള്‍ കൈയടക്കിയത് വിപണിവില കുതിക്കാന്‍ കാരണമായതായി വ്യാപാര മേഖലയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.
സിമന്റ്, കമ്പി എന്നിവക്കു പുറമെ കരിങ്കല്ലിനും വില ഉയര്‍ന്നു. ഇപ്പോള്‍ കല്ലിന് 3100 രൂപ വരെയാണ് ലോഡുവില. ഇതിനോടൊപ്പം അഞ്ചു ശതമാനം നികുതിയും ഗുണഭോക്താവ് നല്‍കണം. പാറ പൊടിച്ചുണ്ടാക്കുന്ന മണലിനും വില വര്‍ധിച്ചു.
55 രൂപയായിരുന്നു ഒരടി മണലിന്റെ വില. ഇപ്പോഴത് 65 രൂപയായി ഉയര്‍ന്നു. ഇതിനും അഞ്ചു ശതമാനം നികുതി നല്‍കണം. കോണ്‍ക്രീറ്റിന് ഉള്‍പ്പടെ ഉപയോഗിക്കുന്ന അര ഇഞ്ച് മെറ്റല്‍ നേരത്തേ അടിക്ക് 25 രൂപക്ക് ലഭിച്ചുകൊണ്ടിരുന്ന സ്ഥാനത്ത് ക്രഷറുകള്‍ ഇപ്പോള്‍ ഈടാക്കുന്നത് 33 ഉം 35ഉം രൂപയാണ്. നേരത്തെ 150 അടി വരുന്ന ടിപ്പര്‍ മണല്‍ 9000 രൂപക്ക് ഉപഭോക്താവിന് ലഭിച്ചിരുന്നെങ്കില്‍ ഇന്നത് 12000 രൂപയെങ്കിലുമാവുമെന്ന നിലയിലാണുള്ളത്.
കെട്ടിട നിര്‍മാണ വസ്തുക്കള്‍ക്ക് ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം വില കൂടിയതും ദൗര്‍ലഭ്യം അനുഭവപ്പെട്ടതും സാധാരണക്കാരായ ഉപഭോക്താക്കളെയാണ് കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കരാറുകാര്‍ക്കും വില വര്‍ധന തിരിച്ചടിയായിട്ടുണ്ട്. കരാറുകാരുടെ നിരക്ക് സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. നിര്‍മാണ വസ്തുക്കളുടെ വിലവര്‍ധന താങ്ങാവുന്നതിലും അധികമാണ്. ഈഅവസ്ഥയില്‍ പ്രവൃത്തികളുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ടെണ്ടര്‍ ബഹിഷ്‌കരണ പരിപാടികളുമായി കരാറുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. നിര്‍മാണ വസ്തുക്കളുടെ വിലവര്‍ധനവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അനുവദിച്ച വീട് നിര്‍മിക്കുന്നവര്‍ക്കാണ് ഏറെ തിരിച്ചടിയാകുന്നത്. ഇവരെ സംബന്ധിച്ച് വീട് നിര്‍മാണത്തിന് അനുവദിക്കുന്ന തുക നിര്‍മാണ സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി മാത്രം നല്‍കേണ്ട സ്ഥിതിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."