ഹാജിമാരുടെ മടക്കം: സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം 13ന് കരിപ്പൂരില്‍
കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടകരുടെ മടക്ക സര്‍വിസുകള്‍ സംബന്ധിച്ച് വിലയിരുത്താന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം 13ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേരും. രാവിലെ 10.30ന് ചേരുന്ന യോഗത്തില്‍ ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി അധ്യക്ഷനാകും. കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകരുടെ മടക്കം 21 മുതലാണ് ആരംഭിക്കുന്നത്. പുലര്‍ച്ചെ 5.15ന് ആദ്യസംഘം നെടുമ്പാശ്ശേരിയിലെത്തും.
21 മുതല്‍ ഒക്ടോബര്‍ 4 വരെയുള്ള ദിവസങ്ങളില്‍ 39 വിമാനങ്ങളിലായാണ് തീര്‍ഥാടകരെത്തുക. ആദ്യം ഹജ്ജിന് പുറപ്പെട്ടവരാണ് ആദ്യം മടങ്ങിയെത്തുക. തീര്‍ഥാടകര്‍ മദീന വിമാനത്താവളം വഴിയാണ് നെടുമ്പാശ്ശേരിയിലെത്തുന്നത്.ഹാജിമാരുടെ മടക്കവുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരിയില്‍ ഒരുക്കേണ്ട സൗകര്യങ്ങള്‍ ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഹാജിമാര്‍ക്ക് 5 ലിറ്റര്‍ സംസം തീര്‍ഥ ജലം നെടുമ്പാശ്ശേരിയില്‍ വച്ചു കൈമാറും.സംസം നേരത്തേതന്നെ നെടുമ്പാശ്ശേരിയില്‍ എത്തിച്ചിട്ടുണ്ട്.
ഈ വര്‍ഷം നെടുമ്പാശ്ശേരി വഴി 11,807 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോയത്. ഇവരില്‍ 11,470 പേര് കേരളത്തില്‍ നിന്നുളളവരാണ്. 305 പേര് ലക്ഷദ്വീപില്‍ നിന്നും, 32 പേര് മാഹിയില്‍ നിന്നും ഉള്ളവരാണ്. തീര്‍ഥാടകരെ സഹായിക്കുന്നതിനായി 56 വളണ്ടിയര്‍മാരെയും അയച്ചിട്ടുണ്ട്. തീര്‍ഥാടകരില്‍ മൂന്നുപേര്‍ ഇതിനകം മരിച്ചിട്ടുണ്ട്.
2018ലെ ഹജ്ജ് ക്യാംപും വിമാന സര്‍വിസും കരിപ്പൂരില്‍ നിന്നാക്കാനുള്ള നടപടികള്‍ അടുത്ത ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി പറഞ്ഞു. വരുംവര്‍ഷം പതിനയ്യായിരത്തോളം തീര്‍ഥാടകര്‍ക്ക് അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായ അഞ്ചാം വര്ഷക്കാര് തന്നെ പതിനാലായിരത്തിന് മുകളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."