സാമൂഹ്യ വനവല്‍ക്കരണത്തിന് തടസമായി സാമൂഹ്യവിരുദ്ധര്‍
മാള: സര്‍ക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും സാമൂഹ്യ വനവല്‍ക്കരണത്തിനായി ശ്രമിക്കുമ്പോള്‍ അതിന് തടയിടാനായി സാമൂഹ്യ വിരുദ്ധര്‍ രംഗത്ത് . ഓരോ പരിസ്ഥിതി ദിനങ്ങളിലും സര്‍ക്കാരിനൊപ്പം പരിസ്ഥിതിയെ സ്‌നേഹിക്കുന്നവരും സന്നദ്ധ സംഘടനകളും റോഡ് വക്കുകളിലും മറ്റു പൊതുയിടങ്ങളിലും വൃക്ഷതൈകള്‍ നട്ടു പിടിപ്പിക്കുന്ന പതിവ് കുറച്ച് കാലമായി സാര്‍വ്വത്രികമായിട്ടുണ്ട്. പിന്നീടവയെ തിരിഞ്ഞു നോക്കുന്നവര്‍ വളരെ കുറവാണ്. മഴക്കാലം തുടങ്ങുന്ന വേളയിലാണിവ നട്ടു പിടിപ്പിക്കുന്നതെന്നതിനാല്‍ ആരും ശ്രദ്ധിക്കുന്നില്ലെങ്കില്‍ പോലും ഉണങ്ങി നശിക്കാതെ വളരാറുണ്ട്. മണ്ണില്‍ വേരുപിടിച്ച് വളരുന്ന വിവിധ വൃക്ഷങ്ങള്‍ പെട്ടെന്ന് തന്നെ തണല്‍ വിരിക്കുന്നവയായി മാറുന്നു.
ഫലവൃക്ഷങ്ങള്‍ ഏറെ വൈകാതെ ഫലങ്ങളും നല്‍കി തുടങ്ങും. ഇതിനിടയില്‍ ആടുമാടുകള്‍ തിന്ന് കുറേയെണ്ണം നശിക്കുന്നു. ഇത് കൂടാതെയാണ് സാമൂഹ്യ വിരുദ്ധ ശക്തികളാല്‍ കുറേയെണ്ണം നശിപ്പിക്കപ്പെടുന്നത്. കുഴൂര്‍ പഞ്ചായത്തിലെ പള്ളിബസാര്‍ ഭാഗത്ത് റോഡരികില്‍ വളര്‍ന്നു കൊണ്ടിരുന്ന ഒരു വൃക്ഷത്തൈയ്യാണ് നശിപ്പിക്കപ്പെട്ടത്. രണ്ട് വര്‍ഷം മുന്‍പ് നട്ടു പിടിപ്പിച്ച വിലയേറിയ മരങ്ങളില്‍ പെട്ട വൃക്ഷത്തൈയ്യാണ് ഇത്.
വൃക്ഷതൈ നിന്നിരുന്ന റോഡിന്റെ പാര്‍ശ്വത്തിലുള്ള സ്ഥലമുടമയാണിതിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നെല്‍കൃഷിയും കപ്പയും പച്ചക്കറിയിനങ്ങളും ചെയ്തിരുന്ന പാടശേഖരം നികത്തി കെട്ടിടം പണിയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വൃക്ഷതൈ നശിപ്പിച്ചതെന്ന് സംശയിക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.
ആറ് മാസം മുന്‍പ് അഞ്ചടിയോളം ഉയരത്തില്‍ വളര്‍ന്നിരുന്ന വൃക്ഷതൈ നടുക്ക് വെച്ച് ഒടിച്ചിരുന്നു. എന്നിട്ടും പാര്‍ശ്വങ്ങളില്‍ പുതിയ കൊമ്പുകള്‍ കിളിര്‍ത്ത് വന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കടഭാഗത്ത് കല്ലുകൊണ്ടിടിച്ച് നശിപ്പിച്ചത്. ഇത്തരത്തിലുള്ള തെറ്റായ നടപടികള്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."