മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി
മലപ്പുറം: റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുമെന്ന ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി എം പി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചു.
ഇതുസംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ മലപ്പുറത്തെ ആയിരക്കണക്കിനു വരുന്ന ആളുകള്‍ക്ക് വിഷമവും ആശങ്കയും സൃഷ്ടിക്കുന്ന അവസരത്തിലാണ് ഇങ്ങനെയൊരു കത്തയച്ചതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയും ഇന്ത്യയില്‍ നിന്ന് വിദേശത്ത് ഏറെപേര്‍ ജോലി തേടി പോകുന്ന ജില്ലയും കൂടിയാണ് മലപ്പുറം. രാജ്യത്തെ ബി ഗ്രേഡ് പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ രണ്ടാം സ്ഥാനവും മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസിനാണ്.
ദിവസേന ഏകദേശം 1,200ഓളം പാസ്‌പോര്‍ട്ട് അപേക്ഷകളാണ് ഇവിടെ ലഭിക്കുന്നത്. മാസത്തില്‍ 22,000ത്തോളം പാസ്‌പോര്‍ട്ടുകള്‍ ഇവിടെ നിന്ന് നല്‍കുന്നുമുണ്ട്.
ഇങ്ങനെ രാജ്യത്തു തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കുള്ളതുമായ ഒരു പാസ്‌പോര്‍ട്ട് ഓഫിസ് മറ്റൊരു ഓഫിസുമായി ലയിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
2006ല്‍ ആരംഭിച്ച മലപ്പുറം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫിസ് വരുമാനത്തിലും മുന്നിട്ടു നില്‍ക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രിക്കയച്ച കത്തില്‍ കുഞ്ഞാലിക്കുട്ടി ചൂണ്ടികാട്ടുന്നു.
പാസ്‌പോര്‍ട്ട് ഓഫിസ് ഉള്‍പ്പെടുന്ന മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയെന്ന നിലയില്‍ നിലവിലെ ആശങ്ക അദ്ദേഹം മന്ത്രിയോട് പങ്കുവച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും, പരിഭവങ്ങളുമാണ് ദിവസേന പല സംഘടനകളുടെ ഭാഗത്തുനിന്നും വ്യക്തികളുടെ ഭാഗത്തു നിന്നും ലഭിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് പാസ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അതില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."