ഉത്തരമലബാര്‍ ജലോത്സവം: നിയമങ്ങള്‍ ലംഘിച്ചാല്‍ ടീമുകള്‍ക്ക് മൂന്നുവര്‍ഷം വിലക്ക്
ചെറുവത്തൂര്‍: ഉത്തരമലബാര്‍ ജലോത്സവത്തില്‍ ടീമുകളുടെ മെല്ലെപ്പോക്കിനു തടയിടാനും ജലോത്സവം ആകര്‍ഷകമാക്കാനും കര്‍ശന നടപടികളുമായി സംഘാടക സമിതി. ജലോത്സവ നിയമങ്ങള്‍ ലംഘിച്ചാല്‍ ടീമുകള്‍ക്ക് തേജസ്വിനി ജലോത്സവത്തില്‍ മൂന്ന് വര്‍ഷം വിലക്ക് വരും.
ഒക്ടോബര്‍ രണ്ടിന് കാര്യങ്കോട് നടക്കുന്ന ഉത്തരമലബാര്‍ ജലോത്സവം സമയബന്ധിതമായി നടത്തി തീര്‍ക്കാനാണ് കര്‍ശന തീരുമാനം. ടീമുകള്‍ കൃത്യസമയത്ത് സ്റ്റാര്‍ട്ടിങ് പോയിന്റില്‍ എത്താത്തത് മൂലം മത്സരം അനന്തമായി നീളുകയും ജലോത്സവത്തിന്റെ പൊലിമ കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.
മത്സരം ഒരുമണിക്ക് ആരംഭിച്ച് 5.30ന് സമാപന യോഗം നടക്കും വിധമാണ് ക്രമീകരിക്കുക. ടീമുകള്‍ പതിനൊന്ന് മണിക്ക് തന്നെ റിപ്പോര്‍ട്ട് ചെയ്യണം. പതിനഞ്ച് പേര്‍ തുഴയുന്ന മത്സരവുമായി ബന്ധപ്പെട്ട ആശങ്കക്കും പരിഹാരമായി. മത്സരം പതിവ് പോലെ നടക്കും. സമയം ക്രമീകരിക്കാന്‍ ജല ഘോഷയാത്ര ഒഴിവാക്കിയിട്ടുണ്ട്.
മത്സര ഫലവുമായി ബന്ധപ്പെട്ട് ടീമുകള്‍ക്ക് ആക്ഷേപമുണ്ടെങ്കില്‍ പരാതി നല്‍കാന്‍ രണ്ടായിരം രൂപ നല്‍കണം. ജലോത്സവവുമായി ബന്ധപ്പെട്ട ക്ലബ് ഭാരവാഹികളുടെ യോഗം 15ന് വൈകുന്നേരം 4.15ന് ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളില്‍ ചേരും.
അതേ ദിവസം വൈകിട്ട് നാല് വരെയാണ് മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് പേര് റജിസ്റ്റര്‍ ചെയ്യാനുള്ള സമയ പരിധി. ഇത്തവണ ടീമുകളുടെ എണ്ണം വര്‍ധിക്കുമെന്നതാണ് സംഘാടകരുടെ കണക്ക് കൂട്ടല്‍. പതിനഞ്ച് പേര്‍ തുഴയും വിഭാഗത്തില്‍ പുരുഷ വനിത വിഭാഗങ്ങളിലും 25 പേര്‍ തുഴയും മത്സരത്തില്‍ പുരുഷ വിഭാഗത്തിനുമായിരിക്കും മത്സരം. സബ്കമ്മിറ്റികളുടെ യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
എം. രാജഗോപാലന്‍ എം.എല്‍.എ, നീലേശ്വരം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പ്രൊ. കെ.പി ജയരാജന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ മാധവന്‍ മണിയറ, കെ. ശകുന്തള, ജില്ല പഞ്ചായത്തംഗം പി.സി സുബൈദ, ഡി.ടി.പി.സി സെക്രട്ടറി ആര്‍. ബിജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."