ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയതിന്റെ രണ്ടാം ദിനം 13കാരി പ്രസവിച്ചു
ന്യൂഡല്‍ഹി: ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രിം കോടതി അനുമതി നല്‍കിയതിന്റെ രണ്ടാം ദിനത്തില്‍ 13 കാരി ആണ്‍കുഞ്ഞിന് ജന്മം നല്കി. ശസ്ത്രക്രിയയിലൂടെയായിരുന്നു പ്രസവം. 1.8 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെണ്‍കുട്ടി ഒരാഴ്ച കൂടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമെന്ന് ഡോക്ടര്‍ അറിയിച്ചു.
പെണ്‍കുട്ടി മാനസിക ആഘാതത്തിലാണെന്നും ഗര്‍ഭച്ഛിദ്രത്തിന്റെ അതേ അപകട സാധ്യതയാണ് പ്രസവത്തിനുമുള്ളതെന്ന് നിരീക്ഷിച്ചാണ് കോടതി അനുമതി നല്‍കിയത്. ഇതാദ്യമായാണ് ഇത്രയും വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയത്.
ഏഴു മാസം മുന്‍പ് പിതാവിന്റെ കച്ചവട പങ്കാളിയാണ് കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത്. പെട്ടെന്ന് തടിച്ചുകണ്ടപ്പോള് കഴിഞ്ഞ ഓഗസ്റ്റില്‍ രക്ഷിതാക്കള്‍ കുട്ടിയെ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതോടെയാണ് കുട്ടി 27 ആഴ്ച ഗര്‍ഭിണിയാണെന്ന് മനസ്സിലായത്.
ഓഗസ്റ്റ് ഒന്‍പതിന് രക്ഷിതാക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 23 കാരനെതിരെ പൊലിസ് കേസെടുത്തു. ഇയാള്‍ നിരവധി തവണ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. അറസ്റ്റിലായ പ്രതി ഇപ്പോള്‍ ജയിലിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."