വിദ്യാര്‍ഥികളെ ഉപയോഗിച്ച് ലഹരി വില്‍പന; ജില്ലയില്‍ മയക്കുമരുന്ന് ലോബി സജീവം
കോട്ടക്കല്‍: സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചുള്ള മയക്കുമരുന്ന് ലോബിയുടെ കച്ചവടം ജില്ലയില്‍ സജീവമാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കഞ്ചാവ് വില്‍പന നടത്തിയതിന് നാല് പേരെയാണ് പൊലിസ് പല സ്ഥലങ്ങളില്‍നിന്നായ അറസ്റ്റ് ചെയ്തത്. നേരത്തെ കോട്ടക്കല്‍ ഗവ.രാജാസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നതിനിടെ ബംഗാള്‍ സ്വദേശികളായ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെ അരീക്കോട് തെഞ്ചേരിയിലെ കൂള്‍ബാര്‍ കേന്ദ്രീകരിച്ച് വില്‍പന നടത്തിയതിന് ഒരാളെയും അറസ്റ്റ് ചെയ്തിരുന്നു. അന്തര്‍സംസ്ഥാന ബന്ധമുള്ളയാളെയാണ് കഴിഞ്ഞ ദിവസം പൊന്നാനിയില്‍നിന്ന് പൊലിസ് പിടികൂടിയത്.
ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരാണ് വിതരണക്കാരില്‍ ഏറിയ പങ്കും. മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന മയക്കുമരുന്ന് ചെറിയ പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നതാണ് രീതി.
ജില്ലയില്‍തന്നെ അന്യസംസ്ഥാനക്കാര്‍ ഏറെ താമസിക്കുന്ന കോട്ടക്കലിലെ ചുടലപ്പാറ, എടരിക്കോട് എന്നിവിടങ്ങളിലാണ് ഇവയുടെ കേന്ദ്രം. ചുടലപ്പാറക്കടുത്ത ക്വാര്‍ട്ടേഴ്‌സുകളില്‍ നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. അയല്‍ സംസ്ഥാനത്ത് നിന്നെത്തുന്ന മയക്കുമരുന്ന് ഇരട്ടിവിലക്കാണ് ഇവര്‍ വില്‍പന നടത്തുന്നത്. മുന്നൂറ് മുതല്‍ ഇതിന് വില ഈടാക്കുന്നുണ്ട്.
പെട്ടെന്ന് സംശയം തോന്നാത്തതിനാല്‍ വിദ്യാര്‍ഥികള്‍വഴി ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതായും വിവരമുണ്ട്. വേണ്ടത്ര അടച്ചുറപ്പില്ലാത്ത സ്‌കൂള്‍ കോമ്പൗണ്ടുകളില്‍ വൈകുന്നേരങ്ങളിലെത്തി ഇവര്‍ കുട്ടികള്‍ക്ക് നല്‍കുകയാണ്. ഇത്തരത്തില്‍ മയക്കുമരുന്ന് ലോബിയുടെ പിടിയിലമര്‍ന്ന വിദ്യാര്‍ഥികളുടെ എണ്ണം ഏറി വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."