സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്: പാലക്കാടന്‍ കസര്‍ത്ത്
തിരുവനന്തപുരം: 61ാംമത് സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിലെ രണ്ടാം ദിനത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ പാലക്കാടന്‍ കസര്‍ത്ത്. ആദ്യ ദിനത്തില്‍ ട്രാക്ക് വാണ തിരുവനന്തപുരത്തെ പിന്നിലാക്കി ഇന്നലെ പാലക്കാടന്‍ താരങ്ങള്‍ മിന്നി. മേളയുടെ ആദ്യ ദിനത്തില്‍ കാലിടറിയെങ്കിലും തകര്‍പ്പന്‍ പ്രകടനവുമായി ഇന്നലെ പാലക്കാട് തിരിച്ചുവരികയായിരുന്നു.
17 സ്വര്‍ണവും 16 വെള്ളിയും 12 വെങ്കലവുമടക്കം 331.5 പോയിന്റാണ് പാലക്കാടിന്. 15 സ്വര്‍ണവും 16 വെള്ളിയും അത്രതന്നെ വെങ്കലവുമായി 317.5 പോയിന്റുമായി എറണാകുളം ജില്ലയാണ് രണ്ടാമത്. എന്നാല്‍ ആദ്യ ദിനം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന തിരുവനന്തപുരം 295.5 മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 83 ഫൈനലുകളാണ് ഇന്നലെ വരെ പൂര്‍ത്തിയായത്.
രണ്ടാം ദിനത്തില്‍ അഞ്ച് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. പെണ്‍കുട്ടികളുടെ അണ്ടര്‍ 16 ഷോട് പുട്ടില്‍ എറണാകുളത്തിന്റെ കെസിയ മറിയം ബെന്നി, അണ്ടര്‍ 18 പെണ്‍കുട്ടികളുടെ സ്റ്റീപ്പിള്‍ചേസില്‍ പാലക്കാടിന്റെ ജി ഗായത്രി, പോള്‍ വാള്‍ട്ടില്‍ പാലക്കാടിന്റെ നിവ്യ ആന്റണി, അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ തിരുവനന്തപുരത്തിന്റെ മേഘാദ്രി റോയ്, അണ്ടര്‍ 20 ആണുങ്ങളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ തൃശൂരിന്റെ ബിബിന്‍ ജോര്‍ജ് എന്നിവരാണ് പുതിയ മീറ്റ് റെക്കോര്‍ഡിട്ടത്. ഇതോടെ ഇതുവരെ 12 റക്കോര്‍ഡുകള്‍ ഈ മേളയില്‍ പിറന്നു.
പോള്‍ വാള്‍ട്ടില്‍ പുതിയ ഉയരം കുറിച്ച് നിവ്യ ആന്റണിയാണ് ഇന്നലെ ആദ്യ റക്കോര്‍ഡിട്ട് ട്രാക്കുണര്‍ത്തിയത്. 3.50 മീറ്റര്‍ ഉയരം താണ്ടി സ്വന്തം റക്കോര്‍ഡ് തിരുത്തുകയായിരുന്നു നിവ്യ. 2016ല്‍ സ്ഥാപിച്ച 3.40 എന്ന സ്വന്തം റക്കോര്‍ഡാണ് മറികടന്നത്. ഷോട് പുട്ടില്‍ എറണാകുളത്തിന്റെ കെസിയ മറിയം ബെന്നി 12.61 മീറ്റര്‍ എറിഞ്ഞാണ് പുതിയ റെക്കോര്‍ഡിട്ടത്. കഴിഞ്ഞ വര്‍ഷത്തെ തന്റെ തന്നെ റക്കോര്‍ഡായ 12.01മീറ്റര്‍ എന്ന ഉയരമാണ് ഈ മിടുക്കി മറികടന്നത്.
3000 മീറ്റര്‍ സ്റ്റീപിള്‍ചേസ് 9.36 മിനിട്ടുകൊണ്ട് ഓടി തീര്‍ത്താണ് തൃശൂരിന്റെ ബിബിന്‍ ജോര്‍ജ് പുതിയ റെക്കോര്‍ ഡിട്ടത്. മൂന്ന് വര്‍ഷം മുന്‍പ് തിരുവനന്തപുരം സ്വദേശി ഷിജോ രാജന്‍ സ്ഥാപിച്ച 9.45 മിനുട്ടാണ് ഇതോടെ ഓര്‍മയായത്. ലോങ് ജംപില്‍ തിരുവനന്തപുരത്തിന്റെ മേഘാദ്രി പുതിയ ഉയരം കുറിച്ചു. 2003ല്‍ കൊല്ലത്തിന്റെ വി.എസ് വിനീത് സ്ഥാപിച്ച 6.18 മീറ്ററിന്റെ റക്കോര്‍ഡാണ് 6.47 മീറ്റര്‍ ചാടി മേഘാദ്രി തിരുത്തിക്കുറിച്ചത്. 2000 മീറ്റര്‍ സ്റ്റീപിള്‍ചേസില്‍ 7.41 മിനുട്ടില്‍ പാലക്കാടിന്റെ ജി ഗായത്രിയും റെക്കോര്‍ഡ് ബുക്കില്‍ പേരെഴുതി. കഴിഞ്ഞ വര്‍ഷം കോട്ടയത്തിന്റെ നിബിയ ജോസഫ് സ്ഥാപിച്ച 7.42 മിനുട്ടാണ് പഴങ്കഥയായത്. 38 ഫൈനലുകളോടെ മേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും.
മഴയും സ്‌പോര്‍ട്‌സ്മാന്‍
സ്പിരിറ്റില്‍
ആദ്യ ദിനത്തില്‍ കളം കൈയേറിയ മഴ, ഇന്നലെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റുള്‍ക്കൊണ്ട് മാറി നിന്നു. മൂടിക്കെട്ടി നിന്നെങ്കിലും ഉച്ച കഴിഞ്ഞൊന്ന് ചാറിയതല്ലാതെ പെയ്തില്ല. അതുകൊണ്ട് തന്നെ രണ്ടാം ദിനം ആവേശഭരിതമായിരുന്നു. ഹര്‍ഡില്‍സും, ഹൈ ജംപും, ലോങ് ജംപും, ഡിസ്‌ക്കസ് ത്രോയും ഷോട് പുട്ടും, റിലേയും ഉള്‍പ്പെടെ 47 ഇനങ്ങളാണ് ഇന്നലെ മാറ്റുരച്ചത്. മഴയില്ലാത്തതിനാല്‍ ആദ്യ ദിനത്തേക്കാള്‍ കാണികളും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."