പൊന്നാനി നഗരസഭാ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യും
പൊന്നാനി: നഞ്ചഭൂമിയില്‍ മണ്ണിട്ടു നികത്താന്‍ അനുമതി നല്‍കിയ സംഭവത്തില്‍ വിവാദം കെട്ടടങ്ങുന്നില്ല. ഒരേക്കര്‍ ഭൂമി മണ്ണിട്ടു നികത്താന്‍ അനുമതി നല്‍കിയ നഗരസഭ സെക്രട്ടറി മനോജിനെ അടുത്ത ദിവസം സസ്‌പെന്‍ഡ് ചെയ്യുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു. മേലുദ്യോഗസ്ഥരില്‍നിന്നു കിട്ടിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാ നടപടി.
വിഷയത്തില്‍ സെക്രട്ടറിക്കു ഗുരുതരമായ പിഴവാണ് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അബദ്ധം പിണഞതാണെന്നും തെറ്റു മനസിലായപ്പോള്‍ നല്‍കിയ അനുമതി റദ്ദ് ചെയ്തിട്ടുണ്ടെന്നുമാണ് സെക്രട്ടറി നല്‍കിയ വിശദീകരണം. അതേസമയം, പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി വിവാദ ഭൂമി സന്ദര്‍ശിച്ചു. വിഷയത്തില്‍ കേസ് നടത്താന്‍ തയാറായി അഡ്വ. പി.എ പൗരനും മുന്നോട്ടുവന്നിട്ടുണ്ട്. കൃഷിഭൂമി സംരക്ഷിക്കുന്നതിനായി ഇടതു സര്‍ക്കാര്‍ പ്രത്യേക നയങ്ങള്‍ രൂപീകരിച്ചു മുന്നോട്ടുപോകുന്നതിനിടെ ഒരേക്കറോളം വരുന്ന നഞ്ചഭൂമി മണ്ണിട്ടു നികത്താന്‍ നോട്ടീസ് നല്‍കിയ പൊന്നാനി നഗരസഭാ സെക്രട്ടറിയുടെ നിലപാടിനെതിരേ പ്രതിഷേധം ശക്തമാകുകയാണ്. കൊതുകു നശീകരണത്തിനായി ഭൂമി മണ്ണിട്ടു നികത്താന്‍ സെക്രട്ടറി അനുമതി നല്‍കിയതു ഭൂമാഫിയയെ സഹായിക്കാനാണെന്നാണ് പ്രതിപക്ഷവും ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സി.പി.ഐയും ആരോപിക്കുന്നത്. ഇതിന്റെ ഭാഗമായി സെന്റിന് ഒരു ലക്ഷം രൂപവച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ടതായും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. എന്നാല്‍, നോട്ടീസ് നല്‍കിയ സംഭവത്തില്‍ തെറ്റുപറ്റിയെന്നും പിന്നീട് തിരുത്തിയുമെന്നാണ് സെക്രട്ടറിയുടെയും ഭരണസമിതിയുടെയും വാദം. സെക്രട്ടറിക്കെതിരേ നടപടി സ്വീകരിക്കുന്നതുവരെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷവും സി.പി.ഐയും. ഇതിന്റെ ഭാഗമായി വിവാദ ഭൂമിയില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ കൊടി നാട്ടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."