തുളസിമാല ചാര്‍ത്തി ബിനുവും ലക്ഷ്മിയും ജീവിതത്തിലേക്ക്
പത്തനാപുരം: അഗതിമന്ദിരത്തില്‍ ആര്‍ഭാടങ്ങളും ആചാരങ്ങളുമില്ലാതെ സമൂഹത്തിന് മാതൃകയായി ബിനു ലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. സ്വര്‍ണപൊലിപ്പും മേളകൊഴുപ്പും ഇല്ലാതെ ഗാന്ധിഭവനിലെ സ്‌നേഹമന്ദിറില്‍ തിങ്ങിനിറഞ്ഞ ബന്ധുക്കളും ഗാന്ധിഭവന്‍ കുടുംബാംഗങ്ങളും മാതൃകാ വിവാഹത്തിന് സാക്ഷികളായി.
പരവുര്‍ നെടുങ്ങോലം ലാല്‍ഭവനില്‍ ബാലചന്ദ്രന്‍-ലളിതാംബിക ദമ്പതികളുടെ മകന്‍ ബിനുലാലും കുന്നത്തൂര്‍ തുരുത്തിക്കര ലക്ഷ്മി ഭവനത്തില്‍ സുരേന്ദ്രന്‍-ശ്യമള ദമ്പതികളുടെ മകള്‍ സൂര്യലക്ഷ്മിയുമാണ് പുതുജീവിതത്തിലേക്ക് കടന്നത്. മൂന്നു വര്‍ഷത്തെ പ്രണയത്തിന്റെ പൂര്‍ത്തീകരണം ഗാന്ധിഭവനില്‍ യാഥാര്‍ഥ്യമാക്കാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.
പരമ്പരാഗതമായ വിവാഹവേദി വേണ്ടെന്നു വച്ചതും വിവാഹം ഗാന്ധിഭവനില്‍ തന്നെ നടത്തണമെന്ന് തീരുമാനിച്ചതും തുളസിയില മാത്രം കോര്‍ത്തതായിരിക്കണം മാലയെന്നും തുടങ്ങി എല്ലാം ബിനുവിന്റെയും ലക്ഷ്മിയുടെയം ആഗ്രഹമായിരുന്നു. ഇരുവരുടേയും മാതാപിതാക്കള്‍ പൂര്‍ണ പിന്തുണ നല്‍കി ഒപ്പം നിന്നപ്പോള്‍ സ്‌നേഹമന്ദിര്‍ അപൂര്‍വ വിവാഹത്തിന് സാക്ഷിയായി.
വധുവരന്മാരെ ഗാന്ധിഭവന്‍ സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജന്‍ പരിചയപ്പെടുത്തി. തുടര്‍ന്ന് എഴുന്നേറ്റുനിന്ന് ബിനു ലക്ഷ്മിയുടെ കഴുത്തില്‍ താലികെട്ടി. മുഖ്യാതിഥിയായിരുന്ന കെ. സോമപ്രസാദ് എം.പി എടുത്തുകൊടുത്ത തുളസിമാല ഇരുവരും അന്യോന്യം ചര്‍ത്തി.
ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഡോ.പി.കെ ഗോപന്‍, നടന്‍ ടി.പി മാധവന്‍, ഉല്ലാസ് കോവൂര്‍, കെ.വി ശ്രീനിവാസന്‍ കര്‍ത്ത, ലില്ലി കര്‍ത്ത, ജോസ് അമല്‍, രാജീവ് സൂര്യന്‍, പി.എസ് അമല്‍രാജ്, ജി. ഭുവനേചന്ദ്രന്‍, പ്രസന്ന സോമരാജന്‍ എന്നിവര്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. പരവൂരില്‍ 'ഐക്കാന്‍' എന്ന പേരില്‍ കോച്ചിങ് സെന്റര്‍ നടത്തി വരുകയാണ് ബിനുലാല്‍. സൂര്യലക്ഷ്മി ശാസ്താംകോട്ട ഡി.ബി കോളജില്‍ അസി. പ്രൊഫസറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."