ഹോട്ടലുകളിലെ വിലവര്‍ധനവിനെതിരേ യുവജന സംഘടനകള്‍ സമരത്തിന്
കുറ്റ്യാടി: ടൗണിലെ ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് ഏകപക്ഷീയമായി വില വര്‍ധിപ്പിച്ച ഹോട്ടല്‍ ഉടമകളുടെ നടപടിക്കെതിരേ യുവജനസംഘടനകള്‍ സമരത്തിനൊരുങ്ങുന്നു.
എണ്ണക്കടികള്‍ക്ക് എട്ടു രൂപയില്‍നിന്ന് 10 രൂപയും, പച്ചക്കറിക്ക് 15 രൂപയില്‍നിന്ന് 20 രൂപയും ഊണിന് 35 രൂപയില്‍ നിന്ന് 40-50 രൂപവരെയുമാണു യാതൊരു മുന്നറിയിപ്പുമില്ലാതെ വില വര്‍ധിപ്പിച്ചത്. ഹോട്ടലുടമകളും പഞ്ചായത്ത് അധികൃതരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമടങ്ങുന്ന ഉപഭോക്തൃ സമിതി നേരത്തെയുണ്ടാക്കിയ ധാരണകളെ കാറ്റില്‍പറത്തിയാണ് ഹോട്ടലുകളില്‍ വില വര്‍ധിപ്പിച്ചത്.
വെളിച്ചെണ്ണക്ക് കിലോക്ക് 190 രൂപ വിലയുള്ളപ്പോഴാണ് എണ്ണക്കടിക്ക് എട്ടു രൂപയാക്കിയത്. നിലവില്‍ വെളിച്ചണ്ണക്ക് കിലോക്ക് 100ല്‍ താഴെയാണു വില. ഉള്ളിക്കും തക്കാളിക്കും കിലോക്ക് 80 മുതല്‍ 90 വരെ വിലയുള്ളപ്പോഴാണു പച്ചക്കറിക്ക് 15 രൂപ വില ഈടാക്കിയത്. എന്നാല്‍ ഉള്ളി, തക്കാളി എന്നിവയുടെ നിലവിലത്തെ വില കിലോക്ക് 12 രൂപ മുതല്‍ 15 രൂപവരെയാണ്. തൊട്ടില്‍പാലം, മൊകേരി, കക്കട്ട് തുടങ്ങിയ സമീപപ്രദേശങ്ങളില്‍ പഴയ വില തന്നെ ഈടാക്കുമ്പോഴാണ് കുറ്റ്യാടിയിലെ ഹോട്ടലുകളില്‍ മാത്രം വില വര്‍ധിപ്പിച്ചത്.
ഹോട്ടലുകളില്‍ വര്‍ധിപ്പിച്ച വില കുറക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നു യുവജന സംഘടനകള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."