വെടിയേറ്റുവീഴുന്നു ടാബ്ലോയിഡുകള്‍
ഗോപാലന് 'നക്കീരന്‍', രാജേന്ദ്രന് 'നവാബ് ' എന്നിങ്ങനെ നമ്മുടെ സാമൂഹ്യ ജീവിതത്തിലെ അനിതര സാധാരണമായ ടാബ്ലോയിഡ് സാന്നിധ്യമാണ് ഗൗരിയുടെ 'ലങ്കേഷ് പത്രികെ'. അതുകൊണ്ടു തന്നെ ഭീഷണികള്‍ക്കു വഴങ്ങാതെ, നിലപാടുകള്‍ക്കു കെട്ടുറപ്പു നല്‍കി, പുരോഗമനത്തെ പാടിനടന്ന ഒരു ഉരുക്കുവനിതയെ മാത്രമല്ല ഗൗരി ലങ്കേഷിന്റെ വധത്തിലൂടെ നമുക്കു നഷ്ടമായിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ അന്യംനിന്നു കൊണ്ടിരിക്കുന്ന ടാബ്ലോയിഡ് സാംസ്‌കാരികതയെന്ന അതിശക്തമായ വിമര്‍ശനാത്മക ഇടപെടലുകളുടെ വക്താവിനെ കൂടിയാണ്.
ബംഗളൂരു സര്‍വകലാശാലാ പ്രൊഫസറും കവിയും എഴുത്തുകാരനുമായ പി. ലങ്കേഷ് 1980ലാണ് 'ലങ്കേഷ് പത്രികെ' സ്ഥാപിക്കുന്നത്. അധ്യാപക ജോലി രാജിവച്ച്, 2000ല്‍ മരണപ്പെടുന്നതുവരെ അദ്ദേഹം അതിന്റെ പത്രാധിപരായി പ്രവര്‍ത്തിച്ചു. വര്‍ഗീയതയ്ക്കും ജാതി വിരുദ്ധതയ്ക്കുമെതിരേയുള്ള സാധാരണക്കാരന്റെ ശബ്ദമായി മാറിയ ഈ ടാബ്ലോയിഡിന്റെ വിജയത്തിന്റെ ഇടവഴിയിലുടനീളം അദ്ദേഹം തന്റെ മകളായ ഗൗരിയെക്കൂടി സ്വതന്ത്രവിഹാരത്തിനു വിട്ടുകൊടുത്തു. 2005ലാണ് ഗൗരി എന്ന 'ഫയര്‍ബ്രാന്‍ഡ് ' ജേണലിസ്റ്റ് ഈ ടാബ്ലോയിഡിന്റെ മുഖ്യ ചുമതലക്കാരിയായി മാറുന്നത്. അജ്ഞാതരുടെ വെടിയുണ്ടകളേറ്റു മരിച്ച സെപ്റ്റംബര്‍ അഞ്ചിലെ ആ ഭീകരരാത്രി വരെയുള്ള അവരുടെ ജീവിതം ടാബ്ലോയിഡിലൂടെയുള്ള, ഒരിക്കലും ചോരാത്ത പോരാട്ടം തന്നെയായിരുന്നു.
നിര്‍ഭയമായി മതസൗഹാര്‍ദത്തിനുവേണ്ടി സജീവമാകാന്‍ ഉല്‍ഘോഷിച്ച, ഒരു ടാബ്ലോയിഡ് സംസ്‌കാരം കൂടിയാണ് ഗൗരി ലങ്കേഷിന്റെ അപ്രത്യക്ഷമാകലിലൂടെ ഇല്ലാതാകുന്നത്. സെന്‍സേഷനല്‍ ക്രൈം സ്റ്റോറികളും ജ്യോതിഷവും സെലിബ്രിറ്റി ഗോസിപ്പുകളും നിറഞ്ഞ ന്യൂസ് സ്റ്റോറികള്‍ ടാബ്ലോയിഡ് സ്‌പ്രെഡ്ഷീറ്റില്‍ വായിക്കുന്നതിനു നാം മലയാളികളും വിമുഖരാണ്. ബ്രോഡ്ഷീറ്റില്‍നിന്നു പകുതിയാക്കി, 17 ബൈ 11 ഇഞ്ചില്‍ ചുരുക്കിയ ടാബ്ലോയിഡ് പാശ്ചാത്യ ലോകത്തുള്ളതുപോലെ നമ്മുടെ വായനാ സംസ്‌കാരത്തിന്റെ മുഖ്യധാരയില്‍ ഇനിയും വലിയ സാന്നിധ്യമുറപ്പിച്ചിട്ടില്ല. ആഴ്ചപ്പതിപ്പുകളും വാരാന്തപ്പതിപ്പുകളും നിരവധിയുണ്ടെങ്കിലും അവ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ പലപ്പോഴും ടാബ്ലോയിഡുകളുടെ സ്വഭാവത്തില്‍പ്പെടുന്ന വിഷയങ്ങളല്ല. ഏതാനും ചില സായാഹ്നപത്രങ്ങള്‍ സമ്മാനിക്കുന്ന മഞ്ഞവാര്‍ത്തകള്‍, സ്വതവേ 'യെല്ലോ സൈക്കിക് ' ആയ ഒരു ശരാശരി മലയാളിയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോരുന്നതുമല്ല. കന്നഡ ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന 'ലങ്കേഷ് പത്രികെ' ടാബ്ലോയിഡുകളുടെ 'മഞ്ഞപ്പേരുദോഷം' മാറ്റിയ ഒന്നു കൂടിയായിരുന്നു.
സമൂഹത്തിലെ ചില പൊതുവിഷയങ്ങളെ ടാബ്ലോയിഡ് എന്ന മാധ്യമത്തിലൂടെ എങ്ങനെ പ്രശ്‌നവല്‍ക്കരിക്കാം എന്നതാണ് ഗൗരി ലങ്കേഷ് എന്ന തുറന്നെഴുത്തുകാരി പത്രപ്രവര്‍ത്തകയിലൂടെ സമകാലിക ഇന്ത്യ വീക്ഷിച്ചുകൊണ്ടിരുന്നത്. 'വെടിപറഞ്ഞിരിക്കുന്നവരിലേക്കു വെടിപൊട്ടിക്കുന്ന വിഷയങ്ങള്‍ വെടിപ്പായി പറയുക' എന്നതായിരുന്നു അവരുടെ ലൈന്‍. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ അസഹിഷ്ണുതയിലൂടെ മാത്രം നോക്കിക്കണ്ട ഫാസിസ്റ്റ് ചിന്താഗതിക്കാരുടെ ഭീഷണികള്‍ അതുകൊണ്ടു തന്നെ, അവര്‍ കാര്യമാക്കിയില്ല.
ലണ്ടനിലെ ബറോസ് വെല്‍കം കമ്പനി, 1880ല്‍ മാര്‍ക്കറ്റിലിറക്കിയ ഒരു ടാബ്‌ലറ്റില്‍നിന്നാണു ഞെങ്ങിഞെരുക്കിയ രീതിയില്‍ തയാറാക്കപ്പെട്ട, വാര്‍ത്താശകലങ്ങള്‍ കുത്തിനിറച്ച ടാബ്ലോയിഡുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. യൂറോപ്പും അമേരിക്കയും, ഇന്ദ്രിയാസക്തി മറച്ചുവയ്ക്കാന്‍ ഇഷ്ടപ്പെടാത്ത മനോഘടനയുള്ളവരാണെങ്കില്‍ കൂടിയും ഈ പുതിയ 'മാധ്യമയിന'ത്തെ നെഞ്ചേറ്റി ആഘോഷിച്ചു. ദ ഡെയിലി മെയില്‍, ദ ടൈംസ്, ദി ഇന്‍ഡിപ്പെന്‍ഡന്റ് തുടങ്ങി നിരവധി ടാബ്ലോയിഡുകള്‍ ഇന്നും ഇവിടങ്ങളില്‍ സജീവമാണ്. സമൂഹമാധ്യമങ്ങളിലും ടെലിവിഷന്‍ ചര്‍ച്ചകളിലും മറ്റും സജീവമായിരുന്നുവെങ്കിലും ഗൗരിയെന്ന 'തെറിച്ച പെണ്ണ് ', ഇനിയും ഇന്ത്യന്‍ സാമൂഹിക പരിസരത്തില്‍ ആഴത്തില്‍ സ്വാധീനിക്കാത്ത മാധ്യമമായ ടാബ്ലോയിഡിലൂടെ അധാര്‍മികതയ്‌ക്കെതിരേ നടത്തിയ ചെറുത്തു നില്‍പിന്റെ ശ്രമങ്ങള്‍ കൂടിയാണ് അവശേഷിപ്പിച്ചു പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."