പുഞ്ചിരിയില്ലാത്തവന് പുഞ്ചിരി കൊടുക്കൂ
'അച്ഛാ, എന്തുകൊണ്ടാണ് എന്നോട് ആരും ചിരിക്കാത്തത്. കാണുന്നവരൊക്കെ മുഖം ചുളിക്കുകയാണല്ലോ..'-വൈകുന്നേരം വീട്ടിലെത്തിയ മകന്‍ അച്ഛനോട് പരാതി പറഞ്ഞു.
അപ്പോള്‍ അച്ഛന്‍ പറഞ്ഞു: 'അതിനു മോന്‍ ഒരു കാര്യം ചെയ്താല്‍ മതി. നാളെ മുതല്‍ കാണുന്നവരോടൊക്കെ ചിരിക്കുക. ചിരിക്കാന്‍ തോന്നുന്നില്ലെങ്കിലും ചിരിക്കുക..'
'എന്നോട് ചിരിക്കാത്തവരോട് ഞാന്‍ അങ്ങോട്ട് ചിരിക്കണമെന്നോ...?'
'അതെ, മോന്‍ ചിരിച്ചുനോക്ക്. അപ്പോള്‍ എന്തു സംഭവിക്കുമെന്ന് കാണാമല്ലോ..'
അച്ഛന്റെ നിര്‍ദേശാനുസാരം അടുത്ത ദിവസം മുതല്‍ അവന്‍ ചിരിക്കാന്‍ തുടങ്ങി. ആരെയും പുഞ്ചിരിയോടെ മാത്രം സമീപിച്ചു. ആത്മാര്‍ഥമായ പുഞ്ചിരിയല്ല, പരീക്ഷണാര്‍ഥമുള്ള കൃത്രിമ പുഞ്ചിരി.
അത്ഭുതമെന്നു പറയട്ടെ, ഫലം പ്രതീക്ഷിക്കാത്തതായിരുന്നു. അതുവരെ അവനെ കാണുമ്പോള്‍ മുഖംചുളിച്ചവര്‍ അതുമുതല്‍ ആത്മാര്‍ഥമായി പുഞ്ചിരിക്കാന്‍ തുടങ്ങി. ഈ വമ്പിച്ച മാറ്റംകണ്ടപ്പോള്‍ അവനു വല്ലാത്ത അത്ഭുതം. ഒപ്പം എന്തെന്നില്ലാത്ത സന്തോഷവും.
വീട്ടിലെത്തിയപ്പോള്‍ അവന്‍ അച്ഛനോട് പറഞ്ഞു: 'അച്ഛാ, അങ്ങയുടെ തന്ത്രം ഉഗ്രന്‍തന്നെ. ഇന്ന് എല്ലാവരും എന്നോട് ചിരിച്ചു.'
അപ്പോള്‍ അച്ഛന്‍ അഭിമാനത്തോടെ: 'അതുതന്നെയല്ലേ ഞാന്‍ പറഞ്ഞത്.. പുഞ്ചിരിച്ചാല്‍ പുഞ്ചിരി കിട്ടുമെന്ന്..'
'എന്തുകൊണ്ടാണ് അങ്ങനെ കിട്ടുന്നത്. എന്താണ് അതിനു പിന്നിലുള്ള രഹസ്യം..?'-അവന് അറിയാന്‍ ആകാംക്ഷയായി.
അച്ഛന്‍ പറഞ്ഞു: 'പിന്നില്‍ വലിയ രഹസ്യമൊന്നുമില്ല. വെളിച്ചം കത്തിച്ചാലല്ലേ കത്തുകയുള്ളൂ. കത്തിക്കാതെ കത്തണമെന്നു കൊതിച്ചാല്‍ നടക്കുമോ..? ലൈറ്റ് ഓണ്‍ ചെയ്താല്‍ മാത്രമേ ലൈറ്റ് പ്രകാശിക്കുകയുള്ളൂ. ഓണ്‍ ചെയ്യാതെ ബള്‍ബ് പ്രകാശിക്കണമെന്നു പറഞ്ഞാല്‍ നടക്കുമോ...?'
'പറഞ്ഞത് മനസിലായില്ല..'
'അതായത്, മറ്റൊരാളുടെ മുഖത്ത് പുഞ്ചിരിയുടെ പ്രകാശം കാണണമെന്ന് നിനക്കു നിര്‍ബന്ധമുണ്ടെങ്കില്‍ ആ പ്രകാശം കത്തിക്കേണ്ടത് അയാളല്ല, നീയാണ്. നീ നിന്റെ മുഖത്തെ പുഞ്ചിരിയൊന്ന് സ്വിച്ച് ഓണ്‍ ചെയ്യുക. അപ്പോള്‍ മറുഭാഗത്തുള്ള ആളുടെ മുഖത്ത് വെട്ടിത്തിളങ്ങുന്ന പ്രകാശം പോലെ പുഞ്ചിരി വിടരും. എത്രനേരം സ്വിച്ച് ഓണാക്കിയിടുന്നോ അത്ര നേരമായിരിക്കും അതു നീണ്ടുനില്‍ക്കുക. അപ്പോള്‍ എന്നോട് ചിരിക്കാത്തവരോട് ഞാന്‍ അങ്ങോട്ടും ചിരിക്കുകയില്ലെന്നു പറയുന്നത് ഒരര്‍ഥത്തില്‍ പ്രകാശം കത്താതെ ഞാന്‍ സ്വിച്ച് ഓണാക്കുകയില്ലെന്നു പറയുന്നതുപോലെയാണ്. അതിലും വലിയ വിഡ്ഢിത്തം വേറെന്താണുള്ളത്...?'
പണമില്ലാത്തവനു പണം കൊടുത്തു നാം സഹായിക്കാറുണ്ട്. സഹായിക്കുമ്പോള്‍ അയാള്‍ പണമുള്ള ആളായി മാറും. വീടില്ലാത്തവനു വീട് നിര്‍മിച്ചുകൊടുക്കുമ്പോള്‍ അയാള്‍ വീടുള്ളവനായി തീരും. വാഹനമില്ലാത്തവനു വാഹനം വാങ്ങിച്ചുകൊടുക്കുമ്പോള്‍ അയാള്‍ വാഹനമുള്ള ആളായി. അറിവില്ലാത്തവന് അറിവ് നല്‍കുമ്പോള്‍ അയാള്‍ അതുമുതല്‍ അറിവുള്ളവന്‍. എങ്കില്‍ മുഖത്ത് പുഞ്ചിരിയില്ലാത്തവനു പുഞ്ചിരി കൊടുത്താല്‍ അയാള്‍ പുഞ്ചിരിക്കുന്നവനായി മാറില്ലേ..? സ്‌നേഹമില്ലാത്തവനു സ്‌നേഹം കൊടുത്താല്‍ അയാള്‍ സ്‌നേഹമുള്ളവനായി തീരില്ലേ...? കരുണയില്ലാത്തവനു കരുണ കൊടുത്താല്‍ കരുണയുള്ളവനായി കാണപ്പെടില്ലേ..?
കുറവുകളെ നിലനിര്‍ത്തുമ്പോഴല്ല, നികത്തുമ്പോഴാണു കുറവുകള്‍ ഇല്ലാതാകുക. കറിയില്‍ ഉപ്പില്ലെങ്കില്‍ ഉപ്പിടാതെ ഉപ്പില്ലായ്മയെ കുറ്റം പറയലല്ല, ആവശ്യമായ അളവില്‍ ഉപ്പ് ചേര്‍ക്കലാണ് അതിനുള്ള പരിഹാരം. റൂമില്‍ വെളിച്ചമില്ലെങ്കില്‍ വെളിച്ചം കൊളുത്താതെ ഇരുട്ടിനെ പഴിച്ചിട്ടു കാര്യമില്ല. വെളിച്ചം കൊളുത്തിയാല്‍ വെളിച്ചം കിട്ടും. ഇരുട്ടിനെ പഴിച്ചിരുന്നാല്‍ ഇരുട്ടും കിട്ടും.
മറ്റുള്ളവന്റെ മുഖത്ത് പുഞ്ചിരിയുടെ കുറവ് കാണുന്നുണ്ടെങ്കില്‍ ആ കുറവ് നാം നികത്തിക്കൊടുക്കുക. വകയില്ലാത്തവനു വക കൊടുത്താല്‍ അയാള്‍ വകയുള്ളവനായി മാറുന്നപോലെ പുഞ്ചിരിയില്ലാത്തവനു പുഞ്ചിരി കൊടുത്താല്‍ അയാള്‍ പുഞ്ചിരിക്കുന്നവനായി മാറും.
എന്തുകൊണ്ട് ആളുകള്‍ എന്നെ സ്‌നേഹിക്കുന്നില്ലെന്നു പരാതി പറഞ്ഞു നടക്കേണ്ട. ആളുകളുടെ ഭാഗത്ത് സ്‌നേഹത്തിന്റെ കുറവ് കാണുന്നുവെങ്കില്‍ ആ കുറവ് നാം നികത്തിക്കൊടുക്കുക. സ്‌നേഹമില്ലാത്തവനു സ്‌നേഹം കൊടുത്ത് സഹായിക്കുക. അപ്പോള്‍ അയാള്‍ സ്‌നേഹിതനായി മാറും. ശത്രുക്കളെപ്പോലും മിത്രമാക്കാനുള്ള മരുന്നാണീ പറഞ്ഞത്. സ്‌നേഹം കൊടുക്കാതെ സ്‌നേഹം കിട്ടണമെന്നു പറഞ്ഞു പരാതിപ്പെട്ടിട്ടു കാര്യമില്ല. ചായയില്‍ മധുരമില്ലെങ്കില്‍ മധുരം ചേര്‍ക്കാതെ മധുരമില്ലായ്മയെ പഴിച്ചിട്ടെന്തു കാര്യം..?
മഹാന്മാര്‍ക്ക് ശത്രുക്കളനേകമുണ്ടാകുമെങ്കിലും അവര്‍ക്ക് ആരോടും ശത്രുതയുണ്ടായിരിക്കില്ലെന്നു പറയാറുണ്ട്. ഒരാള്‍ മഹാനാണെന്നതിനുള്ള ഏറ്റവും പ്രധാന ലക്ഷണങ്ങളിലൊന്ന് അതുതന്നെയാണ്. വെളിച്ചമില്ലാത്തിടത്ത് അവര്‍ വെളിച്ചം കത്തിക്കും. കത്തിച്ചിട്ടും കത്തുന്നില്ലെങ്കില്‍ വീണ്ടും കത്തിക്കും. കത്തുന്നതുവരെ അവര്‍ കത്തിച്ചുകൊണ്ടിരിക്കും. എത്ര സമയം പിടിച്ചാലും ഇരുട്ടിനെ പഴിച്ചു സമയം കളയാന്‍ അവരുണ്ടാകില്ല. സ്‌നേഹം കൊടുത്തിട്ടും സ്‌നേഹം കിട്ടുന്നില്ലെങ്കില്‍ വീണ്ടും കൊടുക്കും. സ്‌നേഹം ഉണ്ടാകുന്നതുവരെ കൊടുക്കും. എന്തു തന്നെയായാലും ശത്രുത കാണിക്കുന്നവനെ സ്‌നേഹം തിരിച്ചുതരാത്തവനാണെന്നു പറഞ്ഞ് അവര്‍ പ്രതിപക്ഷത്താക്കുകയില്ല.
ഇല്ലാത്തവന് കൊടുക്കാനാണ് ആളുകള്‍ വേണ്ടത്. പുഞ്ചിരി തരുന്നവന് പുഞ്ചിരി കൊടുക്കാന്‍ ആളുകളനേകമുണ്ട്. പക്ഷേ, പുഞ്ചിരി ഇല്ലാത്തവന് പുഞ്ചിരി കൊടുക്കാന്‍ ആളുകള്‍ വളരെ തുച്ഛം. ആ കുറവ് നികത്തിക്കിട്ടിയാല്‍ ലോകത്ത് അനാവശ്യമായ യുദ്ധങ്ങളെല്ലാം അവസാനിക്കും. കലഹങ്ങളും കലാപങ്ങളും കാലയവനികയ്ക്കുള്ളില്‍ മറയും. എല്ലാവരും ഏകോദരസഹോദരങ്ങളായി വാഴുന്ന സുസ്ഥിതി സംജാതമാകും. പരസ്പരം കൊണ്ടും കൊടുത്തും സഹകരിക്കുന്ന ലോകം സ്വര്‍ഗസമാനം തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."