പണവും കാറും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍
ആറ്റിങ്ങല്‍: കെട്ടിടനിര്‍മാണ കമ്പനിയില്‍ ജോലിചെയ്യുന്നതിനിടെ പണവും കാറും തട്ടിയെടുത്ത യുവാവിനെ ആറ്റിങ്ങല്‍ പൊലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മുട്ടത്തറ ശ്രീവരാഹം ആശാനഗര്‍ കെട്ടിടത്തില്‍ വീട്ടില്‍ ബാബാപ്രസാദ് (43) ആണ് അറസ്റ്റിലായത്.
ആറ്റിങ്ങല്‍ ഊരുപൊയ്ക മങ്കാട്ടുമൂല വിക്രം നിവാസില്‍ അനില്‍കുമാറിന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എം.ജെ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കമ്പനിയുടെ ചെയര്‍മാനാണ് അനില്‍കുമാര്‍.
ഈ കമ്പനിക്ക് കൊച്ചിയിലും തിരുവനന്തപുരം പൊട്ടക്കുഴിയിലും ശാഖകളുണ്ട്. ഒന്നര വര്‍ഷം മുന്‍പാണ് തിരുവനന്തപുരത്ത് കമ്പനി ശാഖ തുടങ്ങിയത്. ഈ ഓഫിസില്‍ എക്‌സിക്യൂട്ടീവ് ഡയരക്ടറായി ജോലിചെയ്തിരുന്നയാളാണ് ബാബാപ്രസാദ്.
അടുത്തിടെ അനില്‍കുമാര്‍ ഓഫിസില്‍ നടത്തിയ പരിശോധനയില്‍ ഇവിടെ പണം തിരിമറി നടന്നതായി കണ്ടെത്തിയിരുന്നു. 38 ലക്ഷം രൂപയുടെ തിരിമറി നടന്നതായാണ് കണ്ടെത്തിയത്.
ഈ പണവും ഓഫിസുപയോഗത്തിനായി വാങ്ങിനല്‍കിയിരുന്ന ഇന്നോവ കാറും മടക്കി നല്‍കണമെന്ന് ബാബാപ്രസാദിനോട് ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയാറായില്ല.
ഇതേത്തുടര്‍ന്നാണ് അനില്‍കുമാര്‍ ആറ്റിങ്ങല്‍ പൊലിസില്‍ പരാതി നല്‍കിയത്. ബാബ പ്രസാദിന്റെ ഭാര്യവീട് ആറ്റിങ്ങല്‍ കാട്ടുംപുറത്താണ്. ഇയാള്‍ ഭാര്യ വീട്ടില്‍ എത്തി എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്.ഐ തന്‍സീം അബ്ദുസമദിന്റെ നേതൃത്വത്തില്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."