അനധികൃത ഭക്ഷ്യനിര്‍മാണ കേന്ദ്രങ്ങള്‍ നിരവധി: ആരോഗ്യസുരക്ഷ ഭീഷണിയില്‍
നാദാപുരം: ബേക്കറികളിലേക്കും ഹോട്ടലുകളിലേക്കും ഭക്ഷ്യ വസ്തുക്കള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന അനധികൃത കേന്ദ്രങ്ങള്‍ പെരുകുന്നു. നിര്‍മാണത്തിലെ അപാകതകള്‍ കാരണം ഇത്തരം വസ്തുക്കള്‍ വാങ്ങിക്കഴിക്കുന്നവരുടെ ആരോഗ്യനിലയെ ഇത് സാരമായി ബാധിക്കുന്നു.
ബേക്കറി പലഹാരങ്ങളില്‍ പലതും ഇടനിലക്കാരുടെ നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് വിതരണത്തിന് എത്തുന്നവയായതിനാല്‍ ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാറില്ല. നിര്‍മാണ തിയതിയും ഉപയോഗിക്കാവുന്ന കാലാവധിയും ലേബലിനു മുകളില്‍ ഉണ്ടായിരിക്കണമെന്നാണ് നിയമം. കുടില്‍ വ്യവസായ രൂപത്തിലും കരാടിസ്ഥാനത്തിലും നിര്‍മിക്കുന്നവയായതിനാല്‍ ഇവയില്‍ ഇത്തരം രേഖപ്പെടുത്തലുകളൊന്നും ഉണ്ടാകാറില്ല.
ഭക്ഷ്യ വിഷബാധയും ആരോഗ്യ പ്രശ്‌നങ്ങളും ഉടലെടുക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിഷേധം തണുപ്പിക്കാന്‍ ആരോഗ്യവകുപ്പ് ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്ന കടക്കെതിരേയും ഉടമകള്‍ക്കെതിരേയും നടപടിയെടുക്കുകയാണ് പതിവ്. എന്നാല്‍ ഇവ നിര്‍മാണം നടത്തുന്ന കേന്ദ്രങ്ങളില്‍ പരിശോധന നടത്താനോ ഇവര്‍ക്കെതിരേ നടപടിയെടുക്കാനോ അധികൃതര്‍ തയാറാകുന്നില്ല. മേഖലയില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കഴിച്ചതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ക്കാണ് ഭക്ഷ്യ വിഷബാധഏറ്റത്.
കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധക്കിടയാക്കിയ കല്ലാച്ചിയിലെ ബേക്കറി പഞ്ചായത്തും ആരോഗ്യ വകുപ്പും ചേര്‍ന്ന് ലൈസന്‍സ് റദ്ദു ചെയ്യുകയും ഉടമക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പുറമെ വൃത്തിഹീനമായ ചുറ്റുപാടിലാണ് ഇവ നിര്‍മിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."