നടവയല്‍ പഞ്ചായത്ത് രൂപീകരണം; കാത്തിരുന്ന് ജനം
നടവയല്‍: പഞ്ചായത്ത് രൂപീകരണത്തിനായുള്ള നടവയലുകാരുടെ കാത്തിരിപ്പ് നീളുന്നു.
രണ്ട് തവണ പഞ്ചായത്ത് പ്രഖ്യാപനം വന്നിട്ടും അവസാന നിമിഷം കോടതി ഉത്തരവിനെ തുടര്‍ന്ന് നടപടികള്‍ സ്തംഭിച്ചതാണ് നാട്ടുകാരുടെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ചത്.
ജില്ലയിലെ തന്നെ പഴക്കം ചെന്നതും ആദ്യത്തെ കുടിയേറ്റ കേന്ദ്രവുമായ നടവയല്‍ കേന്ദ്രമാക്കി പഞ്ചായത്ത് രൂപീകരിക്കുക എന്ന സ്വപ്‌നം യാഥാര്‍ഥ്യമാവുന്നതും കാത്ത് ജനങ്ങള്‍ കാത്തിരിപ്പ് തുടരുകയാണ്.
മൂന്ന് പഞ്ചായത്തുകളുടെ അതിര്‍ത്തി ടൗണ്‍, രണ്ട് പൊലിസ് സ്റ്റേഷന്‍ അതിര്‍ത്തി, മൂന്ന് നിയമസഭ മണ്ഡലങ്ങളുടെ അതിര്‍ത്തി, രണ്ട് ടെലഫോണ്‍ എക്‌സേഞ്ചുകളുടെ അതിര്‍ത്തി എന്ന് വേണ്ടാ എല്ലാ കാര്യങ്ങളിലും നടവയലിന്റെ വിശേഷണങ്ങള്‍ ഏറെയുണ്ട്.
സംസ്ഥാനത്ത് മൂന്ന് പഞ്ചായത്തുകളില്‍പെട്ട് കിടക്കുന്ന ഒരു പ്രദേശം ഉണ്ടെങ്കില്‍ അത് നടവയല്‍ മാത്രമാണ്.
ഇക്കാരണം കൊണ്ട് തന്നെ ഒരു വികസന പ്രവര്‍ത്തനങ്ങളും നടവയലിലേക്ക് എത്തുന്നില്ല.
പൂതാടി, പനമരം, കണിയാമ്പറ്റ, പഞ്ചായത്തുകളുടെ അതിര്‍ത്തി വാര്‍ഡുകള്‍ തിരിയുന്നത് നടവയല്‍ ടൗണിന് നടുവിലൂടെയാണ്. ഒരേ നാട്ടിലെ ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്ക് വെവ്വേറെ പഞ്ചായത്തുകളില്‍ പോകേണ്ട ഗതികേട് നടവയലുകാര്‍ക്ക് മാത്രമേ ഉള്ളു.
മറ്റു പഞ്ചായത്ത് കാര്‍ക്ക് ഒരു എം.എല്‍.എ ഉള്ളപ്പോള്‍ നടവയല്‍കാര്‍ക്ക് മൂന്ന് എം.എല്‍.എമാര്‍ ഉണ്ടന്നുള്ളത് ഒരു നോട്ടമാണ്.
ഇതിനൊക്കെ പരിഹാരം കാണുന്നതിന് വേണ്ടിയാണ് മൂന്ന് പഞ്ചായത്തുകളില്‍ പെട്ട് കിടക്കുന്ന വാര്‍ഡുകള്‍ വിഭജിച്ച് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടവയല്‍ ആസ്ഥാനമായി പഞ്ചായത്ത് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് പുതിയതായി അനുവദിച്ച പഞ്ചായത്തുകളുടെ വിഭജനത്തില്‍ വന്ന പോരായ്മകള്‍ ചോദ്യം ചെയ്ത് ഹര്‍ജി കോടതിയില്‍ എത്തിയതിനെ തുടര്‍ന്ന് അനുവദിച്ച പഞ്ചായത്തുകള്‍ എല്ലാം കോടതി സ്‌റ്റേ ചെയ്തു.
ഇതില്‍ നടവയല്‍ പഞ്ചായത്തും ഉള്‍പെട്ടതോടെയാണ് പഞ്ചായത്ത് എന്ന സ്വപ്‌നം നാട്ടുകാര്‍ക്ക് നഷ്ട്ടമായത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കിലും പഞ്ചായത്ത് എന്ന നടവയലുകാരുടെ സ്വപ്‌നത്തിന് ചിറക് വിടര്‍ത്താന്‍ ഇതുവരെ ശ്രമമാരംഭിച്ചിട്ടില്ല.
നടവയല്‍ പഞ്ചായത്ത് രൂപീകരണത്തിന് ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."